35കാരിയെ കൊലപ്പെടുത്തി മൃതദേഹം വാഴത്തോട്ടത്തിൽ കുഴിച്ചിട്ടു; 27കാരൻ അറസ്റ്റിൽ
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ യുവതി നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പൊലീസ് പറഞ്ഞു

Photo | NDTV
ഈറോഡ്: തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ കാണാതായ 35 വയസുള്ള യുവതിയുടെ മൃതദേഹം സ്വകാര്യ വാഴത്തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. യുവതിയുമായി ബന്ധമുണ്ടായിരുന്ന 27 വയസുള്ള ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോബിചെട്ടിപ്പാളയം പട്ടണത്തിന് സമീപമുള്ള കൃഷിയിടത്തിൽ നിന്നാണ് പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മഴയെത്തുടർന്ന് കൂൺ ശേഖരിക്കാൻ പാടത്ത് എത്തിയ പ്രദേശവാസികളാണ് മണ്ണിൽ നിന്ന് രക്തക്കറയുള്ള കത്തിയും മുടിയുടെ കുറച്ച് ഇഴകളും പുറത്തേക്ക് തള്ളിനിൽക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
അപ്പാക്കുടൽ സ്വദേശിനിയും ബ്യൂട്ടീഷ്യനുമായ സോണിയ ആണ് കൊല്ലപ്പെട്ടത്. നവംബർ രണ്ട് മുതൽ സോണിയയെ കാണാനില്ലായിരുന്നു. ജോലി സ്ഥലത്ത് നിന്ന് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി വിധവയായി കഴിയുന്ന സോണിയ മകൻ, മകൾ, അമ്മ എന്നിവർക്കൊപ്പമാണ് താമസിച്ചിരുന്നത്.
അന്വേഷണത്തിൽ, കൊല്ലപ്പെട്ട സോണിയയും പ്രതിയായ മോഹൻ കുമാറും തമ്മിലുള്ള കോൾ രേഖകൾ പൊലീസിന് ലഭിച്ചു. മൃതദേഹം കണ്ടെത്തിയ വാഴത്തോട്ടത്തിന്‍റെ ഉടമയും ബികോം ബിരുദധാരിയുമാണ് മോഹൻ കുമാർ. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ യുവതി നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും പൊലീസ് പറഞ്ഞു. കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മോഹൻ കുമാറിനെ ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Adjust Story Font
16

