'യുദ്ധം അവസാനിപ്പിക്കാൻ ത്രിരാഷ്ട്ര സമാധാന ശ്രമങ്ങൾക്ക് തയ്യാര്‍';ട്രംപിന് നന്ദി പറഞ്ഞ് സെലന്‍സ്കി
യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് അറിയിച്ചു
വാഷിങ്ടണ്‍: യുക്രൈൻ -റഷ്യ സമാധാന കരാർ യാഥാർഥ്യമാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ളാഡ്മിര്‍ സെലൻസ്കിയും തമ്മിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. നിർണായക കൂടിക്കാഴ്ചയിൽ യൂറോപ്യൻ നേതാക്കളും പങ്കെടുത്തു.
കഴിഞ്ഞ പതിനഞ്ചിന് അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ട്രംപ് നടത്തിയ ചർച്ചയിൽ വെടിനിർത്തലിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സെലൻസ്കിയുമായുള്ള കൂടിക്കാഴ്ച. യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടാണ് പുടിനും ഉള്ളതെന്ന് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ത്രിരാഷ്ട്ര സമാധാന ശ്രമങ്ങൾക്ക് തയാറാണെന്ന് സെലൻസി പറഞ്ഞു.
അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും സഹായം സെലൻസ്കി അഭ്യർഥിച്ചു. സമാധാന ശ്രമത്തിനായി മുന്നോട്ട് വന്ന ട്രംപിന് സെലൻസ്കി നന്ദി പറഞ്ഞു. യൂറോപ്യൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് പുടിനെ ഫോണിൽ വിളിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
യുക്രൈന് മികച്ച് സുരക്ഷ ഉറപ്പാക്കാൻ അമേരിക്കക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞു. യുക്രൈൻ റഷ്യക്ക് ഭൂപ്രദേശം വിട്ടുനൽകണമോ എന്ന ചോദ്യങ്ങൾക്ക് ട്രംപ് മറുപടി നൽകിയില്ല. റഷ്യയിലെ യുക്രൈൻ തടവുകാരുടെ മോചനം സാധ്യമാക്കണമെന്ന് യൂറോപ്യൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് ആവശ്യപ്പെട്ടു. സെലൻസ്കിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ഇന്ത്യ-പാക് സംഘർഷം ഒഴിവാക്കാൻ ഇടപെട്ടെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു.
സമാധാന നീക്കങ്ങള്‍ക്കിടയിലും യുക്രൈനില്‍ റഷ്യ വൻ വ്യോമാക്രമണം നടത്തി . യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവില്‍ പാർപ്പിട മേഖലയില്‍ ഡ്രോണ്‍ പതിച്ച് ഏഴു പേർ കൊല്ലപ്പെട്ടു.ആറു കുട്ടികളടക്കം 20 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു. 140 ഡ്രോണുകളും നാലു മിസൈലുകളാണ് റഷ്യ തൊടുത്തതെന്ന് യുക്രൈന്‍ അറിയിച്ചു.