സൊഹ്‌റാൻ മംദാനി: നവ രാഷ്ട്രീയത്തിൻ്റെ പതാകവാഹകൻ

ന്യൂയോർക്ക് നഗരത്തിന്റെ മേയറായി ആഫ്രിക്കൻ വേരുകളുള്ള ഇന്ത്യൻ വംശജനായ മുസ്‌ലിം തെരഞ്ഞെടുക്കപ്പെട്ടിരുന്നു

Update: 2025-11-05 13:53 GMT

ന്യൂയോർക്: ന്യൂയോർക്ക് നഗരത്തിന്റെ മേയറായി ആഫ്രിക്കൻ വേരുകളുള്ള ഇന്ത്യൻ വംശജനായ മുസ്‌ലിം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെറുസലേമിനെക്കാൾ ജൂത ജനസംഖ്യയുള്ള നഗരത്തിൽ നിരുപാധികം ഫലസ്തീനൊപ്പം നിലയുറപ്പിച്ച 33കാരനായ സൊഹ്‌റാൻ മംദാനി. കോർപറേറ്റ് ഭീമന്മാരുടെ നാട്ടിൽ ഡെമോക്രാറ്റിക് സോഷ്യലിസമെന്ന ആശയം ഉയർത്തിപ്പിടിച്ചു മംദാനി നടത്തിയ ധീരമായ പോരാട്ടം ഫലം കണ്ടു. അമേരിക്കൻ പ്രസിഡന്റും, കോർപറേറ്റുകളും മാധ്യമ ഭീമന്മാരുമെല്ലാം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, ഭീഷണിപ്പെടുത്തിയിട്ടും, നാടിനുതന്നെ ആപത്തെന്ന് കുപ്രചാരണങ്ങൾ നടത്തിയിട്ടും ന്യൂയോർക്ക് സൊഹ്‌റാൻ മംദാനിയെ അവരുടെ മേയറായി തെരഞ്ഞെടുത്തു. ടൈം സ്ക്വയറിലെ ബിൽ ബോർഡുകളിൽ മുഴുവൻ മംദാനിയുടെ പേരും അയാളുടെ ചിത്രങ്ങളും നിറഞ്ഞിരിക്കുന്നു.

Advertising
Advertising

സൊഹ്‌റാൻ മംദാനിയുടെ വിജയം പലതരത്തിലും ചരിത്രപരമാണ്. ആദ്യ മുസ്‌ലിം, ആദ്യ സൗത്ത് ഏഷ്യക്കാരൻ, ഏറ്റവും പ്രായംകുറഞ്ഞ മേയർ അങ്ങനെ പലതരത്തിലും. എന്നാൽ സമ്പന്നരുടെ കേവല ഉത്കണ്ഠകയെക്കാൾ അടിസ്ഥാനവർഗത്തിന്റെ സാമൂഹ്യ ജീവിത സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കുന്നു എന്നിടത്താണ് സൊഹ്‌റാൻ മംദാനി രാഷ്ട്രീയപ്രസക്തി അർഹിക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കൻ രാഷ്ട്രീയ ഭൂമികയിൽ ഒരു വിപ്ലവപ്രഖ്യാപനം തന്നെയാണ്.

1991 ഒക്ടോബർ 18ന് ഉഗാണ്ടയിലാണ് ജന്മമെങ്കിലും ഇക്കാലയളവത്രയും ഇന്ത്യൻ വംശജനെന്ന പാരമ്പര്യം മംദാനി ഉയർത്തിപിടിച്ചിരുന്നു. ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്രസംവിധായിക മീരാ നായറിന്റെയും ഇന്ത്യൻ വേരുകളുള്ള ഉഗാണ്ടൻ രാഷ്ട്രീയ ചിന്തകൻ മഹ്‌മൂദ്‌ മംദാനിയുമാണ് മാതാപിതാക്കൾ. അവർക്കൊപ്പം ചെറുപ്പത്തിൽത്തന്നെ അമേരിക്കയിലേക്ക് കുടിയേറ്റം. ഇന്ത്യൻ ആഫ്രിക്കൻ വേരുകളുള്ള മുസ്‌ലിം കുടിയേറ്റക്കാരൻ. ഇതായിരുന്നു സൊഹ്‌റാന്റെ എല്ലാകാലത്തെയും സ്വത്വബോധം. ആ സാമൂഹ്യപരിസരമാണ് മംദാനിയെ രൂപപ്പെടുത്തിയിരിക്കുന്നതും.

അതുകൊണ്ടുതന്നെ, സമ്പന്ന നഗരത്തിലെ സാധാരണക്കാർക്ക് വേണ്ടിയായിരുന്നു സൊഹ്‌റാന്റെ പ്രവർത്തനം. താങ്ങാനാവാത്ത വിലക്കയറ്റം, ഉയർന്ന ജീവിതച്ചെലവ്, ഉയർന്ന വീട് വാടക പോലെ സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളായിരുന്നു സൊഹ്‌റാൻ ഏറ്റെടുത്തിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ന്യൂയോർക്ക് 85 ലക്ഷത്തോളം ജനങ്ങൾ പാർക്കുന്ന നഗരമാണ്. വാൾ സ്ട്രീറ്റ് ജേർണലിന്റെയും കോർപറേറ്റ് ഭീമംന്മാരുടെയും നാട്. അവിടെനിന്നുകൊണ്ടാണ് വൻകിട സമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പടുത്തണമെന്ന് മംദാനി ആവശ്യപ്പെടുന്നത്. കോർപറേറ്റുകൾക്ക് അനുകൂലമായുള്ള നയരൂപീകരണത്തെയാണ് അദ്ദേഹം എതിർക്കുന്നത്.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നാണ് മംദാനി സ്വയം വിശേഷിപ്പിക്കുന്നത്. സാധാരണക്കാരനെ പിഴിയുന്ന മുതലാളിത്വമാണ് നാടുനേരിടുന്ന ഭീഷണിയെന്ന സോഷ്യലിസ്റ്റ് യുക്തിയാണ് മംദാനിയുടേത്. ന്യൂയോർക്കിന്റെ മുൻ മേയർമാരെ പോലെ കോർപറേറ്റുകളുടെ കുഴലൂത്തുകാരനല്ല മംദാനി. റിയൽഎസ്റ്റേറ്റ് വിപണിയുടെ വേട്ടയാടലിനെ ചെറുക്കാൻ കെട്ടിടവാടകയ്ക്ക് പരിധി, പൗരന്റെ അവകാശമായി സൗജന്യ ബസ് യാത്ര, ഭക്ഷ്യരംഗത്ത് വിവേചനമില്ലാതാക്കാൻ മുനിസിപ്പൽ ഉടമസ്ഥതയിലുള്ള പലചരക്ക് കടകൾ; സാർവത്രികമായി സൗജന്യ ശിശുസംരക്ഷണം- ഇതൊക്കെയായിരുന്നു മംദാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ.

ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത് വംശഹത്യയാണെന്ന് പറയുന്നതിലും മംദാനിക്ക് മടിയുണ്ടായിരുന്നില്ല. അന്താരാഷ്ട്ര നിയമങ്ങളെ അംഗീകരിക്കുന്ന ഒരാളെന്ന നിലയിൽ ന്യൂയോർക്കിൽ കാലുകുത്തുന്ന നിമിഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നുവരെ മംദാനി പ്രഖ്യാപിച്ചു. അതേപോലെതന്നെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരേയുള്ള സമരങ്ങളുടെ മുൻ നിരയിലും മംദാനിയുണ്ടായിരുന്നു.

എതിർ സ്ഥാനാർഥി ആൻഡ്രൂ ക്വോമോയ്ക്ക് വേണ്ടി ശതകോടീശ്വരന്മാർ കോടികൾ വാരിയെറിഞ്ഞപ്പോൾ ക്രൌഡ് ഫണ്ടിങ്ങിലൂടെയായിരുന്നു മംദാനി പണം കണ്ടെത്തിയത്. സാമൂഹ്യമാമാധ്യമങ്ങളിലൂടെയും വളന്റിയർമാരെ അണിനിരത്തിയും മംദാനി തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുകൊണ്ടുപോയി. ഓരോ വീടുകളിലും വളന്റിയർമാരെത്തി സൊഹ്‌റാന്റെ ആശയപ്രചരണം നടത്തി. ഉർദുവും സ്പാനിഷും സംസാരിച്ച് വിവിധ വിഭാഗങ്ങൾക്കിടയിലേക്ക് മംദാനി കടന്നു ചെന്നു.

ഡെമോക്രാറ്റ് ആയിട്ടുപോലും ആ പാർട്ടിയിലെ മധ്യപക്ഷക്കാരായ ഒരുവിഭാഗം മംദാനിയെ എതിർത്തിരുന്നു. തോൽപ്പിക്കാൻ കോടികളൊഴുക്കി. എതിർ സ്ഥാനാർഥിക്കായി പ്രചാരണങ്ങൾ നടത്തി. മറുഭാഗത്ത് ട്രംപാകട്ടെ മംദാനി ജയിച്ചാൽ ന്യൂയോർക്കിനുള്ള ഫണ്ടുകൾ വെട്ടികുറയ്ക്കുമെന്നുപോലും ഭീഷണി മുഴക്കി. മുസ്‌ലിം സ്വത്വത്തെ ചൂണ്ടിക്കാട്ടി ജിഹാദിയെന്ന് ആക്ഷേപിച്ചു. പക്ഷെ അന്നാട്ടിലെ ജൂത സമുദായമടക്കം മംദാനിക്ക് പിന്നിൽ അണിനിരന്നു. ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ കഴിയില്ലെന്ന് ജനങ്ങൾ തെളിയിച്ചിരിക്കുന്നു. ന്യൂയോർക്ക് മംദാനിയെ തങ്ങളുടെ മേയറാക്കിയിരിക്കുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News