'എന്‍റെ രണ്ട് ആൺമക്കളെയും കൊന്നുകളഞ്ഞു. അവര് രണ്ടും ചെറിയ മക്കളായിരുന്നില്ലേ?...'; ബിഹാറിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം
പ്രദേശവാസികളായ അമിത് ചൗധരി, പ്രമേന്ദ്ര മഞ്ജി ചാത്തു മഞ്ജി, അവധ് കിഷർ ചൗധരി, ഗുഡ്ഡു മഞ്ജി, രഞ്ജൻ ചൗധരി, മൻഡു കുമാർ എന്നിവർക്കെതിരെ കുടുംബം പരാതി നൽകി

- Published:
1 Jun 2026 6:02 PM IST

പാറ്റ്ന: ബിഹാറിൽ കുടുംബങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സമാധാനംകെടുത്തി വീണ്ടും ആൾക്കൂട്ടക്കൊല. ബിഹാറിലെ സിവാൻ ജില്ലയിൽ ശിവരാജ്പൂർ സ്വദേശി ഷഹ്സാദ് അലിയാണ് അഞ്ചംഗ സംഘത്തിന്‍റെ ക്രൂരമർദനത്തിൽ കൊല്ലപ്പെട്ടത്. മെയ് 30ന് ഷഹ്സാദിനെ ആൾക്കൂട്ടം വീട്ടിൽ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയി മർദിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഷഹ്സാദിന്‍റെ ഭാര്യയുടെ പരാതിയിൽ ബാർഹരിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രദേശവാസികളായ അമിത് ചൗധരി, പ്രമേന്ദ്ര മഞ്ജി ചാത്തു മഞ്ജി, അവധ് കിഷർ ചൗധരി, ഗുഡ്ഡു മഞ്ജി, രഞ്ജൻ ചൗധരി, മൻഡു കുമാർ എന്നിവർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എല്ലാവരും ഒളിവിലാണെന്നാണ് റിപ്പോർട്ട്.
ബാർഹരിയ സ്റ്റേഷൻ പരിധിയിലെ ശിവരാജ്പൂരിൽ പ്രഫഷണൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു ഷഹ്സാദ് അലി. ഒരു കൂട്ടമാളുകൾ വീട്ടിലേക്ക് ഇരച്ചെത്തുകയും ബലമായി ഷെഹ്സാദിനെ പിടിച്ചുകൊണ്ടുപോകുകയുമായിരുന്നെന്ന് ഭാര്യ മുബീന ഹാതൂൻ പറഞ്ഞു. പിടിച്ചുകൊണ്ടുപോയതിന് മണിക്കൂറുകൾക്ക് ശേഷം ഷഹ്സാദ് മരിച്ചെന്ന വിവരമാണ് അവരറിഞ്ഞതെന്നും ഭാര്യ പ്രതികരിച്ചു. ഷഹ്സാദിനെ മരത്തിൽ കെട്ടിയിട്ട് വടിയുപയോഗിച്ച് ക്രൂരമായി മർദിച്ചതിന്‍റെ പാടുകൾ ശരീരത്തിലുണ്ടായിരുന്നെന്നും ഈ മർദനങ്ങളാണ് മരണകാരണമെന്നും മുബീന പൊലീസിന് നൽകിയ പരാതിയിലുണ്ട്. ഷഹ്സാദിന്‍റെ പോക്കറ്റിലുണ്ടായിരുന്ന 5000 രൂപയും അക്രമികൾ മോഷ്ടിച്ചെന്ന് പരാതിയിൽ അവർ കൂട്ടിച്ചേർത്തു.
രണ്ട് മാസങ്ങൾക്ക് മുൻപ് മൂത്ത മകനെയും സമാനമായ രീതിയിൽ നഷ്ടമായ കുടുംബത്തിന്, ഷഹ്സാദിന്‍റെ മരണം തീരാവേദനയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഷഹ്സാദിന്‍റെ ജേഷ്യഠൻ നൗഷാദ് അലിയെ രണ്ട് മാസങ്ങൾക്ക് മുൻപാണ് അസ്വാഭാവിക സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജോലിക്ക് പോയ നൗഷാദിനെ കാണാതായതിന് പിന്നാലെ നടത്തിയ വ്യാപക തിരച്ചിലിൽ പ്രദേശത്തെ മരത്തിൽ തൂങ്ങിയാടുന്ന നിലയിലാണ് കുടുംബത്തിന് കണ്ടെത്താൻ സാധിച്ചിരുന്നത്. സംഭവത്തിൽ പരാതി നൽകിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കേസ് എങ്ങുമെത്താതെ തുടരുന്നതിനിടെയാണ് കുടുംബത്തിന്‍റെ അടുത്ത അത്താണിയെയും നഷ്ടമാകുന്നത്.
'എന്‍റെ രണ്ട് ആൺമക്കളെയും കൊന്നുകളഞ്ഞു. അവര് രണ്ടും ചെറിയ മക്കളായിരുന്നില്ലേ. അവരെ ഞാനെങ്ങനെ നോക്കിയതായിരുന്നു? ഇനിയവരെ ആരാണ് നോക്കുക?' ഷഹ്സാദിന്‍റെ പിതാവ് ഖിയാമുദ്ദീൻ ഷാ പ്രതികരിച്ചു. പരാതിയിൽ മതിയായ രീതിയിൽ അന്വേഷണം നടത്തി പ്രതികൾക്കെതിരെ തക്കതായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധിക്കുമെന്നാണ് കുടുംബത്തിന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കപ്പെടുന്ന ആറ് പേർ ഒളിവിലാണെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
Adjust Story Font
16
