'യുക്രൈൻ പൗരനാണോ അഭിപ്രായം പറയാൻ': രാജിവെക്കണമെന്ന യുഎസ് സെനറ്ററുടെ ആവശ്യത്തിന് സെലൻസ്‌കിയുടെ മറുപടി
''ആദ്യം ഞാൻ അയാൾക്ക് യുക്രൈന്റെ പൗരത്വം നൽകാം. അദ്ദേഹം യുക്രൈൻ പൗരനായാൽ, അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വിലയുണ്ട്''
വ്‌ളോദിമിർ സെലൻസ്‌കി- ലിൻഡ്‌സി ഗ്രഹാം
ന്യൂയോർക്ക്: പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന യുഎസ് സെനറ്റർ ലിൻഡ്‌സി ഗ്രഹാമിന്റെ ആവശ്യത്തിന് ചുട്ടമറുപടിയുമായി യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കി. അയാളുടെ അഭിപ്രായം പരിഗണനയ്ക്ക് എടുക്കണം എന്നുണ്ടെങ്കിൽ ആദ്യം യുക്രൈൻ പൗരത്വം എടുക്കട്ടേയെന്ന് സെലൻസ്‌കി പറഞ്ഞു.
അത് എടുത്തിട്ട് ബാക്കി കാര്യം സംസാരിക്കാമെന്നും സെലൻസ്‌കി വ്യക്തമാക്കി. സൗത്ത് കരോലിനയിൽ നിന്നുള്ള അംഗമാണ് ലിൻഡ്‌സെ ഗ്രഹാം.
'ആദ്യം ഞാൻ അയാൾക്ക് യുക്രൈന്റെ പൗരത്വം നൽകാം. അദ്ദേഹം യുക്രൈൻ പൗരനായാൽ, അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വിലയുണ്ട്. ആ നിലക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയുന്നതിനെക്കുറിച്ചും ആരായിരിക്കണം അടുത്ത പ്രസിഡന്റ് എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തെ ഞാൻ കേൾക്കം' - സെലൻസ്‌കി വ്യക്തമാക്കി. ലിൻഡ്‌സി ഗ്രഹാമിന്റെ അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു സെലന്‍സ്കിയുടെ മറുപടി.
അതേസമയം സെലൻസ്‌കിയുടെ ഈ കമന്റിനും അദ്ദേഹം മറുപടി നൽകി. യുക്രൈനിൽ അടുത്ത തെരഞ്ഞെടുപ്പ് നടക്കുംവരെ ആർക്കും ശബ്ദിക്കാനാവില്ലെന്നായിരുന്നു ലിൻഡ്‌സി ഗ്രഹാമിന്റെ മറുപടി. യുക്രൈനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ലിൻഡ്‌സി ഗ്രഹാം ഇപ്പോൾ സെലൻസ്‌കിയുടെ കടുത്ത വിമർശകനാണ്.
അതേസമയം യുഎസ് പ്രസിഡന്‍റ് ട്രംപും ജെഡി വാൻസും വൈറ്റ് ഹൗസിൽ വ്ളോദിമിർ സെലെൻസ്‌കിയുമായി നടത്തിയ ചൂടന്‍ കൂടിക്കാഴ്ചക്കു ശേഷം യുഎസിലുടനീളം യുക്രെയ്ൻ അനുകൂല പ്രകടനങ്ങൾ അരങ്ങേറി. ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, ബോസ്റ്റൺ എന്നിവിടങ്ങളിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി. ഓവൽ ഓഫിസിലെ തർക്കത്തിനുശേഷം അവർ യുക്രെയ്ന് പിന്തുണ അറിയിച്ചു.