ചന്ദനത്തിരി കാർപെറ്റിൽ വീണ് തീപടർന്നു; സൗദിയിൽ പുകശ്വസിച്ച് മരിച്ച അമ്മയേയും കുഞ്ഞിനേയും നാട്ടിലെത്തിച്ചു
ചെന്നൈ സ്വദേശിയായ ജയഭാരതി(37)യും മകൾ കാർത്തിക ശ്രീ(2)യുമാണ് മരണപ്പെട്ടത്

റിയാദ്: സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് മരണമടഞ്ഞ തമിഴ്നാട് സ്വദേശികളായ അമ്മയുടെയും രണ്ടുവയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകൾ കാർത്തിക ശ്രീ (2) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ത്യൻ എംബസിയുടെടെയും, കനിവ് ജീവകാരുണ്യ വിഭാഗത്തിന്റെയും ഇടപെടലിലൂടെ നിയമപരമായ യാത്ര നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചത്. ഗോകുൽ രാജാണ് ജയഭാരതിയുടെ ഭർത്താവ്.
ജൂലൈ 21-നായിരുന്നു ദാരുണമായ സംഭവം. ബുറൈദയിലെ സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചന്ദനത്തിരിയിൽ നിന്ന് തീ പടർന്ന് കാർപെറ്റിൽ ഭാഗികമായി തീപിടിക്കുകയും തുടർന്ന് മുറിയിൽ പുക നിറയുകയുമായിരുന്നു. പുക ശ്വസിച്ചതിനെ തുടർന്നാണ് ജയഭാരതിയും മകളും മരണപ്പെട്ടത്. മരണപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് സന്ദർശന വിസയിൽ കുടുംബം എത്തിയത്.
അപകടസമയത്ത് ഗോകുൽ രാജ് തൊട്ടടുത്ത മുറിയിൽ ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണർന്നപ്പോഴാണ് ഭാര്യയും മകളും മരണപ്പെട്ട വിവരം അറിയുന്നത്. റിയാദിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ചെന്നൈ എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി, നാട്ടിലെത്തിച്ച് സംസ്കരിച്ചു.
Adjust Story Font
16

