'ദുബൈ ഷെയ്ഖിന് സെക്സ് പാർട്നറെ ആവശ്യമുണ്ട്, പറ്റിയ കൂട്ടുകാരി നിനക്കുണ്ടോ?'; പീഡനക്കേസിൽ അറസ്റ്റിലായ ചൈതന്യാനന്ദയുടെ കൂടുതൽ വാട്ട്സ്ആപ്പ് ചാറ്റുകൾ പുറത്ത്
'നിനക്ക് എന്നോടൊപ്പം കിടന്നൂടേ?' എന്നാണ് ഇയാളുടെ മറ്റൊരു ചോദ്യം.

Photo |NDTV
ന്യൂഡൽഹി: വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആൾദൈവം ചൈതന്യാനന്ദ സരസ്വതി വിദ്യാർഥിനികളെ വലയിൽ വീഴ്ത്താൻ നടത്തിയ കൂടുതൽ വാട്ട്സ്ആപ്പ് ചാറ്റുകൾ പുറത്ത്. വിദ്യാർഥിനികളിലൊരാളുമായി ചൈതന്യാനന്ദ നടത്തിയ ലൈംഗികച്ചുവയുള്ള വാട്ട്സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാർഥിനികളെ ലൈംഗികമായി മാത്രമല്ല, സോഷ്യൽമീഡിയയിലൂടെയും ചൂഷണം ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ചാറ്റുകൾ.
'ഒരു ദുബൈ ഷെയ്ഖിന് സെക്സ് പാർട്നറെ ആവശ്യമുണ്ട്' എന്നും 'അതിനു പറ്റിയ ഏതെങ്കിലും കൂട്ടുകാരി നിനക്കുണ്ടോ' എന്നും ഇയാൾ ഒരു വിദ്യാർഥിനിയോട് ചോദിക്കുന്നു. അങ്ങനെയാരുമില്ലെന്ന് വിദ്യാർഥിനി മറുപടി നൽകുമ്പോൾ, 'എങ്ങനെയെങ്കിലും നടക്കുമോ' എന്നാണ് ഇയാളുടെ അടുത്ത ചോദ്യം. തനിക്കറിയില്ലെന്ന് വിദ്യാർഥിനി പറയുമ്പോൾ, 'നിന്റെ ഏതെങ്കിലും ക്ലാസ്മേറ്റോ ജൂനിയറോ ഉണ്ടോ'യെന്ന് 62കാരനായ ഇയാൾ ചോദിക്കുന്നു.
മറ്റ് ചാറ്റുകളിൽ, ചൈതന്യാനന്ദ ഒരു ഇരയെ (മുകളിൽ പറഞ്ഞ അതേ പെൺകുട്ടി തന്നെയാണോ എന്ന് വ്യക്തമല്ല) 'സ്വീറ്റി ബേബി, ഡോട്ടർ ഡോൾ' പോലുള്ള പദങ്ങളാൽ ആവർത്തിച്ച് അഭിസംബോധന ചെയ്യുന്നതും പകലും രാത്രി വൈകിയും അശ്ലീല സന്ദേശങ്ങൾ അയച്ചിരിക്കുന്നതും കാണാം. 'നിനക്ക് എന്നോടൊപ്പം കിടന്നൂടേ?' എന്നാണ് ഇയാളുടെ ഒരു ചോദ്യം.
'ബേബീ' (രാത്രി 7.49), 'ബേബീ നീയെവിടെയാ?' ( രാത്രി 11.59), 'ഗുഡ് മോണിങ് ബേബീ' ( ഉച്ചയ്ക്ക് 12.40), 'നീയെന്താ എന്നോട് ദേഷ്യപ്പെടുന്നത്' (ഉച്ചയ്ക്ക് 12.41) എന്നിങ്ങനെ പോകുന്നു ഇയാളുടെ സന്ദേശങ്ങൾ. ഡിസ്കോ ഡാൻസ് ചെയ്യുന്നതിനെക്കുറിച്ചാണ് ഇയാളുടെ മറ്റൊരു മെസേജ്. അതിന് തന്നോടൊപ്പം ചേരാൻ ആഗ്രഹമുണ്ടോ എന്നും ഇയാൾ ചോദിക്കുന്നു.
17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഉത്തർപ്രദേശിലെ ആഗ്രയിലെ ഹോട്ടലിൽ നിന്ന് സെപ്തംബർ 27നാണ് ചൈതന്യാനന്ദ സരസ്വതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചൈതന്യാനന്ദയുമായി ബന്ധപ്പെട്ട എട്ട് കോടി രൂപ പൊലീസ് മരവിപ്പിച്ചിരുന്നു. ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാനാണ് ചൈതന്യാനന്ദ. ഇവിടുത്തെ വിദ്യാര്‍ഥികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
ചൈതന്യാനന്ദയ്ക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍ പുറത്തുവന്നിരുന്നു. ഉന്നത അന്താരാഷ്ട്ര നയതന്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ചൈതന്യാനന്ദ സരസ്വതി വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ചു എന്നാണ് ഡൽഹി പൊലീസ് കണ്ടെത്തിയത്. ചൈതന്യാനന്ദയുടെ കൈയിൽ നിന്നും രണ്ട് വ്യാജ ഐഡി കാർഡുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംബാസഡർ, ഇന്ത്യയുടെ പ്രത്യേക ദൂതൻ, ബ്രിക്സ് രാജ്യങ്ങളുടെ ജോയിന്റ് കമ്മീഷൻ അംഗം എന്നിങ്ങനെ വിശേഷങ്ങളുള്ള കാർഡുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കാർഡുകൾ പൂർണമായും വ്യാജമാണെന്നും ഇയാള്‍ക്ക് ഒരു ബന്ധവുമില്ലെന്നും അധികൃതർ പറഞ്ഞു.
ഇതിന് പുറമേ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റില്‍ 122 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണവുമുണ്ട്. ഒന്നിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ പിന്നാലെ ആഗസ്റ്റ് മുതല്‍ ഇയാൾ ഒളിവിലായിരുന്നു. നിരവധി വിദ്യാര്‍ഥിനികളാണ് സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ലൈംഗികമായി ഉപദ്രവിച്ചു, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു, മോശം സന്ദേശങ്ങൾ അയച്ചു എന്നിങ്ങനെയാണ് വിദ്യാര്‍ഥികളുടെ പരാതി.
Adjust Story Font
16





