Quantcast

'ഡോഗേഷ് ബാബു'വിന് ശേഷം 'ക്യാറ്റി ദേവി'; ഇത്തവണ ബിഹാറിൽ റെസിഡന്റ്‌സ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത് ഒരു പൂച്ച

നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിലും നായകളുടെ പേരിലും ബിഹാറിൽ റെസിഡന്റ്‌സ് സർട്ടിഫിക്കറ്റിന് അപേക്ഷകൾ സമർപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    11 Aug 2025 1:28 PM IST

ഡോഗേഷ് ബാബുവിന് ശേഷം ക്യാറ്റി ദേവി; ഇത്തവണ ബിഹാറിൽ റെസിഡന്റ്‌സ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത് ഒരു പൂച്ച
X

ബിഹാർ: ആദ്യം രണ്ട് നായ്ക്കൾ, പിന്നീട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഒരു സൊണാലിക്ക ട്രാക്ടറും. ഇപ്പോൾ ഒരു പൂച്ച. ബിഹാറിലെ റസിഡന്റ് സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷച്ചിരിക്കുന്നത് വിചിത്രമായ ആളുകളും മൃഗങ്ങളും. റോഹ്താസ് ജില്ലയിലെ അധികാരികൾക്കാണ് ഇപ്പോൾ 'ക്യാറ്റി ബോസ്', 'ക്യാറ്റി ദേവി' എന്നിവരുടെ മകനായ 'ക്യാറ്റ് കുമാറിന്റെ' പേരിൽ ഓൺലൈൻ അപേക്ഷ ലഭിച്ചിരിക്കുന്നത്.

വില്ലേജ് അതിമിഗഞ്ച്, വാർഡ് 07, പോസ്റ്റ് മഹാദേവ, പൊലീസ് സ്റ്റേഷൻ നസ്രിഗഞ്ച്, പിൻ 821310 എന്ന വിലാസത്തോടുകൂടിയ അപേക്ഷയിൽ ഒരു പൂച്ചയുടെ ഫോട്ടോയും ഉണ്ടായിരുന്നു. ഈ വിഷയത്തിൽ നടപടി സ്വീകരിച്ച നസ്രിഗഞ്ച് റവന്യൂ ഓഫീസർ കൗശൽ പട്ടേൽ ജൂലൈ 29 ന് പൊലീസിൽ പരാതി നൽകി. അപേക്ഷകന്റെ വിവരങ്ങൾ 'വ്യക്തമായും തെറ്റാണെന്നും പരിഹാസ്യമായി ഉദ്ദേശിച്ചുള്ളതാണെന്നും' പരാതിയിൽ പറയുന്നു. സർക്കാർ ജോലി തടസപ്പെടുത്താൻ ഓൺലൈൻ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു. സിസ്റ്റം എങ്ങനെയാണ് അപേക്ഷ സ്വീകരിച്ചതെന്നും ആരാണ് ഉത്തരവാദിയെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നായ്ക്കൾ ഉൾപ്പെട്ട സമാനമായ സംഭവങ്ങൾക്ക് ആഴ്ചകൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഗ്രാമപ്രദേശങ്ങളായ പട്ന, നവാഡ എന്നിവിടങ്ങളിൽ നിന്ന് 'ഡോഗ് ബാബു', 'ഡോഗേഷ് ബാബു' എന്നീ പേരുകളിൽ നേരത്തെ അപേക്ഷകൾ വന്നിരുന്നു. സമസ്തിപൂരിൽ നിന്ന് 'ഡൊണാൾഡ് ട്രംപിന്' വേണ്ടി അദ്ദേഹത്തിന്റെ യഥാർത്ഥ മാതാപിതാക്കളുടെ പേരുകൾ അടങ്ങിയ ഒരു അപേക്ഷയാണ് കൂട്ടത്തിൽ കൗതുകമുള്ളത്.

ജൂൺ 24 ന് തെരഞ്ഞെടുപ്പ് കമീഷൻ ബിഹാറിൽ സംസ്ഥാനവ്യാപകമായി വോട്ടർ പട്ടിക പരിഷ്കരണം ആരംഭിച്ചതിനുശേഷം നടന്ന നിരവധി സംഭവങ്ങളിൽ ഒന്നാണിത്. ബിഹാറിലെ 243 നിയോജകമണ്ഡലങ്ങളിലെ 90,712 പോളിംഗ് ബൂത്തുകളുടെയും കരട് പട്ടിക തെരഞ്ഞെടുപ്പ് കമീഷൻ ആഗസ്റ്റ് 1 ന് പുറത്തിറക്കിയിരുന്നു. 65.6 ലക്ഷം പേരുകൾ നീക്കം ചെയ്ത് 7.24 കോടി വോട്ടർമാരാക്കി ചുരുക്കയത്തിൽ പ്രതിഷേധം വ്യാപകമാണ്. ഇത്തരത്തിൽ വൻതോതിലുള്ള ഒഴിവാക്കലുകൾക്ക് സുപ്രിം കോടതി വിശദീകരണം തേടുകയും ചെയ്തു.

TAGS :

Next Story