Quantcast

കുപ്പിച്ചില്ലുകള്‍ മാറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കം,ഗ്രാമവാസികള്‍ക്ക് നേരെ വെടിവെപ്പ്; 34 വര്‍ഷം പഴക്കമുള്ള കേസില്‍ 85കാരന് മൂന്ന് വര്‍ഷം തടവ് ശിക്ഷ

കേസിന്റെ വിചാരണ നടക്കവേ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ട് പേർ മരണപ്പെട്ടിരുന്നു.

MediaOne Logo
കുപ്പിച്ചില്ലുകള്‍ മാറ്റുന്നതിനെച്ചൊല്ലിയുള്ള തർക്കം,ഗ്രാമവാസികള്‍ക്ക് നേരെ വെടിവെപ്പ്; 34 വര്‍ഷം പഴക്കമുള്ള കേസില്‍ 85കാരന് മൂന്ന് വര്‍ഷം തടവ് ശിക്ഷ
X

വൈശാലി: ദശാബ്ദങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, 34 വർഷം പഴക്കമുള്ള വധശ്രമക്കേസിൽ 85 വയസുകാരന് മൂന്ന് വർഷത്തെ കഠിനതടവ് വിധിച്ച് ബിഹാർ കോടതി. ബിഹാറിലെ വൈശാലി ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് മനോജ് കുമാർ തിവാരിയാണ് പ്രതിയായ ദീപ് റായിക്ക് ശിക്ഷ വിധിച്ചത്. എന്നാൽ, വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പരിഗണിച്ച് കോടതി ഇയാൾക്ക് താൽക്കാലിക ജാമ്യം അനുവദിച്ചിട്ടുണ്ട്.

കേസിലെ മറ്റ് നാല് പ്രതികൾക്ക് കോടതി 10 വർഷം വീതം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ലോകേശ്വർ റായ് (62), നരേഷ് റായ് (60), ഉദകേഷ്വർ റായ് (59), ജഗദീഷ് റായ് (50) എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികൾ.

1992 ഡിസംബർ 10-ന് ബിഹാറിലെ രാഘവോപൂർ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊതുവഴിയിലെ കുപ്പിച്ചില്ലുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വലിയ അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടയിൽ പ്രതികൾ തോക്കുകളും നാടൻ പിസ്റ്റളുകളുമായി എത്തി ഗ്രാമവാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ സ്ത്രീ അടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാടൻ തോക്കുകളിൽ നിന്നുള്ള പെല്ലറ്റുകളും ബുള്ളറ്റുകളും ഏറ്റാണ് ഇവർക്ക് മുറിവുകളുണ്ടായതെന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു. അന്ന് 51 വയസ്സുകാരനായിരുന്ന ദീപ് റായ് ആണ് വെടിവെയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് കോടതി കണ്ടെത്തി.

ദീർഘകാലം നീണ്ടുപോയ വിചാരണയ്ക്കൊടുവിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്. കേസിന്റെ വിചാരണ നടക്കവേ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ട് പേർ മരണപ്പെട്ടിരുന്നു.

"പ്രതിയായ ദീപ് റായിക്ക് 85 വയസ്സായിരിക്കുന്നു, ശാരീരികമായി അദ്ദേഹം തികച്ചും അശക്തനാണ്. ജയിലിലെ കഠിനമായ സാഹചര്യം അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്ന് വരില്ല. എങ്കിലും കുറ്റകൃത്യത്തിന് ശിക്ഷ നൽകേണ്ടത് അനിവാര്യമായതിനാൽ മാനുഷിക പരിഗണന മുൻനിർത്തിയാണ് കുറഞ്ഞ ശിക്ഷ വിധിക്കുന്നതെന്ന് ജഡ്ജി മനോജ് കുമാർ തിവാരി പറഞ്ഞു.

ദീപ് റായിക്കും മറ്റുള്ളവർക്കുമെതിരെ 1993ലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. വിചാരണയിലുണ്ടായ വലിയ താമസം കാരണം 2011-ലാണ് പ്രതികൾക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയത്. ഐപിസി സെക്ഷൻ 147 (ലഹള ഉണ്ടാക്കൽ), 149 (നിയമവിരുദ്ധമായി ഒത്തുചേരൽ), 148 (മാരകായുധങ്ങളുമായി ലഹളയുണ്ടാക്കൽ), 307 (വധശ്രമം), അംസ് ആക്ട് സെക്ഷൻ 27 എന്നിവ പ്രകാരമാണ് കുറ്റങ്ങൾ ചുമത്തിയത്. ഈ കേസിൽ 10 സാക്ഷികളുടെ മൊഴികളും പ്രൊസിക്യൂഷൻ ഹാജരാക്കിയിരുന്നു.

കേസിന്റെ വിചാരണ നീണ്ടുപോയത് തന്നെ പ്രതികൾക്കുള്ള ഒരു ശിക്ഷയായി മാറിയെന്നും, അതുകൊണ്ട് പരമാവധി ശിക്ഷ നൽകുന്നത് ന്യായമല്ലെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് വർഷം മാത്രം തടവ് ലഭിച്ചതിനാലും നിലവിൽ ജാമ്യത്തിലായിരുന്നതിനാലും, ഉയർന്ന കോടതിയിൽ അപ്പീൽ നൽകാനായി ദീപ് റായിക്ക് താൽക്കാലിക ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ മറ്റ് പ്രതികൾക്ക് പരമാവധി ശിക്ഷയായ 10 വർഷം തടവ് തന്നെ കോടതി വിധിച്ചു.

TAGS :

Next Story