Quantcast

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി,ചട്ണി ദേഹത്ത് വീണതിനെച്ചൊല്ലി തര്‍ക്കം; പെയിന്‍റിങ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ നാല് യുവാക്കള്‍ അറസ്റ്റില്‍

സഹോദരന്‍റെ കുടുംബപ്രശ്നത്തില്‍ മധ്യസ്ഥത വഹിച്ച് തിരിച്ചുവരുന്നതിനിടെയാണ് ക്രൂരമായ കൊലപാതകം നടന്നത്

MediaOne Logo

Web Desk

  • Updated:

    2025-11-07 04:52:04.0

Published:

7 Nov 2025 10:19 AM IST

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി,ചട്ണി ദേഹത്ത് വീണതിനെച്ചൊല്ലി തര്‍ക്കം; പെയിന്‍റിങ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ നാല് യുവാക്കള്‍ അറസ്റ്റില്‍
X

ഹൈദരാബാദ്: ചട്ണി ദേഹത്തേക്ക് വീണതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പെയിന്‍റിങ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരനടക്കം നാലുപേര്‍ അറസ്റ്റില്‍.കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ നാചാരത്താണ് ക്രൂരമായ കൊലപാതകം നടന്നത്. ഉപ്പലിലെ കല്യാണിപുരം നിവാസിയായ മുരളീകൃഷ്ണ(45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എംഡി ജുനൈദ് എന്ന ജാഫർ (18), ഷെയ്ഖ് സൈഫുദ്ദീൻ (18), പൊന്ന മണികണ്ഠ (21), 16 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...

നവംബർ 2 ന് മുരളീകൃഷ്ണ സരൂർനഗറിലെ ജില്ലെലഗുഡയിലുള്ള തന്റെ സഹോദരന്റെ വീട്ടിലേക്ക് പോയിരുന്നു.സഹോദരന്‍റെ കുടുംബപ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാനായിട്ടാണ് പോയത്. രാത്രി ഏറെ വൈകിയാണ് തിരിച്ച് ഉപ്പലിലെ വീട്ടിലേക്ക് മടങ്ങിയത്. എൽബി നഗറിന് സമീപമെത്തിയപ്പോള്‍ ഒരു കാറില്‍ ലിഫ്റ്റ് ചോദിച്ചു. കാറിലുണ്ടായിരുന്ന നാല് യുവാക്കളും മുരളീകൃഷ്ണക്ക് ലിഫ്റ്റ് കൊടുത്തു. യാത്രക്കിടെ ഭക്ഷണം കഴിക്കാനായി സംഘം കാര്‍ നിര്‍ത്തി. ഭക്ഷണം കഴിക്കുന്നതിനിടെ യുവാക്കളിലൊരാളുടെ ദേഹത്തേക്ക് മുരളീകൃഷ്ണയുടെ കൈയില്‍ നിന്ന് ചട്ണി അറിയാതെ വീണു. ഇതിനെച്ചൊല്ലി യുവാക്കളും മുരളീകൃഷ്ണയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് കാറില്‍ കയറിയ ശേഷം യുവാക്കള്‍ മുരളീകൃഷ്ണനെ ക്രൂരമായി മര്‍ദിക്കുകയും അതിലൊരാള്‍ കത്തികൊണ്ടു കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റെങ്കിലും രക്ഷപ്പെടാനായി മുരളീകൃഷ്ണ കാറിൽ നിന്ന് പുറത്തിറങ്ങി. എന്നാല്‍ കാറിൽ നിന്നിങ്ങി ഏകദേശം 200 മീറ്റർ അകലെ റോഡിൽ അയാൾ കുഴഞ്ഞുവീണു. പുലർച്ചെ 5.40 ഓടെ വഴിയാത്രക്കാരിലൊരാളണ് മൃതദേഹം കണ്ടെത്തിയതും ലോക്കൽ പൊലീസിനെ അറിയിച്ചതും. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ സിഗ്നലും പരിശോധിച്ചാണ് കുറ്റവാളികളെ കണ്ടെത്തിയത്.

പ്രതികള്‍ കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു.എന്നാല്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തു.വേഗത്തിലുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് ഇൻസ്പെക്ടർ കെ.ധനുഞ്ജയ് പറഞ്ഞു .പ്രതികളില്‍ മൂന്നുപേരെ ചഞ്ചൽഗുഡ ജയിലിലേക്ക് റിമാൻഡ് ചെയ്തു, പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു.

TAGS :

Next Story