Quantcast

വൈഷ്‍ണോ ദേവി മെഡി. കോളജിലെ 50 എംബിബിഎസ് വിദ്യാർഥികൾക്ക് സർക്കാർ മെഡി. കോളജുകളിൽ പ്രവേശനം നൽകുമെന്ന് ഉമർ അബ്ദുല്ല

മുസ്‌ലിം വിദ്യാർഥികൾ പ്രവേശനം നേടിയതിനെ തുടർന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകാരം റദ്ദാക്കിയതോടെ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായിരുന്നു.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-24 02:36:20.0

Published:

24 Jan 2026 7:33 AM IST

വൈഷ്‍ണോ ദേവി മെഡി. കോളജിലെ 50 എംബിബിഎസ് വിദ്യാർഥികൾക്ക് സർക്കാർ മെഡി. കോളജുകളിൽ പ്രവേശനം നൽകുമെന്ന് ഉമർ അബ്ദുല്ല
X

ശ്രീന​ഗർ: ജമ്മു കത്രയിലെ ശ്രീ മാതാ വൈഷ്‍ണോ ദേവി മെഡിക്കൽ കോളജിലെ 50 എംബിബിഎസ് വിദ്യാർഥികൾക്ക് ജമ്മു കശ്മീരിലെ ഏഴ് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകുമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. അനന്ത്നാഗ്, ബാരാമുല്ല, ദോഡ, ഹന്ദ്വാര, കത്വ, രജൗരി, ഉധംപുർ ഗവ. മെഡിക്കൽ കോളജുകളിലാണ് ഇവർക്ക് പ്രവേശനം നൽകുക.

വിദ്യാർഥികളുടെ കൗൺസലിങ് ജനുവരി 24ന് നടക്കും. കേന്ദ്രഭരണ പ്രദേശത്തുടനീളമുള്ള സർക്കാർ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി ജമ്മു കശ്മീർ ബോർഡ് ഓഫ് പ്രൊഫഷണൽ എൻട്രൻസ് എക്സാമിനേഷൻസ് (ബിഒപിഇ) ഫിസിക്കൽ കൗൺസലിങ്ങിനുള്ള ഷെഡ്യൂൾ പുറത്തിറക്കി. അനിശ്ചിതത്വങ്ങളില്ലാതെ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം തുടരാൻ വഴിയൊരുക്കുന്ന തീരുമാനമാണിതെന്ന് ഒമർ അബ്ദുല്ല പറഞ്ഞു.

'എസ്എംവിഡി കോളജിലെ 50 എംബിബിഎസ് വിദ്യാർഥികൾക്കുള്ള കോളജ് അലോക്കേഷൻ പ്രശ്നം സർക്കാർ പരിഹരിച്ചു. ബിഒപിഇ കൗൺസലിങ് ഷെഡ്യൂൾ പുറത്തിറക്കുന്നതോടെ വിദ്യാർഥികൾക്ക് പഠനവുമായി മുന്നോട്ട് പോകാനാവും'- മുഖ്യമന്ത്രി എക്‌സ് പോസ്റ്റിൽ പറഞ്ഞു.

മുസ്‌ലിം വിദ്യാർഥികൾ പ്രവേശനം നേടിയതിനെ തുടർന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകാരം റദ്ദാക്കിയതോടെ കോളജിലെ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായിരുന്നു. സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു മെഡി. കോളജിന്റെ അംഗീകാരം റദ്ദാക്കിയത്.

വൈഷ്‍ണോ ദേവി മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിലെ 50 പേരിൽ 42 വിദ്യാർഥികൾ കശ്മീരിലെ മുസ്‍ലിംകളായിരുന്നു. ഇതേതുടർന്ന് സംഘ്പരിവാർ സംഘടനകൾ കഴിഞ്ഞ വർഷം നവംബർ മുതൽ വ്യാപക പ്രതിഷേധമുയർത്തുകയും എല്ലാ സീറ്റുകളിലും ഹിന്ദു വിദ്യാർഥികൾക്ക് മാത്രം പ്രവേശനം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ് ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകാരം ഉണ്ടാക്കിയത്. സംഘ്പരിവാർ സംഘടനകൾക്കെതിരെ മുഖ്യമന്ത്രി ഉമർ അബ്ദുല്ല രംഗത്തെത്തുകയും വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അറിയിക്കുകയും ചെയ്തിരുന്നു. വിഎച്ച്പിയും ബജ്രം​ഗ്ദളുമാണ് പ്രതിഷേധം നടത്തിയത്.

2025–26 വർഷത്തേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവയ്ക്കണമെന്നും അടുത്ത വർഷം തിരഞ്ഞെടുക്കപ്പെടുന്ന മിക്ക വിദ്യാർഥികളും ഹിന്ദുക്കളാണെന്ന് ഉറപ്പാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു.

പ്രവേശന നടപടികൾ നിയമപരമെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നു. പ്രവേശനം കൃത്യമായ നടപടിക്രമം പാലിച്ചാണെന്നും ജമ്മു കശ്മീരിലെ 13 മെഡിക്കൽ കോളജുകളിലെ 1,685 സീറ്റുകളിലേക്കും നീറ്റ് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം നടത്തേണ്ടതെന്ന് നാഷണൽ മെഡിക്കൽ കൗൺസിൽ (എൻഎംസി) മാർ​ഗനിർദേശങ്ങൾ വ്യക്തമാക്കുന്നുവെന്നും അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും ദേശീയ മെഡിക്കൽ കമ്മീഷൻ മുഖവിലയ്ക്കെടുത്തിരുന്നില്ല.

TAGS :

Next Story