'രാഷ്ട്രീയത്തിൽ വിജയം നേടാൻ വിജയ് ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണം'; വിവാദ പ്രസ്താവനയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ഏക എതിരാളി തന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആയിരിക്കുമെന്ന വിജയിയുടെ പ്രസ്താവനക്ക് മറുപടിയായാണ് നാഗേന്ദ്രന്റെ പരാമർശം

- Published:
15 Feb 2026 1:32 PM IST

ചെന്നൈ: രാഷ്ട്രീയത്തിൽ വിജയം നേടുന്നതിനും അനുഭവം നേടുന്നതിനും വിജയ് ആദ്യം നടി തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണമെന്ന ബിജെപി തമിഴ്നാട് പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ഏക എതിരാളി തന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആയിരിക്കുമെന്ന വിജയിയുടെ പ്രസ്താവനക്ക് മറുപടിയായാണ് നാഗേന്ദ്രന്റെ പരാമർശം.
മേൽക്കൂരയിൽ കയറാൻ പോലും കഴിയാത്ത ഒരാൾ സ്വർഗത്തിലേക്ക് കയറുന്നത് സ്വപ്നം കാണുകയാണെന്ന് നാഗേന്ദ്രൻ വിജയിയെ പരിഹസിച്ചു. പ്രസ്താവന വിവാദമായെങ്കിലും തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുകയാണ് നാഗേന്ദ്രൻ. താൻ ഒരുതവണ മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും പ്രസ്താവന പിൻവലിക്കാൻ തയ്യാറല്ലെന്നും നാഗേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നാഗേന്ദ്രന്റെ പ്രസ്താവനക്ക് പ്രതികരണവുമായി ഭരണകക്ഷിയായ ഡിഎംകെ രംഗത്ത് വന്നു. സ്ത്രീകളെ ബഹുമാനിക്കാത്തതിന് പേരുകേട്ടവരാണ് ബിജെപി നേതാക്കളെന്നും നാഗേന്ദ്രൻ ആർഎസ്എസിന്റെ അടിമയായി മാറിയിരിക്കുന്നുവെന്നും പാർട്ടി വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.
തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയും ബിജെപി നേതാവിന്റെ പ്രസ്താവനയെ അപലപിച്ചു. പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും തൃഷയുടെ പേര് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചത് എന്തിനാണെന്നും കോൺഗ്രസ് പ്രസിഡന്റ് സെൽവപെരുന്തഗൈ ചോദിച്ചു. എന്നാൽ നാഗേന്ദ്രന് പിന്തുണച്ച് ബിജെപി സംസ്ഥാന നേതൃത്വം. നാഗേന്ദ്രൻ 'നല്ല അർഥത്തിൽ' പ്രയോഗിച്ച വാക്കുകൾ ഡിഎംകെ രാഷ്ട്രീയ നേട്ടത്തിനായി വളച്ചൊടിച്ചതായി ബിജെപി നേതാക്കൾ ആരോപിച്ചു. തമിഴ്‌നാട്ടിൽ ഒരു രാഷ്ട്രീയ റാലിക്കിടെ നടത്തിയ പരാമർശം സംസ്ഥാനത്ത് ഇപ്പോഴും ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Adjust Story Font
16
