Quantcast

ബിഹാറില്‍ എന്‍ഡിഎക്ക് തലവേദനയായി ചിരാഗ് പാസ്വാന്‍; സീറ്റ് വിഭജനം കീറാമുട്ടിയാവും

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റിലും വിജയിച്ച എല്‍ജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്

MediaOne Logo

Web Desk

  • Published:

    4 Sept 2025 4:49 PM IST

BJP Has A Chirag Paswan-Shaped Problem In Bihar
X

പട്‌ന: ബിഹാറില്‍ കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യം സൃഷ്ടിക്കുന്ന വെല്ലുവിളി മറികടക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന എന്‍ഡിഎക്ക് മുന്നില്‍ മറ്റൊരു പ്രധാന വിലങ്ങുതടിയാവുകയാണ് ചിരാഗ് പാസ്വാന്റെ എല്‍ജെപി. സീറ്റ് വിഭജനത്തില്‍ എല്‍ജെപിയെ എങ്ങനെ തൃപ്തിപ്പെടുത്തും എന്നതില്‍ ബിജെപിക്ക് ആശങ്കയുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റിലും വിജയിച്ച എല്‍ജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. എന്‍ഡിഎയിലെ പ്രധാന കക്ഷികളായ ബിജെപിക്കും ജെഡിയുവിനും മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ചിരാഗ് പാസ്വാന്‍ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. ജെഡിയു, ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം പാര്‍ട്ടികള്‍ക്ക് ഇത് അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും ബിജെപി കരുതലോടെയാണ് പ്രതികരിച്ചത്.

ലോക്ജനശക്തി പാര്‍ട്ടി (രാം വിലാസ് പാസ്വാന്‍)യുടെ നേതാവാണ് ചിരാഗ് പാസ്വാന്‍. ബിഹാര്‍ രാഷ്ട്രീയത്തിലെ അതികായകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്‍ ആണ് എല്‍ജെപി രൂപീകരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം മകനായ ചിരാഗ് പാസ്വാനും സഹോദരന്‍ പശുപതി പരസും തമ്മില്‍ തര്‍ക്കമുണ്ടായി. എന്നാല്‍ പാസ്വാന്‍ സമുദായത്തിന്റെ പിന്തുണ നേടുന്നതില്‍ ചിരാഗ് ആണ് വിജയിച്ചത്. ബിഹാര്‍ ജനസംഖ്യയുടെ ആറ് ശതമാനത്തോളം വരുന്ന ദലിത് വിഭാഗമാണ് പാസ്വാന്‍മാര്‍.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചിരാഗ് പാസ്വാന്റെ പാര്‍ട്ടി മത്സരിച്ച അഞ്ച് സീറ്റിലും വിജയിച്ചിരുന്നു. ആറ് ശതമാനം വോട്ട് വിഹിതവും സ്വന്തമാക്കി. 2020ല്‍ രാം വിലാസ് പാസ്വാന്റെ മരിച്ചതിന് പിന്നാലെ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിഭക്ത എല്‍ജെപി ഒറ്റക്കാണ് മത്സരിച്ചത്. ഒരു സീറ്റാണ് അന്ന് നേടാനായത്. ഒമ്പത് സീറ്റുകളില്‍ രണ്ടാമതെത്തുകയും 5.6 ശതമാനം വോട്ടുകള്‍ നേടുകയും ചെയ്തു. ഇത് എന്‍ഡിഎക്ക് വലിയ തിരിച്ചടിയായിരുന്നു. സീറ്റ് വിഭജനത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ചിരാഗ് പാസ്വാന്‍ സൂചന നല്‍കിയിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന ഭയം ബിജെപി നേതൃത്വത്തിനുണ്ട്.

40 സീറ്റുകള്‍ വേണമെന്നാണ് ചിരാഗ് പാസ്വാന്‍ ബിജെപി നേതൃത്വത്തിന് മുന്നില്‍വെച്ചിരിക്കുന്ന ആവശ്യമെന്നാണ് വിവരം. പരമാവധി 25 സീറ്റ് മാത്രമേ നല്‍കാനാവൂ എന്നാണ് ബിജെപി പറയുന്നത്. നിലവില്‍ കേന്ദ്ര മന്ത്രിയായ ചിരാഗ് പാസ്വാന്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കി ദേശീയ രാഷ്ട്രീയത്തില്‍ കൂടി നിര്‍ണായക ശക്തിയാവാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം ചിരാഗ് പാസ്വാന്റെ പാര്‍ട്ടിക്ക് അമിത പരിഗണന നല്‍കുന്നത് ജെഡിയുവിനെ അസ്വസ്ഥമാക്കുമെന്ന് ഉറപ്പാണ്. കേന്ദ്ര ഭരണത്തില്‍ ജെഡിയു പിന്തുണ നിര്‍ണായകമായതിനാല്‍ അവരെ പിണക്കാന്‍ ബിജെപി തയ്യാറാവില്ല. ഭാവിയില്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനവും ചിരാഗ് പാസ്വാന്‍ ലക്ഷ്യമിടുന്നുണ്ട്. 'ബിഹാര്‍ ആദ്യം, ബിഹാറി ആദ്യം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ചിരാഗ് ഉയര്‍ത്തുന്നത് ഇതിന്റെ ഭാഗമായാണ്. താന്‍ വെറുമൊരു എന്‍ഡിഎ ഘടകകക്ഷി മാത്രമല്ല സ്വന്തമായി ഒരു ശക്തമായ രാഷ്ട്രീയ ശക്തിയെന്ന് അറിയിക്കാന്‍ ചിരാഗ് എപ്പോഴും ശ്രമിക്കാറുണ്ട്. മറ്റു ഘടകകക്ഷികളെ പിണക്കാതെ ചിരാഗ് പാസ്വാനെ കൂടെ നിര്‍ത്തുക എന്ന വലിയ കടമ്പയാണ് ബിജെപിക്ക് മുന്നിലുള്ളത്.

TAGS :

Next Story