Quantcast

ഭാര്യയെ കൊന്ന് ഒളിവിൽ പോയ ഭർത്താവ് 40 വർഷത്തിന് ശേഷം പിടിയിൽ; തെളിവുകളില്ലാതിരുന്ന കേസ് പൊലീസ് തെളിയിച്ചതിങ്ങനെ

പ്രതിയുടെ പ്രായവും പൊലീസിന് കേസ് തെളിയിക്കുന്നതില്‍ വെല്ലുവിളിയായിരുന്നു

MediaOne Logo
ഭാര്യയെ കൊന്ന് ഒളിവിൽ പോയ ഭർത്താവ് 40 വർഷത്തിന് ശേഷം പിടിയിൽ; തെളിവുകളില്ലാതിരുന്ന കേസ് പൊലീസ് തെളിയിച്ചതിങ്ങനെ
X

ന്യൂഡൽഹി: ഭാര്യയെ കൊന്ന കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് കൊല്ലത്തിന് 40 ശേഷം പിടിയില്‍.1986 ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് 82 വയസുകാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

ബിഹാറിലെ നളന്ദ സ്വദേശിയായ ചന്ദ്രശേഖർ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. വടക്കൻ ഡൽഹിയിലെ നംഗ്ലി പൂന പ്രദേശത്തെ ഒരു ഫാക്ടറിയിലെ സ്റ്റോർ റൂമിൽ നിന്നാണ് ഇയാൾ പിടിയിലായത്. വ്യാജ പേരിലാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്.

വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചാണ് 1986 ഒക്ടോബർ 19 ന് കിഴക്കൻ ഡൽഹിയിലെ ഷക്കർപൂരിലെ വസതിയിൽ വെച്ച് അന്ന് 40 വയസുള്ള ചന്ദ്രശേഖർ പ്രസാദ് ഭാര്യയെ ഇഷ്ടിക കൊണ്ട് തലക്കടിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം വീട്ടുജോലിക്കാരിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഷക്കർപൂര്‍ പൊലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പ്രതിയെ പിടികൂടാനായില്ല.

1987-ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. ചന്ദ്രശേഖര്‍ പ്രസാദിനെതിരെ പൊലീസിന് തെളിവുകളൊന്നും ശേഖരിക്കാനായിരുന്നില്ല. ആ സമയത്തെ ഡിജിറ്റൽ രേഖകളോ, ഫോട്ടോഗ്രാഫുകളോ, ആധാർ ഡാറ്റയോ, മൊബൈൽ വിവരങ്ങളോ ഇല്ലാതിരുന്നതും കേസ് തെളിയിക്കുന്നതില്‍ വെല്ലുവിളിയായി. പ്രതിയുടെ പ്രായവും പൊലീസിന് കേസ് തെളിയിക്കുന്നതില്‍ വെല്ലുവിളിയുയര്‍ത്തി. അതേസമയം, ക്രൈംബ്രാഞ്ചിലെ ഒരു സംഘം കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചതോടെയാണ് കേസില്‍ നിര്‍ണായകമായത്.

പ്രതിയുടെ കുട്ടികള്‍ ഡൽഹിയിലും ബിഹാറിലുമായി സ്ഥിരതാമസമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇയാള്‍ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. സംശയമുള്ളവരുടെ മൊബൈൽ നമ്പറുകളെല്ലാം പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു. നളന്ദയില്‍ നടത്തിയ അന്വേഷണത്തില്‍ ചന്ദ്രശേഖര്‍ പ്രസാദ് ജീവിച്ചിരിപ്പുണ്ടെന്നും കുടുംബ പരിപാടികളിലും മതപരമായ പരിപാടികളിലും ഇടയ്ക്കിടെ എത്താറുണ്ടെന്നും പൊലീസ് കണ്ടെത്തി.

ഇയാളുടെ കുടുംബത്തിലെ ഒരു മരണത്തില്‍ പ്രതി എത്തുന്നുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ മാസം 22ന് അലിപൂരിലെ ഒരു ഫാക്ടറി പരിസരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, പ്രസാദ് കുറ്റം സമ്മതിച്ചു. ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് താൻ ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും, ഇത്തരത്തിലൊരു വഴക്കിനിടെയാണ് കൊലപാതകം നടന്നതെന്നും ഇയാള്‍ പറഞ്ഞു. 40 വര്‍ഷത്തിനിടക്ക് ബിഹാർ, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ പല പേരുകളിലായി ഒളിവുജീവിതം നയിക്കുകയും ചെയ്തു.

TAGS :

Next Story