'റഷ്യയുമായി യുദ്ധം അവസാനിപ്പിക്കണം, അതിനായി എല്ലാ വഴികളും നോക്കും': യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി
റഷ്യയുമായി സമാധാന കരാറിലെത്തുന്നതിൽ സെലൻസ്കി താത്പര്യപ്പെടുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
കീവ്: സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി. ഇതിനായി ക്രിയാത്മകമായ ചർച്ച നടത്താൻ യുക്രൈന്‍ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ വഴികളും നോക്കുമെന്നും സെലൻസ്കി പറഞ്ഞു.
റഷ്യയുമായി സമാധാന കരാറിലെത്തുന്നതിൽ സെലൻസ്കി താത്പര്യപ്പെടുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'' ഈ യുദ്ധത്തിന്റെ ആദ്യ നിമിഷം മുതൽ തന്നെ യുക്രെയ്ൻ സമാധാനം തേടുകയാണ്. യാഥാർത്ഥ്യബോധമുള്ള നിർദ്ദേശങ്ങൾ മേശപ്പുറത്തുണ്ട്. വേഗത്തില്‍ അത് നടപ്പാക്കുകയാണ് വേണ്ടതെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ സെലന്‍സ്കി വ്യക്തമാക്കി.
അതേസമയം അടുത്തയാഴ്ച സൗദി അറേബ്യ സന്ദർശിക്കുമെന്നും തിങ്കളാഴ്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യുക്രൈനിന്റെ നയതന്ത്ര, സൈനിക പ്രതിനിധികൾ യുഎസ് സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്നും സെലൻസ്കി വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി ആൻഡ്രി സിബിയ, സെലൻസ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക്, പ്രതിരോധ മന്ത്രി റുസ്തെം ഉമറോവ് എന്നിവരാണ് യുക്രൈയ്നിന്റെ പ്രതിനിധി സംഘത്തിലുണ്ടാവുക.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സെലെൻസ്‌കിയും വൈറ്റ് ഹൗസിൽ 'ഏറ്റുമുട്ടിയതിന്' ദിവസങ്ങൾക്ക് ശേഷമാണ് യുഎസ്-യുക്രൈൻ ചർച്ച സൗദിയിൽ അരങ്ങേറുന്നത്. യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിനുള്ള ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി യുക്രൈൻ നേതാക്കളെ കാണുമെന്ന് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചിരുന്നു.