Quantcast

കൂട്ടുകാർക്കൊപ്പം കളിക്കവെ ആറ് വയസുകാരിയെ പിടിച്ചുകൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊന്ന് കുളത്തിൽ തള്ളി

പ്രതിക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് ഞായറാഴ്ച കുട്ടിയുടെ കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

MediaOne Logo
6 year-old Bihar girl dragged away raped killed family protests
X

പട്ന: കൂട്ടുകാർക്കൊപ്പം കളിക്കവെ ആറ് വയസുകാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് കൊന്ന് യുവാവ്. ബിഹാറിലെ ദർഭം​ഗയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപപ്രദേശത്ത് താമസിക്കുന്ന യുവാവ് പിടിച്ചുകൊണ്ടുപോവുകയും ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ വികാസ് മാത്രോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകീട്ട് കൂട്ടുകാർക്കൊപ്പം കളിക്കാൻ പുറത്തുപോയതായിരുന്നു കുട്ടി. എന്നാൽ തിരിച്ചുവന്നില്ല. ഇതോടെ, പരിഭ്രാന്തരായ കുടുംബം നാട്ടുകാരെ വിവരമറിയിക്കുകയും എല്ലാവരും ചേർന്ന് തിരച്ചിൽ നടത്തുകയുമായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനിടെ പ്രദേശത്തെ ഒരു ഒറ്റപ്പെട്ട സ്ഥലത്തെ കുളക്കരയിൽ നായകൾ കൂട്ടത്തോടെ കുരയ്ക്കുന്ന ശബ്ദം കേട്ടു. ഇതോടെ, ഇവിടേക്കെത്തിയ കുടുംബവും നാട്ടുകാരും കണ്ടത് കുളത്തിൽ ജീവനറ്റ് കിടക്കുന്ന കുട്ടിയെയാണ്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു.

യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷനിലെ പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സീനിയർ പൊലീസ് സൂപ്രണ്ട് ജ​ഗുനാഥ് റെഡ്ഡി സ്ഥലം സന്ദർശിക്കുകയും അന്വേഷണച്ചുമതല ഏറ്റെടുക്കുകയും ചെയ്തു.

മൂന്ന് കുട്ടികളാണ് പ്രദേശത്ത് കളിച്ചുകൊണ്ടിരുന്നതെന്നും പ്രതി ഇവരെ എല്ലാവരെയും പിടിക്കാൻ‍ ശ്രമിച്ചെങ്കിലും ഒരാളെ മാത്രമാണ് പിടികൂടാനായതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് ഈ കുട്ടിയെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയുമായിരുന്നു. രക്ഷപെട്ട കുട്ടികൾ പിന്നീട് സംഭവത്തെ കുറിച്ച് കുടുംബത്തോട് പറയുകയും ചെയ്തു.

തങ്ങൾക്ക് പ്രതിയെ തിരിച്ചറിയാനാകുമെന്ന് ഇവർ പൊലീസിനോട് പറ‍ഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വികാസ് മാത്രോ എന്നയാളാണ് പ്രതിയെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ വസ്ത്രത്തിൽ കുട്ടിയുടെ രക്തക്കറയുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

പ്രതിക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് ഞായറാഴ്ച കുട്ടിയുടെ കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രതിയെ തങ്ങൾക്ക് കൈമാറണമെന്നാവശ്യപ്പെട്ട പ്രതിഷേധക്കാർ, പൊലീസിനും ഭരണകൂടത്തിനുമെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളുമുൾപ്പെടെ പരിശോധിച്ചുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ കൊലപാതകത്തിന്റെ രീതിയുൾപ്പെടെ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story