Quantcast

സംസ്ഥാനങ്ങൾക്ക് സി.എ.എ നടപ്പാക്കാതിരിക്കാൻ കഴിയുമോ? ഭരണഘടനാ വിദഗ്ധർ പറയുന്നത്...

കേന്ദ്രം കൊണ്ടുവന്ന സി.എ.എ നിയമത്തിനെതിരെ 220 ഹരജികൾ

MediaOne Logo

Web Desk

  • Published:

    14 March 2024 10:07 AM GMT

Can state governments not implement CAA? Constitutional experts say...
X

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ ബി.ജെ.പി സർക്കാർ പൗരത്വഭേദഗതി നിയമം(സി.എ.എ) നടപ്പാക്കിയിരിക്കുകയാണ്. മാർച്ച് 11ന് വൈകീട്ടാണ് നിയമം വിജ്ഞാപനം ചെയ്തത്. 2019ൽ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പാക്കാക്കുകയായിരുന്നു. മുസ്‌ലിംകളെ പുറന്തള്ളാനും അതുവഴി രാഷ്ട്രീയ നേട്ടം കൊയ്യാനുമാണ് നിയമം കൊണ്ടുവന്നതാണെന്നാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും സാമൂഹിക മത സംഘടനകളുമൊക്കെ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ, പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങൾ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഭരണഘടനാപരമായി ഈ പ്രഖ്യാപനത്തിന്റെ സാധുത എത്രയുണ്ടെന്ന് നമുക്ക് പരിശോധിക്കാം.

പൗരത്വം കേന്ദ്ര വിഷയം

ഭരണഘടനയുടെ 246-ാം അനുച്ഛേദം പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കുമുള്ള നിയമനിർമാണ അധികാരങ്ങളെ നിർവചിക്കുന്നുണ്ട്. ഈ ആർട്ടിക്കിൾ അനുസരിച്ച്, 'സ്റ്റേറ്റ് ലിസ്റ്റ്' പ്രകാരം ലിസ്റ്റ് ചെയ്തിട്ടുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് നിയമനിർമാണം നടത്താം, അതേസമയം 'യൂണിയൻ ലിസ്റ്റിന്' കീഴിലുള്ള കാര്യങ്ങളിൽ കേന്ദ്രമാണ് നിയമനിർമാണം നടത്തുക. എന്നാൽ, 'കൺകറന്റ് ലിസ്റ്റിലെ' കാര്യങ്ങളിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിയമനിർമാണം നടത്താം.

പൗരത്വം 'യൂണിയൻ ലിസ്റ്റിന്' കീഴിൽ വരുന്നതാണ്. അതിനാൽ വിഷയത്തിൽ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാറിനാണ് അധികാരം. കൂടാതെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 11 പൗരത്വ നിയമങ്ങൾ നിർമിക്കാനുള്ള അധികാരം കേന്ദ്രത്തിനാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യൻ യൂണിയൻ ഭരണനിർവഹണ സംവിധാനം നൽകുന്ന നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ പാലിക്കണമെന്ന് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നു.

അതിനാൽ സി.എ.എ നടപ്പാക്കാൻ മാത്രമേ സംസ്ഥാന സർക്കാറുകൾക്ക് കഴിയൂവെന്നാണ് നിയമവിദഗ്ധരെ ഉദ്ധരിച്ച് ഇൻഡ്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. 'പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കുകയല്ലാതെ സംസ്ഥാനങ്ങൾക്ക് മറ്റ് വഴികളില്ല. ഏതെങ്കിലും വിധത്തിൽ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമുണ്ടെന്ന് സംസ്ഥാനത്തിന് തോന്നിയാൽ അവർക്ക് സുപ്രിംകോടതിയെ സമീപിക്കാം' ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി ഇന്ത്യ ടുഡേയോട് പറഞ്ഞു.

'കേന്ദ്രത്തിന് തീരുമാനങ്ങളെടുക്കാൻ കഴിയുന്ന വിഷയങ്ങളും സംസ്ഥാനത്തിന് തീരുമാനിക്കാൻ കഴിയുന്ന വിഷയങ്ങളും തമ്മിൽ വ്യക്തമായ അതിർവരമ്പുണ്ട്, ഈ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ പാസാക്കിയ നിയമങ്ങളെ മറികടക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല' സുപ്രിംകോടതി അഭിഭാഷകൻ അശ്വനി ദുബെ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.

'സിഎഎ നടപ്പാക്കുന്നതിനെ എതിർക്കുന്ന സംസ്ഥാനങ്ങൾക്ക് ഭരണഘടന പ്രകാരം അങ്ങനെ ചെയ്യാൻ അധികാരമില്ല' ദുബെ കൂട്ടിച്ചേർത്തു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റിന് കീഴിലായാണ് സിഎഎ നടപ്പാക്കിയിരിക്കുന്നത്. പ്രതിരോധം, വിദേശകാര്യം, റെയിൽവേ, പൗരത്വം എന്നിങ്ങനെ 97 ഇനങ്ങളാണ് ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റിലുള്ളത്. സംസ്ഥാനങ്ങൾ സിഎഎ നടപ്പാക്കിയില്ലെങ്കിൽ അത് പൗരന്മാരുടെ മൗലികാവകാശങ്ങളെ ലംഘിക്കുമെന്ന് ദുബെ വിശദീകരിച്ചു.

'ആവശ്യമെങ്കിൽ, ഒരു പ്രത്യേക സംസ്ഥാനത്തെ പൗരന്മാർക്ക് അവരുടെ മൗലികാവകാശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം' ദുബെ വിശദീകരിച്ചു.

'പൗരത്വം പൂർണമായും കേന്ദ്ര സർക്കാരിന്റെ ഡൊമെയ്നാണ്. എന്നാൽ ഫെഡറലിസത്തിൽ, സംസ്ഥാനങ്ങളും ചില പങ്ക് വഹിക്കുന്ന പ്രവണതയും പാരമ്പര്യവുമുണ്ട്. എന്നാൽ, അവരെ ഇതിൽ പങ്കാളിയാക്കാൻ യൂണിയൻ ആഗ്രഹിക്കുകയും അധികാരം നൽകുകയും ചെയ്യുമ്പോൾ മാത്രമാണിത്' സുപ്രിംകോടതി അഭിഭാഷകൻ അനസ് തൻവീർ പറഞ്ഞു.

പൗരത്വം ഉൾപ്പെടെയുള്ള യൂണിയൻ ലിസ്റ്റിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾ പാർലമെന്റിന്റെ അധികാരപരിധിയിൽ മാത്രമുള്ളതാണ്. അതേസമയം സംസ്ഥാന ലിസ്റ്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന കാര്യങ്ങൾ സംസ്ഥാന നിയമസഭകളുടെ നിയന്ത്രണത്തിലാണ്.

കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമങ്ങൾ നടപ്പാക്കുന്നത് നിരസിക്കാൻ ഏതെങ്കിലും സംസ്ഥാനം ശ്രമിക്കുന്നത് നിയമപരമായി അംഗീകരിക്കാനാവില്ലെന്നും പാർലമെന്റ് ഉണ്ടാക്കുന്ന നിയമങ്ങൾക്ക് സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണെന്നും സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ വി ധനഞ്ജയ് പറഞ്ഞു.

കേന്ദ്രം സിഎഎ പാസാക്കിയാൽ സംസ്ഥാനങ്ങൾക്ക് നടപ്പാക്കാതിരിക്കാനാകില്ലെന്ന് ഇന്ത്യൻ നിയമ വൃത്തങ്ങളിലെ മുൻനിര പണ്ഡിതനായി കണക്കാക്കപ്പെടുന്നയാളും സിഎഎയെ എതിർക്കുന്നയാളുമായ കപിൽ സിബൽ 2020ൽ പറഞ്ഞിരുന്നു.

സിഎഎ നടപ്പാക്കുന്നത് നിഷേധിക്കാൻ ഒരു സംസ്ഥാനത്തിനും ഒരു മാർഗവുമില്ലെന്നും അങ്ങനെ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

'സിഎഎ പാസാക്കിയാൽ, ഞാൻ അത് നടപ്പാക്കല്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാൻ കഴിയില്ല. അത് സാധ്യമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. നിങ്ങൾക്ക് അതിനെ എതിർക്കാം, നിയമസഭയിൽ പ്രമേയം പാസാക്കുകയും അത് പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യാം. എന്നാൽ ഭരണഘടനാപരമായി ഞാൻ അത് നടപ്പാക്കില്ലെന്ന് പറയുന്നത് പ്രശ്നമുണ്ടാക്കുകയും കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യും'മുൻ നിയമമന്ത്രി കൂടിയ സിബൽ കേരളത്തിലെ ഒരു ലിറ്റ്‌ഫെസ്റ്റിൽ പറഞ്ഞു.

പ്രതിപക്ഷ മുഖ്യമന്ത്രിമാർ പറഞ്ഞത്:

കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അതത് സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാരിന്റെ നടപടി രാജ്യത്ത് പ്രശ്‌നം സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം കൊണ്ടുവന്നത്.

പൗരത്വ (ഭേദഗതി) നിയമം 2019 നടപ്പാക്കുന്നതിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്ത് വന്നിരുന്നു. വിജ്ഞാപനം ചെയ്ത നിയമങ്ങൾ 'ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ്' എന്നാണ് അവർ ചൊവ്വാഴ്ച പറഞ്ഞത്.

'ഇത് ബിജെപിയുടെ പണിയാണ്. തെരഞ്ഞെടുപ്പ് അടുത്താലുടൻ അവർ വാർത്താ ചാനലുകളിലൂടെ വിവരങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങുന്നു, എന്നിട്ട് അത് ആളുകളിലേക്ക് എത്തിക്കുന്നു. ഭയപ്പെടേണ്ട. ഞങ്ങൾ ഇവിടെ സിഎഎ അനുവദിക്കില്ല. ഇത് ബംഗാളാണ്.' മമതാ ബാനർജി പറഞ്ഞു.

അതേസമയം, സിഎഎ ഭരണകൂട വിരുദ്ധമാണെന്നും സംസ്ഥാന സർക്കാർ നടപ്പാക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. 'സിഎഎ പൂർണമായും അനാവശ്യമാണ്, അത് പിൻവലിക്കണം. നിയമം തമിഴ്‌നാട്ടിൽ നടപ്പാക്കാൻ ഒരു വിധത്തിലും അനുവദിക്കില്ല. ഇന്ത്യയുടെ ഐക്യത്തെ ബാധിക്കുന്ന ഒരു നിയമത്തിനും സംസ്ഥാന സർക്കാർ ഇടംനൽകില്ലെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളോട് ഞാൻ വ്യക്തമാക്കുന്നു' എംകെ സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.

സിഎഎക്കെതിരെ നിയമയുദ്ധം

കേന്ദ്രം കൊണ്ടുവന്ന സിഎഎ നിയമത്തിനെതിരെ വിവിധ സംസ്ഥാന സർക്കാറുകളും രാഷ്ട്രീയ പാർട്ടികളും സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. 220 ഹരജികളിൽ വിഷയത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ), തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്, ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഉവൈസി, കോൺഗ്രസ് നേതാവ് ദേബബ്രത സൈകിയ, എൻജിഒകളായ റിഹായ് മഞ്ച്, സിറ്റിസൺ എഗൈൻസ്റ്റ് ഹൈറ്റ്, അസം അഡ്വക്കേറ്റ്സ് അസോസിയേഷൻ, ചില നിയമവിദ്യാർത്ഥികൾ, കേരള സർക്കാരിന്റെ പ്രത്യേക ഹർജി എന്നിവയൊക്കെ ഏറെ നാളായി തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണ്.

പൗരത്വ ഭേദഗതി നിയമം ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയതോടെ സ്‌റ്റേ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നിയമനടപടി തുടങ്ങിയിട്ടുണ്ട്. വിജ്ഞാപനത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ കേരളവും ആലോചിക്കുന്നുണ്ട്. 2019ൽ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2020 ജനുവരിയിൽ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ പിണറായി സർക്കാർ ഹരജി നൽകിയത്. ഇതിനു പിന്നാലെ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പലയാവർത്തി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്നലെ കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതിനു പിന്നാലെ ഇതേ നിലപാട് അദ്ദേഹം ആവർത്തിച്ചിരുന്നു.

Can state governments not implement CAA? Constitutional experts say...

TAGS :

Next Story