മധ്യപ്രദേശിൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് വാഗ്‌ദേവി ഭോജ്പാൽ സർവകലാശാല എന്ന് മാറ്റാൻ തീരുമാനം
ഒന്നാം ലോകമഹായുദ്ധകാലത്ത് അഫ്ഗാനിസ്ഥാനിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയുടെ ആദ്യത്തെ താൽക്കാലിക പ്രവാസി സർക്കാരിന്റെ പ്രധാനമന്ത്രിയായിരുന്നു മൗലാന ബർക്കത്തുല്ല

- Published:
4 Jun 2026 7:55 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ പ്രശസ്തമായ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റാൻ എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനം. സർവകലാശാലയുടെ പേര് മാറ്റി 'വാഗ്‌ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാനുള്ള പ്രമേയമാണ് ബുധനാഴ്ച ചേർന്ന പ്രത്യേക യോഗത്തിൽ കൗൺസിൽ പാസാക്കിയത്. അന്തിമ അനുമതിക്കായി പ്രമേയം ഗവർണറും ചാൻസലറുമായ മംഗുഭായ് സി. പട്ടേലിന് അയച്ചിരിക്കുകയാണ്. പേര് മാറ്റത്തിന് പുറമെ, അറബിക്, പേർഷ്യൻ തുടങ്ങിയ പരമ്പരാഗത ഭാഷാ വിഭാഗങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് 'ഡിപ്പാർട്ട്‌മെന്റ് ഓഫ് കംപാരറ്റീവ് ലാംഗ്വേജസ് ആൻഡ് കൾച്ചർ' എന്ന പുതിയ വകുപ്പ് രൂപീകരിക്കാനും സർവകലാശാലയുടെ പരമോന്നത സമിതി തീരുമാനിച്ചിട്ടുണ്ട്.
പ്രദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകത്തെ ആദരിക്കുന്നതിനും, മഹാനായ പർമാര രാജാവ് രാജാ ഭോജിന്റെ ബൗദ്ധിക സംഭാവനകളെ അംഗീകരിക്കുന്നതിനുമാണ് ഈ പേര് മാറ്റമെന്ന് സർവകലാശാല രജിസ്ട്രാർ ഡോ. എസ്.ബി സിങ് പറഞ്ഞു.
പതിനൊന്നാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന രാജാ ഭോജിന്റെ സാഹിത്യ, ശാസ്ത്ര, വാസ്തുവിദ്യാ സംഭാവനകളെ പ്രമേയത്തിൽ എടുത്തുപറയുന്നുണ്ട്. സരസ്വതി ദേവിയുടെ വിഗ്രഹവുമായി ബന്ധപ്പെടുത്തിയാണ് 'വാഗ്‌ദേവി' എന്ന പേര് നിർദേശിച്ചിരിക്കുന്നത്.
പുതിയ നിർദേശത്തിൽ രാജാ ഭോജിനെയും സ്വാതന്ത്ര്യസമര സേനാനിയായ മൗലാന ബർക്കത്തുല്ലയെയും തമ്മിൽ നേരിട്ട് താരതമ്യം ചെയ്തതാണ് വിവാദം കടുപ്പിച്ചത്. ഭോപ്പാൽ സ്വദേശിയായിരുന്നു എന്നതൊഴിച്ചാൽ ബർക്കത്തുല്ല ഭോപ്പാലി് ഈ പ്രദേശത്തിന് വേണ്ടി എടുത്തുപറയത്തക്ക സംഭാവനകളൊന്നും നൽകിയതായി കാണുന്നില്ല എന്ന് പ്രമേയത്തിൽ പരാമർശമുണ്ട്.
സ്വാതന്ത്ര്യസമര സേനാനിയെ അപമാനിക്കുന്ന ഈ നീക്കത്തെ കൗൺസിൽ അംഗം പ്രൊഫ. താഹിറ അബ്ബാസി ശക്തമായി എതിർത്തു. പേര് മാറ്റുന്നതിന് പകരം പുതിയ പേരിൽ മറ്റൊരു സർവകലാശാല സ്ഥാപിക്കുകയാണ് വേണ്ടതെന്ന് അവർ നിലപാടെടുത്തു.
വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് കടുത്ത വിമർശനവുമായി രംഗത്തെത്തി. ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമാണിതെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.സി ശർമ ആരോപിച്ചു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ഈ തീരുമാനം റദ്ദാക്കുമെന്നും പഴയ പേര് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലകൾ ഇത്തരം വിവാദങ്ങളിലല്ല, മറിച്ച് അക്കാദമിക് കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി മുകേഷ് നായക് പ്രതികരിച്ചു.
അതേസമയം, പ്രാദേശിക സംസ്‌കാരത്തെയും പൈതൃകത്തെയും ഉയർത്തിപ്പിടിക്കുന്നതിനാണ് തീരുമാനമെന്നും ജനവികാരത്തിന് അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ബിജെപി മീഡിയ സെൽ കൺവീനർ ആശിഷ് അഗർവാൾ പറഞ്ഞു. എക്‌സിക്യൂട്ടീവ് കൗൺസിൽ എടുത്ത തീരുമാനം ഔദ്യോഗികമായി ലഭിച്ച ശേഷം വിശദമായി പഠിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഇന്ദർ സിങ് പർമർ പറഞ്ഞു.
1970-ൽ ഭോപ്പാൽ സർവകലാശാല എന്ന പേരിൽ സ്ഥാപിതമായ ഈ കലാലയം, ഭോപ്പാൽ സ്വദേശിയായ പ്രമുഖ വിപ്ലവകാരി മൗലാന ബർക്കത്തുല്ലയോടുള്ള ആദരസൂചകമായി 1988-ലാണ് ബർക്കത്തുല്ല സർവകലാശാല എന്ന് പുനർനാമകരണം ചെയ്തത്. ഒന്നാം ലോകമഹായുദ്ധകാലത്ത് അഫ്ഗാനിസ്ഥാനിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയുടെ ആദ്യത്തെ താൽക്കാലിക പ്രവാസി സർക്കാരിന്റെ പ്രധാനമന്ത്രിയായിരുന്നു മൗലാന ബർക്കത്തുല്ല. ഗദ്ദർ പ്രസ്ഥാനത്തിലൂടെയും വിദേശരാജ്യങ്ങളിലെ വിപ്ലവ പ്രവർത്തനങ്ങളിലൂടെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ അദ്ദേഹം 1927-ൽ അമേരിക്കയിൽ വെച്ചാണ് അന്തരിച്ചത്.
ബിജെപി ഭരണത്തിന് കീഴിൽ മധ്യപ്രദേശിൽ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റുന്നത് ഇതാദ്യമല്ല. അടുത്തിടെ ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേര് 'റാണി കമലാപതി' എന്നും, ഹോഷംഗാബാദ് ജില്ലയുടെ പേര് 'നർമദാപുരം' എന്നും മാറ്റിയിരുന്നു.
Adjust Story Font
16
