ബലിപെരുന്നാൾ ദിനങ്ങളിൽ മുസ്‌ലിംകൾക്കെതിരെ നടന്നത് 46 അക്രമസംഭവങ്ങൾ; മൂന്നുപേർ കൊല്ലപ്പെട്ടു- എപിസിആർ റിപ്പോർട്ട്
മൃഗബലി, കന്നുകാലിക്കടത്ത്, പെരുന്നാൾ നമസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട് മുസ്‌ലിംകൾ വലിയ തോതിലുള്ള നിയന്ത്രണങ്ങളും ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വന്നുവെന്ന് റിപ്പോർട്ട് പറയുന്നു

- Published:
7 Jun 2026 7:03 PM IST

ന്യൂഡൽഹി: ബലിപെരുന്നാൾ ആഘോഷവേളയിൽ ഇന്ത്യയിലുടനീളം മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് വ്യാപകമായ അക്രമങ്ങളും പീഡനങ്ങളും നടന്നതായി റിപ്പോർട്ട്. മെയ് 11 നും മെയ് 29 നും ഇടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകൾക്കെതിരെ 46 അക്രമങ്ങൾ, ഭീഷണിപ്പെടുത്തലുകൾ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവ നടന്നതായി 'അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്' പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെരുന്നാൾ സമയത്ത് വിദ്വേഷ ആക്രമണങ്ങളിൽ വലിയ വർധനവാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
എപിസിആർ റിപ്പോർട്ട് പ്രകാരം രേഖപ്പെടുത്തപ്പെട്ട 46 സംഭവങ്ങളിൽ 30 എണ്ണവും നേരിട്ട് ബലിപെരുന്നാളുമായി ബന്ധപ്പെട്ടവയാണ്. മൃഗബലി, കന്നുകാലിക്കടത്ത്, പെരുന്നാൾ നമസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട് മുസ്‌ലിംകൾ വലിയ തോതിലുള്ള നിയന്ത്രണങ്ങളും ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടി വന്നു. പെരുന്നാൾ വേളയിൽ മുസ്‌ലിംകളുടെ മതപരമായ ആചാരങ്ങൾ തടസപ്പെടുത്തുന്നതിനായി വ്യവസ്ഥാപിതമായ രീതിയിൽ ഭയപ്പെടുത്തലിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഈ സംഭവങ്ങളുടെ രീതി വ്യക്തമാക്കുന്നതെന്ന് എപിസിആർ പറഞ്ഞു.
മെയ് 11ന് ബലിപെരുന്നാളിന് മുന്നോടിയായി ഹൈദരാബാദിൽ കന്നുകാലികളെ കടത്തുന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞതോടെയാണ് ഈ അക്രമ പരമ്പരകൾക്ക് തുടക്കമായത്. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ തുടർന്ന അക്രമ സംഭവങ്ങൾ മെയ് 29 വരെ നീണ്ടുനിന്നു. മെയ് 29ന് മീററ്റിൽ ഒരു ഹിന്ദു യുവാവ് സ്വന്തം വീടിന് മുന്നിൽ ഇറച്ചി കൊണ്ടുപോയിട്ട ശേഷം, പെരുന്നാൾ ബലിയുമായി ബന്ധപ്പെടുത്തി വർഗീയ സംഘർഷം സൃഷ്ടിക്കാൻ വ്യാജ പരാതി നൽകിയ സംഭവവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പെരുന്നാൾ ദിനങ്ങളായ മെയ് 25 മുതൽ 29 വരെയുള്ള അഞ്ച് ദിവസങ്ങൾക്കുള്ളിൽ മാത്രം 22 അക്രമങ്ങളാണ് ഉണ്ടായത്.
ഈ കാലയളവിൽ മൂന്ന് മുസ്‌ലിംകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി എപിസിആർ സ്ഥിരീകരിച്ചു. ഗുജറാത്തിൽ പശുവിനെ അറുത്തു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഒരു മുസ്‌ലിം യുവാവ് ക്രൂരമായ കസ്റ്റഡി മർദനത്തെ തുടർന്ന് മരണപ്പെട്ടു. അസമിൽ കന്നുകാലി മോഷണം ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. കന്നുകാലി കടത്തുകാരോട് 'സീറോ ടോളറൻസ്' (ഒട്ടും വിട്ടുവീഴ്ചയില്ല) നയമായിരിക്കും സ്വീകരിക്കുകയെന്ന് അസം മുഖ്യമന്ത്രി പരസ്യമായി ആവർത്തിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ കൊലപാതകം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂരിഭാഗം സംഭവങ്ങളിലും 'ഗോരക്ഷ' ഒരു പ്രധാന കാരണമായി മാറി. ഹരിയാനയിൽ കന്നുകാലി കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ക്രൂരമായി മർദിക്കുകയും ഗോമൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. തെലങ്കാനയിൽ കന്നുകാലികളല്ല, പ്ലൈവുഡ് ആണ് കൊണ്ടുപോകുന്നതെന്ന് ബോധ്യപ്പെട്ടിട്ടും തീവ്ര വലതുപക്ഷ പ്രവർത്തകർ ട്രക്ക് തകർക്കുകയും മൂന്ന് മുസ്‌ലിംകളെ പരിക്കേൽപ്പിക്കുകയും ചെയ്തു.
മുസ്‌ലിംകളുടെ മതപരമായ ആചാരങ്ങൾക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതിൽ ജനപ്രതിനിധികളും ഹിന്ദുത്വ സംഘടനകളും പ്രധാന പങ്കുവഹിച്ചതായി എപിസിആർ ആരോപിക്കുന്നു. ബിജെപി, ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ പ്രവർത്തകർ മൃഗബലിക്കും പെരുന്നാൾ നമസ്‌കാരത്തിനുമെതിരെയുള്ള പ്രചാരണങ്ങളിൽ പങ്കാളികളായതായി റിപ്പോർട്ടിൽ പേരെടുത്തു പറയുന്നുണ്ട്. മഹാരാഷ്ട്രയിൽ പലയിടങ്ങളിലും രാഷ്ട്രീയ നേതാക്കളും പ്രാദേശിക പ്രതിനിധികളും ബലിമൃഗങ്ങളെ സൂക്ഷിക്കുന്നതിനെ പരസ്യമായി എതിർക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാ അധികാരികൾക്ക് മേൽ സമ്മർദം ചെലുത്തുകയും ചെയ്തു.
പൊതുസ്ഥലങ്ങളിലെ മൃഗബലി, കന്നുകാലികളെ കൊണ്ടുവരുന്നത്, അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, റോഡിലെ നമസ്‌കാരം എന്നിവ നിയന്ത്രിച്ചുകൊണ്ട് നിരവധി സംസ്ഥാന ഭരണകൂടങ്ങൾ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇത്തരം നടപടികളും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും മുസ്‌ലിംകളുടെ മതപരമായ ആചാരങ്ങളെ ഒരു ക്രമസമാധാന പ്രശ്‌നമായി ചിത്രീകരിക്കാൻ കാരണമായെന്ന് എപിസി.ആർ വാദിക്കുന്നു.
താജ്മഹലിലെ പെരുന്നാൾ നമസ്‌കാരത്തിനെതിരെയുള്ള പ്രതിഷേധം, പൊതുസ്ഥലങ്ങളിലെ പ്രാർഥനകൾക്കെതിരെയുള്ള എതിർപ്പുകൾ എന്നിവയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ കല്യാണിൽ മുസ്‌ലിംകൾ പെരുന്നാൾ നമസ്‌കാരം നിർവഹിക്കുന്നതിനിടെ ഒരു കൂട്ടർ ഹനുമാൻ ചാലിസ ആലപിച്ച സംഭവവും ഉണ്ടായി.
ബലിപെരുന്നാൾ ആഘോഷങ്ങളെ ലക്ഷ്യമിട്ട് നടന്ന ഈ ആസൂത്രിത നീക്കങ്ങൾ പല സംസ്ഥാനങ്ങളിലും വർഗീയ ധ്രുവീകരണത്തിനുള്ള പ്രധാന കാരണമായി മാറിയെന്ന് റിപ്പോർട്ട് പറയുന്നു. വ്യവസ്ഥാപിത ഗ്രൂപ്പുകളുടെയും രാഷ്ട്രീയക്കാരുടെയും പ്രാദേശിക അധികാരികളുടെയും നിരന്തരമായ ഇടപെടലുകൾ, മുസ്‌ലിംകളുടെ മതപരമായ ആചാരങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ സാധാരണവൽക്കരിക്കുന്നതിന്റെ ലക്ഷണമാണെന്നും എപിസിആർ ആശങ്ക പ്രകടിപ്പിച്ചു.
Adjust Story Font
16
