Quantcast

'തകർച്ചയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദം'; സഹോദരനെ കഴുത്തറുത്ത് കൊന്ന് ജ്യേഷ്ഠൻ, പിടിയിലായത് 21 വർഷം മുമ്പ് മറ്റൊരു സഹോദരനെ കൊന്ന കേസിലെ പ്രതി

ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

MediaOne Logo
തകർച്ചയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദം; സഹോദരനെ കഴുത്തറുത്ത് കൊന്ന് ജ്യേഷ്ഠൻ, പിടിയിലായത് 21 വർഷം മുമ്പ് മറ്റൊരു  സഹോദരനെ കൊന്ന കേസിലെ പ്രതി
X

നർമ്മദ: അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം സഹോദരനെ ജ്യേഷ്ഠൻ ക്രൂരമായി കൊലപ്പെടുത്തി. ഗുജറാത്തിലെ നർമ്മദ ജില്ലയിലെ നന്ദോഡ് താലൂക്കിലുള്ള ഭുച്ചദ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന സംശയത്തെത്തുടർന്നാണ് രമേശ് വാസവ എന്നയാള്‍ തന്റെ ഇളയ സഹോദരൻ ഗുർജി വാസവയെ കൊലപ്പെടുത്തിയത്.

പ്രതിയായ രമേശ് വാസവയ്ക്ക് തന്റെ ഇളയ സഹോദരനോട് ദീർഘകാലമായി ശത്രുതയുണ്ടായിരുന്നു. ഗുർജി തനിക്കെതിരെ ദുർമന്ത്രവാദം നടത്തുന്നുണ്ടെന്നും തന്റെ തകർച്ചയ്ക്ക് പിന്നിൽ സഹോദരനാണെന്നും രമേശ് ഉറച്ചു വിശ്വസിച്ചു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗുർജിയെ രമേശ് വഴിയിൽ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഗുർജിയുടെ കഴുത്തറുത്താണ് മരണം ഉറപ്പാക്കിയത്. ആക്രമണം തടയാനും പിതാവിനെ രക്ഷിക്കാനും ഓടിയെത്തിയ ഗുർജിയുടെ മക്കളായ സാവിത്രി, ശിൽപ എന്നിവർക്കും ക്രൂരമായ മർദനമേറ്റു. സാവിത്രിയുടെ തലയ്ക്കും ശിൽപയുടെ കൈയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ഇരുവരും രാജ്പിപ്ല സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അന്വേഷണത്തിനിടയിൽ പ്രതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. രമേശ് വാസവ മുൻപും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 2005ൽ മദ്യലഹരിയിലുണ്ടായ തർക്കത്തെത്തുടർന്ന് തന്റെ മറ്റൊരു സഹോദരനായ വിത്തൽ വാസവയെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് കുടുംബാംഗങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പിനെത്തുടർന്ന് ചെറിയ ജയിൽ ശിക്ഷയ്ക്ക് ശേഷം ഇയാൾ പുറത്തിറങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. പരിക്കേറ്റ പെണ്‍കുട്ടികളുടെ പരാതിയിൽ കൊലപാതകത്തിനും വധശ്രമത്തിനും പ്രതിയായ രമേശിനെതിരെ പൊലീസ് കേസെടുത്തു.

TAGS :

Next Story