തിരക്കേറിയ റോഡില്‍ പെട്ടെന്നൊരു ഗര്‍ത്തം; കാര്‍ നേരെ കുഴിയിലേക്ക്, യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു -വീഡിയോ
റോഡിൻ്റെ ഒരു ഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞതോടെ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് തലകീഴായി കുടുങ്ങുകയായിരുന്നു

ചെന്നൈ: ചെന്നൈയിലെ തിരുവാന്മിയൂര്‍ ടൈഡല്‍ പാര്‍ക്കിന് സമീപം ഒഎംആര്‍ റോഡില്‍ കൂറ്റന്‍ ഗര്‍ത്തമുണ്ടായതിനെ തുടര്‍ന്ന് കാര്‍ വീണ് അപകടം. യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയുണ്ടായ സംഭവത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി സാലൈയില്‍ ഗതാഗതം തടസപ്പെട്ടു.
മധ്യ കൈലാഷ് ഭാഗത്തു നിന്ന് ടൈഡല്‍ പാര്‍ക്കിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞതോടെ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് തലകീഴായി കുടുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെയും ട്രാഫിക് പൊലീസിന്റെയും സഹായത്തോടെ യാത്രക്കാര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ചെന്നൈയുടെ പ്രധാന ഐടി ഇടനാഴിയായ ഈ ഭാഗത്ത് കഴിഞ്ഞ മാസങ്ങളിലും സമാനമായ റോഡ് ഇടിച്ചിലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റോഡിനടിയിലൂടെ കടന്നുപോകുന്ന പഴയ പ്രീ-സ്‌ട്രെസ്ഡ് കോണ്‍ക്രീറ്റ് മലിനജല പൈപ്പിന്റെ ജോയിന്റ് തകരുകയും ഇതേത്തുടര്‍ന്ന് മണ്ണൊലിപ്പ് സംഭവിച്ച് റോഡ് ഇടിയുകയുമായിരുന്നുവെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍. മെട്രോവാട്ടര്‍, ടിഎന്‍ആര്‍ഡിസി സംഘങ്ങള്‍ സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിച്ച് മണ്ണിട്ട് നികത്തലും കോണ്‍ക്രീറ്റ് ഗ്രൗട്ടിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളും ആരംഭിച്ചു.
Adjust Story Font
16

