Quantcast

പുരട്ചി തലൈവിയും കലൈഞ്ജറുമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്; തമിഴ്നാടിന്‍റെ രാഷ്ട്രീയ ചിത്രം ഇത്തവണ ആര് വരക്കും..?

ഡി.എം.കെയോ അണ്ണാ ഡി.എം.കെയോ; തമിഴ്നാട്ടില്‍ ആരു വാഴും..?

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2021-09-01 15:23:28.0

Published:

26 Feb 2021 1:55 PM GMT

പുരട്ചി തലൈവിയും കലൈഞ്ജറുമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്; തമിഴ്നാടിന്‍റെ രാഷ്ട്രീയ ചിത്രം ഇത്തവണ ആര് വരക്കും..?
X

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിലും തമിഴ്നാടിലുമടക്കം ഏപ്രില്‍ ആറിനാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനിടെ രാജ്യത്തെ തന്നെ ഏറ്റവും ചൂടേറിയ തെരഞ്ഞെടുപ്പ് വേദികളിലൊന്നായ തമിഴ്നാടിന്‍റെ രാഷ്ട്രീയം ഇത്തവണ ആരെ പിന്തുണക്കും എന്നത് ചര്‍ച്ചയാകുകയാണ്.

ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിനുള്ള ശേഷമുള്ള സുപ്രധാന തെരഞ്ഞെടുപ്പാണ് വരുന്നത് എന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകതയും. ദക്ഷിണേന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം തമിഴ്നാടില്‍ എങ്ങനെ പ്രതിഫലിക്കും?

2016ഇലെ തമിഴ്നാട് കക്ഷിനില ഇങ്ങനെ

അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിലതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ മുന്നണി 136 സീറ്റ് നേടിയാണ് 2016 തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള മുഖ്യകക്ഷിയായ ഡി.എം.കെയുടെ യു.പി.എ മുന്നണിക്ക് 98 സീറ്റുകളിലാണ് വിജയിക്കാനായത്.

ഡി.എം.കെയുടെ ഭാഗമായ കോണ്‍ഗ്രസിന് 41 സീറ്റുകളില്‍ എട്ടിടത്താണ് ആകെ വിജയിക്കാനായത്. മുഖ്യ കക്ഷിയായ ഡി.എം.കെ 89 സീറ്റുകള്‍ നേടി. ഡി.എം.കെയുടെ തന്നെ സഖ്യകക്ഷിയായ മുസ്‍ലിം ലീഗ് അഞ്ച് സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ഒരു സീറ്റില്‍ ആണ് വിജയിക്കാനായത്.

ജയലളിതയില്ലാതെ എ.ഐ.എ.ഡി.എം.കെ

എ.ഐ.എ.ഡി.എം.കെ യുടെ രാഷ്ട്രീയം ചികയുന്നവര്‍ ഇത്തവണ കൂടുതല്‍ ശ്രദ്ധിക്കുക ബിജെപി ഈ തെരഞ്ഞെടുപ്പില്‍ തമിഴ്നാടില്‍ സ്വാധീനം ചെലുത്തുമോ എന്നത് തന്നെയായിരിക്കും. പ്രത്യക്ഷത്തില്‍ ബിജെപിയുടെ ഘടകക്ഷിയായിട്ടില്ലെങ്കിലും ബിജെപിയുടെ പരസ്യമായ പിന്തുണ എ.ഐ.ഡി.എം.കെക്ക് ഉണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോള്‍ തമിഴ്നാട്ടില്‍ നില മെച്ചപ്പെടുത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന തരത്തില്‍ പോലും അണ്ണാ ഡി.എം.കെയോട് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയലളിതയുടെ മരണവും, പിന്നീട് ശശികലയുടെ പ്രവേശനവും, തുടര്‍ന്നുണ്ടായ രാഷ്ട്രീയ ചലനവും എല്ലാം തമിഴ്നാടിന്‍റെ രാഷ്ട്രീയ ഭൂപടത്തില്‍ മാറ്റത്തിന്‍റെ കൊടുങ്കാറ്റാണ് ഉണ്ടാക്കിയത്.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി പദവിയില്‍ ഇരിക്കവെ തന്നെ ജയലളിത അന്തരിച്ചതാണ് തമിഴ്നാടിനെ ആദ്യം പിടിച്ചുകുലുക്കിയത്. ഇതോടെ മൂന്നു ദശാബ്ദത്തോളം പകരം വയ്ക്കാൻ ആളില്ലാത്ത നിലയിൽ ജയലളിത അലങ്കരിച്ചിരുന്ന പാർട്ടി ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്ത് പിന്‍ഗാമിയായി ശശികലയും തമിഴ്നാട് രാഷ്ട്രീയത്തില്‍ സജീവമായി.

ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഒ. പനീര്‍സെല്‍വം മുഖ്യമന്ത്രി ആയെങ്കിലും പാര്‍ട്ടിയുടെ അമരത്തെത്തിയ ശശികലയുമായി ഉണ്ടായ ഭിന്നിപ്പ് മൂലം അദ്ദേഹത്തിന് നിര്‍ബന്ധിതമായി രാജിവെക്കേണ്ടി വരികയായിരുന്നു. തുടര്‍ന്നു നടന്ന രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികല ജയിലിലായി. പിന്നീട് എടപ്പാടി പളനിസാമിയെ പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്തേക്കും മുഖ്യമന്ത്രി സ്ഥാനത്തേക്കും ശശികല നിര്‍ദേശിച്ചു. പളനിസ്വാമി മുഖ്യമന്ത്രി ആയതോടെ പാര്‍ട്ടിയിലെ പനീര്‍സെല്‍വം വിഭാഗവും ശശികല വിഭാഗവും പിളര്‍ന്നു. പിന്നീട് 2017ല്‍ നടന്ന സമവായ ചര്‍ച്ചയില്‍ പനീര്‍സെല്‍വത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിക്കൊണ്ട് അണ്ണാ ഡി.എം.കെ വീണ്ടും ലയനം നടത്തി. പാര്‍ട്ടിക്ക് രണ്ട് ചെയര്‍പേഴ്സണെയും ഇതോടെ നിശ്ചയിച്ചു. കോര്‍ഡിനേറ്റര്‍ ആയി പനീര്‍സെല്‍വത്തെയും ജോയിന്‍റ് കോര്‍ഡിനേറ്റര്‍ ആയി പളനിസ്വാമിയെയും പാര്‍ട്ടി പ്രഖ്യാപിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന വേളയില്‍ ജാമ്യം ലഭിച്ച് ശശികല എത്തിയതും തമിഴ്നാട് രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്ന് രാഷ്ട്രീയ വിചക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. ഒരു മാസത്തേക്ക് ആണ് ശശികലക്ക് ജാമ്യം ലഭിച്ചത്. നിലവില്‍ പളനിസ്വാമി, പനീര്‍സെല്‍വം പക്ഷവുമായും ശശികല അത്ര നല്ല ബന്ധത്തിലല്ല. അതുകൊണ്ട് തന്നെ ഇരുവിഭാഗങ്ങളെയും പ്രതിരോധത്തിലാക്കി അണ്ണാ ഡി.എം.കെയില്‍ പിടിമുറക്കാനാകും ശശികലയുടെ ശ്രമമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

അതേസമയം കേന്ദ്രപദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുമാസത്തിനിടെ തമിഴ്നാട്ടില്‍ എത്തിയത് മൂന്ന് തവണയാണ്. അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിങ്, നിര്‍മ്മലാ സീതാരാമന്‍ തുടങ്ങി ദേശീയ നേതാക്കള്‍ തമിഴ്നാട്ടില്‍ ക്യാമ്പ് ചെയ്താണ് ബിജെപി പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. രജനികാന്ത് പിന്‍മാറിയെങ്കിലും ചെറുകക്ഷികളെ അടുപ്പിച്ച് അണ്ണാഡിഎംകെയ്ക്ക് ഒപ്പം ഭരണതുടര്‍ച്ച ലക്ഷ്യമിട്ടാണ് ബിജെപി പ്രചാരണം. പരമാവധി സീറ്റുകള്‍ ജയിച്ച് തമിഴകത്ത് നിര്‍ണായക ശക്തിയായി വളരണമെന്നാണ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കരുണാനിധിയില്ലാതെ ഡി.എം.കെ

പ്രതീക്ഷിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് കളമൊരുങ്ങിയ സാഹചര്യത്തിൽ സീറ്റ് വിഭജനത്തിന്‍റെ പേരിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം. ബിജെപി വിരുദ്ധമുന്നണിയായി ചിത്രീകരിച്ചാണ് കോണ്‍ഗ്രസിനൊപ്പം ഡി.എം.കെ സഖ്യം തെരഞ്ഞെടുപ്പ് വേദിയില്‍ എത്തുന്നത്. എന്നാല്‍ സീറ്റ് വിഭജനത്തില്‍ പേരില്‍ ഭിന്നത മുന്നണിയില്‍ രൂക്ഷമാണ്. പുതുച്ചേരിയിലെ രാഷ്ട്രീയ പതനത്തിന് പിന്നാലെ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് ഡി.എം.കെ. നിലവില്‍ രാഷ്ട്രപതി ഭരണത്തിലാണ് പുതുച്ചേരി.

ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധാ കേന്ദ്രം എം.കെ സ്റ്റാലിന്‍ ആണ്. 1969 മുതൽ 2018ൽ മരിക്കുന്നതു വരെ കരുണാനിധി നയിച്ച ഡി.എം.കെയെ പിന്‍ഗാമിയും മകനുമായ സ്റ്റാലിന്‍ ആദ്യമായാണ് സ്വതന്ത്രമായി നയിക്കുന്നത്.

ഇതിനുമുമ്പ് 2014 ഓഗസ്റ്റില്‍ സ്റ്റാലിന്‍റെ അടുത്ത അനുയായിയും ഡിഎംകെ സംഘാടക സെക്രട്ടറിയുമായിരുന്ന കല്ല്യാണസുന്ദരം സ്റ്റാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് നേതൃത്വം പ്രതികരിച്ചത് കല്ല്യാണസുന്ദരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടാണ്. കലൈഞ്ജര്‍ കരുണാനിധി ജീവിച്ചിരിക്കെ ഡിഎംകെയില്‍ മറ്റൊരാള്‍, അത് സ്വന്തം മകനായാലും മുഖ്യമന്ത്രി സ്ഥാനം മോഹിക്കരുതെന്ന സന്ദേശം കൃത്യമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം സ്റ്റാലിന്‍ തന്നെ ഡി.എം.കെയെ നയിച്ചു. മുഖ്യമന്ത്രിയായല്ല പകരം പ്രതിപക്ഷ നേതാവായി.

ജയലളിതയുടെ മരണശേഷം ആടിയുലഞ്ഞ അണ്ണാ ഡി.എം.കെയില്‍ നിന്ന് കുറച്ചു പേരെ ഇപ്പുറത്തെത്തിച്ച് ഭരണത്തിലെമായിരുന്നെങ്കിലും സ്റ്റാലിന്‍ അതിന് ശ്രമിച്ചില്ല. പകരം സ്വാഭാവികമായി ഈ സര്‍ക്കാര്‍ നിലംപതിക്കട്ടെ എന്നതായിരുന്നു അദ്ദേഹം സ്വീകരിച്ച നയം. 2017ല്‍ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക സ്ഥാനം സ്റ്റാലിന്‍ ഏറ്റെടുത്തു. കരുണാനിധിക്ക് കീഴില്‍ പാര്‍ട്ടിയുടെ ഉപാധ്യക്ഷ പദവി.

ആ സമയത്ത് ആരോഗ്യ കാരണങ്ങളാല്‍ കരുണാനിധി പൂര്‍ണ വിശ്രമത്തിലായിരുന്നു. ഉപാധ്യക്ഷനെന്നതാണ് പദവിയെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ സ്റ്റാലിന്‍ ഏറ്റെടുത്തു. 32ല്‍ നിന്നും പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റികളുടെ എണ്ണം 65 ആക്കി ഉയര്‍ത്തി. തന്നെ ഒരിക്കലും തള്ളിപ്പറയാന്‍ സാധ്യതയില്ല എന്ന് ഉറപ്പുള്ള നേതാക്കളെ ജില്ലാ സെക്രട്ടറിമാരാക്കി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം സ്റ്റാലിനെ നേതാവായി അംഗീകരിച്ചു തുടങ്ങിയതും അതോടെയാണ്. പന്നീട് 2018ഇല്‍ കരുണാനിധിയുടെ മരണത്തോടെ പാര്‍ട്ടിയുടെ അമരക്കാരനായി സ്റ്റാലിനെത്തി. രാഷ്ട്രീയത്തിലെ പ്രതാപശാലിയായ പിതാവിന്‍റെ അഭാവത്തില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കേണ്ട വലിയ ഉത്തരവാദിത്തത്തിലാണ് തമിഴ്നാട്ടില്‍ ഇനി എം.കെ.സ്റ്റാലിന്‍.

ദ്രാവിഡ മണ്ണില്‍ ഇതോടെ ഒരു യുഗത്തിനാണ് അവസാനമായത്. വരുന്നത് പുരട്ചി തലൈവിയും കലൈഞ്ജറുമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ്. നേരിടുകയാണ് തമിഴകം. ജയലളിതയുടെ മരണത്തോടെ ഒത്തിണക്കവും കെട്ടുറപ്പും നഷ്ടപ്പെട്ട അണ്ണാ ഡിഎംകെയും എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തില്‍ കരുത്താര്‍ജിക്കുന്ന ഡിഎംകെയും തമ്മിലാണ് പ്രധാന പോരാട്ടം.

രജനീ കളം വിട്ടു, കളമൊഴിയാതെ കമല്‍ഹാസന്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറിയിരുന്നു. ആദ്യം രാഷ്ട്രീയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കാന്‍ പോവുകയാണ് എന്ന് അറിയിച്ച രജനീകാന്ത് ഈ വര്‍ഷമാദ്യം ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ് എന്ന് അറിയിക്കുകയായിരുന്നു.

എന്നാല്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ ഗോദയില്‍ സജീവമാണ്. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ തമിഴ്‌നാട്ടിലെ മൂന്നാം മുന്നണിയാണ് കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം. നേരത്തെ കമല്‍ഹാസനെ യു.പി.എ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചെങ്കിലും ക്ഷണം കമല്‍ നിരസിച്ചിരുന്നു. ചെന്നൈയിലെ മൈലാപൂര്‍, വേളാച്ചേരി എന്നിവിടങ്ങളിലോ കോയമ്പത്തൂര്‍, മധുര ജില്ലകളിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നോ കമല്‍ മത്സരിക്കുമെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story