Quantcast

കളിക്കളത്തിലെ കരുത്തൻ കോഹ്ലിയോ, ബാബർ അസമോ? ഇന്ത്യ-പാക് നായകരുടെ കണക്കുകൾ പറയുന്നത്

2020 മുതൽ ഇതുവരെയുളള പ്രകടനങ്ങളിലും ബാബർ തന്നെയാണ് മുന്നിൽ. ഈ കാലയളവിൽ 44 ഇന്നിങ്സുകളിൽ നിന്ന് 10 അർദ്ധ സെഞ്ചുറികളോടെ 1,397 റൺസാണ് കോഹ്ലി അടിച്ചെടുത്തത്. ബാബർ അസമാകട്ടെ 60 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറിയും 28 അർദ്ധ സെഞ്ചുറിയും അടക്കം അതിവേ​ഗമാണ് 2,605 റൺസ് അടിച്ചുകൂട്ടിയത്.

MediaOne Logo

Web Desk

  • Published:

    23 Oct 2021 2:40 PM GMT

കളിക്കളത്തിലെ കരുത്തൻ കോഹ്ലിയോ, ബാബർ അസമോ? ഇന്ത്യ-പാക് നായകരുടെ കണക്കുകൾ പറയുന്നത്
X

കളിക്കളത്തിലെ ചിരവൈരികളുടെ പോരാട്ടത്തിന് അപ്പുറം രണ്ട് നായകരിൽ ആരുടെ തന്ത്രങ്ങളാകും വിജയിക്കുക? ക്രിക്കറ്റ് ലോകം ആവേശത്തോടെ താരതമ്യം ചെയ്യുന്ന രണ്ട് പ്രതിഭകളുടെ പോരാട്ടം കൂടിയാണ് ഇന്ത്യ-പാക് മത്സരം. പാക് നായകൻ ബാബർ അസമും, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും, ഇരുവരും ആദ്യമായിട്ടാണ് ട്വന്റി-ട്വന്റിയിൽ നേർക്കുനേർ വരുന്നത്. ട്വന്റിയിൽ മികച്ച ഫോമിൽ കളിക്കുന്ന കോഹ്ലിയുടെ കീഴിലുളള ഇന്ത്യയും റൺവേട്ടയിൽ അതിവേ​ഗം മുന്നേറുന്ന ബാബർ അസമിന്റെ പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ സമീപകാല കണക്കുകളിൽ മുന്നിലുളളത് പാക് നായകൻ തന്നെയാണ്.

ഐസിസി റാങ്കിങ് പരി​ഗണിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റ്സ്മാൻമാരിൽ വിരാട് കോഹ്ലി ആറാമതും ബാബർ അസം ഏഴാമതുമാണ് (783, 749 റേറ്റിങ്). എന്നാൽ ഏക​ദിനത്തിൽ ബാബർ അസം ഒന്നാമതും കോഹ്ലി രണ്ടാമതുമാണ് (873, 844 റേറ്റിങ്). ട്വന്റി-20യിലും 819 റേറ്റിങ്ങോടെ ബാബർ അസം രണ്ടാമതുണ്ട്. കോഹ്ലിയാകട്ടെ 717 റേറ്റിങ്ങോടെ നാലാം സ്ഥാനത്താണ്. അന്താരാഷ്ട്ര തലത്തിൽ നടന്ന അവസാന പത്ത് ട്വന്റി-20 മത്സരങ്ങൾ പരി​ഗണിച്ചാലും ബാബർ അസമിന്റെ തട്ട് താഴ്ന്ന് തന്നെയിരിക്കും.

2021 ഏപ്രിൽ മുതൽ ജൂലൈ വരെ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, ഇം​ഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നി രാജ്യങ്ങൾക്കെതിരെ നടന്ന മത്സരങ്ങളിലായി ഒരു സെഞ്ചുറിയും നാല് അർദ്ധ സെ‍ഞ്ചുറിയും അടക്കം 460 റൺസാണ് ബാബറിന്റെ നേട്ടം. കോഹ്ലിയാകട്ടെ കഴിഞ്ഞ പത്ത് ഇന്നിങ്സുകളിൽ നാല് അർദ്ധസെഞ്ചുറി കരസ്ഥമാക്കിയെങ്കിലും 414 റൺസാണ് നേടിയത്. ഇതിൽ ഒന്നൊഴികെ ബാക്കി മൂന്ന് അർദ്ധസെഞ്ചുറിയും നാട്ടിൽ ഇം​ഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലായിരുന്നു. ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവർക്കെതിരെ ആയിരുന്നു മറ്റ് മത്സരങ്ങൾ.

2020 മുതൽ ഇതുവരെയുളള പ്രകടനങ്ങളിലും ബാബർ തന്നെയാണ് മുന്നിൽ. ഈ കാലയളവിൽ 44 ഇന്നിങ്സുകളിൽ നിന്ന് 10 അർദ്ധ സെഞ്ചുറികളോടെ 1,397 റൺസാണ് കോഹ്ലി അടിച്ചെടുത്തത്. ബാബർ അസമാകട്ടെ 60 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറിയും 28 അർദ്ധ സെഞ്ചുറിയും അടക്കം അതിവേ​ഗമാണ് 2,605 റൺസ് അടിച്ചുകൂട്ടിയത്.

ലീ​​ഗുകളിലെ അടക്കം ട്വന്റി ക്രിക്കറ്റിലെ ഇതുവരെയുളള കണക്കുകൾ പരിശോധിച്ചാൽ കുറഞ്ഞ ഇന്നിങ്സുകളിൽ നിന്നാണ് ബാബറിന്റെ റൺവേട്ട. 304 ട്വന്റി മത്സരങ്ങളിൽ നിന്ന് കോഹ്ലി 10,136 റൺസാണ് നേടിയത്. ബാബറിനാകട്ടെ 7,055 റൺസ് നേടാൻ 187 ഇന്നിങ്സുകൾ മാത്രമാണ് വേണ്ടിവന്നത്. ബാബറിന്റെ ബാറ്റിങ് ശരാശരി 46.11%ഉം കോഹ്ലിയുടേത് 41.20% ആണ്. ആറ് സെഞ്ചുറികളും 59 അർദ്ധ സെ‍ഞ്ചുറികളും ബാബറിനുണ്ടെങ്കിൽ കോഹ്ലിയ്ക്ക് അഞ്ച് സെഞ്ചുറിയും 74 അർദ്ധ സെഞ്ചുറിയുമാണുളളത്. ലോകകപ്പിലും ബാബർ മിന്നും ഫോം തുടരുമോ എന്നാണ് ഇനി അറിയേണ്ടത്. കോഹ്ലിയ്ക്ക് ഇത് ട്വന്റി-20യിലെ നാലാം ലോകകപ്പാണെങ്കിൽ ബാബറിന് അരങ്ങേറ്റമാണ്. 12 മത്സരങ്ങളിൽ നിന്നായി ഒൻപത് അർദ്ധ സെ‍ഞ്ചുറി അടക്കം 777 റൺസാണ് ലോകകപ്പിലെ കോഹ്ലിയുടെ സമ്പാദ്യം.

2019ലെ ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും ഇതിന് മുൻപ് നേർക്കുനേരെത്തിയത്. അന്ന് ഇന്ത്യ 89 റൺസിന് പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ട്വന്റി-20യിൽ ഇരുരാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയത്. ട്വന്റി 20 ലോകകപ്പിൽ ഈഡൻ ​ഗാർഡൻസിൽ നടന്ന ആ മത്സരത്തിലും ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ട്വന്റി ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്കെതിരെ ഇതുവരെ പാകിസ്ഥാന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. 2007ൽ നടന്ന ആദ്യ ട്വന്റി 20 ലോകകപ്പിൽ ഫൈനലിൽ അടക്കം രണ്ട് തവണയാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്. പിന്നീട് 2012, 2014, 2016 ലോകകപ്പുകളിലും ഇന്ത്യ പാകിസ്ഥാനെതിരെ വിജയിച്ചിരുന്നു.

TAGS :

Next Story