Quantcast

സ്കൂൾ വിട്ട് ബന്ധുവിനൊപ്പം ബൈക്കിൽ പോകവെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് 15കാരന് ദാരുണാന്ത്യം

ഗ്രാമത്തിന്റെ സർപഞ്ചിന്റെ ഏക മകനാണ് ജീവൻ നഷ്ടമായത്. രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണിത്.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-26 06:05:33.0

Published:

26 Jan 2026 11:34 AM IST

15-year-old boy dies after kite string got tangled around neck
X

ഛണ്ഡീ​ഗഢ്: സ്കൂൾ വിട്ട് ബന്ധുവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് 15കാരന് ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. സംറാല സ്വദേശി തരൺജോത് സിങ് ആണ് മരിച്ചത്. ചൈനീസ് മാഞ്ച എന്നറിയപ്പെടുന്ന അപകടകരമായ പട്ടച്ചരടാണ് മരണത്തിന് കാരണമായത്.

ശനിയാഴ്ച സ്കൂൾ വിട്ട് ബന്ധുവായ പ്രഭ്ജോത് സിങ്ങിനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. ബൈക്ക് സംറാല ബൈപ്പാസെത്തിയപ്പോൾ‌ പട്ടച്ചരട് ഇരുവരുടെയും കഴുത്തിൽ കുരുങ്ങുകയും മുറിവേൽക്കുകയുമായിരുന്നു. പൊടുന്നനെ നിയന്ത്രണം നഷ്ടമായി ഇവർ റോഡിലേക്ക് വീഴുകയും പരിക്കേൽക്കുകയും ചെയ്തു. തരൺജോതിന്റെ കഴുത്തിലേറ്റ മുറിവ് ​ഗുരുതരമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും തരൺജോത് മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ള പ്രഭ്ജോതിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞമാസമാണ് തരൺജോതിന് 15ാം ജന്മദിനം ആഘോഷിച്ചതെന്ന് മുത്തച്ഛൻ ജസ്പാൽ സിങ് പറഞ്ഞു.

റൗലെ ​ഗ്രാമത്തിന്റെ സർപഞ്ചാണ് തരൺജോതിന്റെ പിതാവ് ഹർചന്ദ് സിങ്. ചൈനീസ് മാഞ്ച ചരട് ആരും ഉപയോഗിക്കരുതെന്ന് ഗ്രാമവാസികളോട് പറഞ്ഞിരുന്നതായും നിരവധി തവണ അറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'എന്റെ സ്വന്തം മകൻ ചൈനീസ് മാഞ്ചയുടെ ഇരയാകുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല. അവൻ എന്റെ ഏക മകനായിരുന്നു'- പിതാവ് പറഞ്ഞു.

ഹൈവേയിലാണ് അപകടമുണ്ടായതെന്നും സിന്തറ്റിക് പട്ടച്ചരട് വിൽക്കുന്നവർക്കെതിരെ നിരന്തരം നടപടികൾ സ്വീകരിച്ചുവരുന്നതായും എന്നാൽ എവിടെനിന്നാണ് അത് വന്നതെന്ന് അന്വേഷിക്കുമെന്നും എസ്എച്ച്ഒ ഹർവീന്ദർ സിങ് വ്യക്തമാക്കി.

ചില്ലു പൊതിഞ്ഞു നിർമിക്കുന്ന നൈലോൺ- സിന്തറ്റിക് നൂലുകളാണ് ചൈനീസ് മാഞ്ച. ഗ്ലാസ് പൊടി പൂശിയ, കട്ടിയുള്ള നൈലോൺ അല്ലെങ്കിൽ മോണോഫിലമെന്റ് നൂലാണ് പട്ടച്ചരടായി ഉപയോ​ഗിക്കുന്നത്. പട്ടം പറത്തൽ മത്സരങ്ങളിൽ മറ്റ് പട്ടങ്ങളുടെ ചരടുകൾ മുറിക്കാൻ ഈ ഈ മിശ്രിതം സഹായിക്കുന്നു. മഞ്ച നൂൽ മനുഷ്യർക്കും പക്ഷികൾക്കും വലിയ അപകടമുണ്ടാക്കുന്നതിനാൽ പലയിടത്തും നിരോധനമുണ്ടെങ്കിലും നിയമവിരുദ്ധമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പരിസ്ഥിതിക്ക് ആഘാതവും മനുഷ്യർക്കും പക്ഷികൾക്കും ഭീഷണിയും ആയതിനാൽ ദേശീയ ഹരിത ട്രൈബ്യൂണൽ 2017 ജനുവരി 10ന് ചൈനീസ് മാഞ്ച നിരോധിച്ചിരുന്നു.

ഇതാദ്യമായല്ല, ചൈനീസ് മാഞ്ച കൊലയാളിയാകുന്നത്. ഈ മാസം 14ന് കർണാടക ബിദർ തലമഡ്​ഗി ​ഗ്രാമത്തിലും സമാന അപകടമുണ്ടായിരുന്നു. ബൈക്കിൽ വീട്ടിലേക്ക് പോവുന്നതിനിടെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് 48കാരനാണ് ജീവൻ നഷ്ടമായത്. ബംബുൾ​ഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്. മകര സംക്രാന്തി ഉത്സവത്തിന് മകളെ വിളിക്കാൻ പോവുന്നതിനിടെയായിരുന്നു അപകടം.

ലോറി ഡ്രൈവറായ സഞ്ജീവ് കുമാർ ഹോസ്റ്റലിൽ നിന്ന് മകളെ വിളിക്കാൻ പോവുകയായിരുന്നു. ഈ സമയം റോഡിന് മുകളിലൂടെ പറക്കുകയായിരുന്നു പട്ടത്തിന്റെ ചരട് (ചൈനീസ് മാഞ്ച) കഴുത്തിൽ കുരുങ്ങുകയും സഞ്ജീവ് താഴെ വീഴുകയുമായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ സഞ്ജീവിന്റെ കഴുത്ത് ആഴത്തിൽ മുറിയുകയും ചെയ്തിരുന്നു. കഴുത്തിലെ മുറിവിൽ നിന്ന് രക്തം വാർന്നുകൊണ്ടിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു. രക്തത്തിൽ കുളിച്ച് റോഡിൽ കിടന്ന സഞ്ജീവ് കുമാറിനെ സഹായിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ സഹായമഭ്യർഥിച്ചിട്ട് പോലും ആരും മുന്നോട്ടുവന്നില്ല. ഒടുവിൽ വിവരമറിഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇയാൾ മരിച്ചിരുന്നു.

2024 ജനുവരിയിൽ ഹൈദരാബാദിൽ ഒരു സൈനികനും 2023 ഡിംസബറിൽ മുംബൈയിൽ ഒരു പൊലീസുകാരനും സമാനരീതിയിൽ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി ജീവൻ നഷ്ടമായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പട്ടച്ചരട് കഴുത്തിൽ ചുറ്റി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി കെ. കോടേശ്വർ റെഡ്ഡിയാണ് മരിച്ചത്. ജനുവരി 14നായിരുന്നു അപകടം. താമസിക്കുന്ന ലം​ഗാർ ഹൗസ് പ്രദേശത്തേക്ക് ബൈക്കിൽ പോവുന്നതിനിടെയായിരുന്നു അപകടം.

മുംബൈയിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വാകോല പാലത്തിൽ 2023 ഡിസംബർ ഡിസംബർ 24നായിരുന്നു പൊലീസുകാരന്റെ മരണത്തിനിടയാക്കിയ അപകടം. ഗോരേഗാവിലെ ദിൻദോഷി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ 37കാരനായ സമീർ സുരേഷ് ജാദവാണ് മരിച്ചത്. കഴുത്ത് മുറിഞ്ഞ് റോഡിൽ വീണ സമീർ സുരേഷിനെ ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന ഖേർവാദി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വൈകിട്ട് ആറോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.





TAGS :

Next Story