Quantcast

'ആദിവാസി കാട്ടിലെന്ന പോലെ സോറൻ ജയിലിൽ'; വിവാദ പരാമർശത്തിൽ സുധീർ ചൗധരിക്കെതിരെ കേസ്

ആദിവാസി സമൂഹത്തെ അവഹേളിച്ചുള്ള പരാമർശത്തിൽ എസ്‌സി എസ്ടി നിയമപ്രകാരമാണ് ജാർഖണ്ഡ് പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    2 Feb 2024 1:11 PM GMT

Case filed against Aaj Tak anchor Sudhir Choudhary for his controversial remarks related to the arrest of Jharkhand Chief Minister Hemant Soren by the Enforcement Directorate
X

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ ആജ് തക് അവതാരകൻ സുധീർ ചൗധരിക്കെതിരെ കേസ്. ജനുവരി 31-ന് സംപ്രേക്ഷണം ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റിന്റെ പ്രൈംടൈം ഷോയിൽ സുധീർ നടത്തിയ ആദിവാസി സമൂഹത്തെ അവഹേളിച്ചുള്ള പരാമർശത്തിൽ എസ്‌സി എസ്ടി നിയമപ്രകാരമാണ് ജാർഖണ്ഡ് പൊലീസ് കേസെടുത്തത്.

ജനുവരി 31ന് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ഭൂമി കുംഭകോണ കേസിൽ ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സുധീർ വിവാദ പരാമർശം നടത്തിയത്. എസ്‌സി എസ്ടി വിഭാഗത്തിൽപ്പെട്ട സോറൻ കുടുംബത്തിന് 'സംവരണം' നൽകണോ അതോ എസ്‌സി എസ്ടി നിയമത്തിന്റെ ആനുകൂല്യങ്ങൾ നൽകണോയെന്നായിരുന്നു അവതാരകൻ സുധീർ ചൗധരിയുടെ വിവാദ പരാമർശങ്ങളിലൊന്ന്. 20, 30, 40 വർഷങ്ങൾ മുമ്പ് ആദിവാസികൾ കാട്ടിൽ കഴിഞ്ഞത് പോലെയാകും ജയിലിൽ സോറന്റെ രാത്രിയെന്നും സുധീർ പരിഹസിച്ചു.

'ഇന്ന് രാത്രി അദ്ദേഹം എവിടെ ചെലവഴിക്കും? ആഡംബരപൂർണ്ണമായ ജീവിതരീതിയാണ് അദ്ദേഹത്തിന് ശീലമായിരിക്കുന്നത്. എന്നാൽ ഇന്ന്, ഒരു തരത്തിൽ പറഞ്ഞാൽ, 20, 30, 40 വർഷം മുമ്പ് ഒരു ആദിവാസി കാട്ടിലേക്ക് പോകുന്നത് പോലെയാകും. ഇത് കഠിനമായ രാത്രിയായിരിക്കും'ചൗധരി പറഞ്ഞു. സ്വകാര്യ വിമാനങ്ങളിലും മുന്തിയ കാറുകളിലുമാണ് അദ്ദേഹം യാത്ര ചെയ്തിരുന്നതെന്നും ഹിന്ദിയിലുള്ള അവതരണത്തിൽ സുധീർ പരിഹസിച്ചു.

ആദിവാസി സമൂഹം 'ദരിദ്രരും' കാടുകളിൽ കഴിയേണ്ടവരുമാണെന്ന മട്ടിൽ സംസാരിച്ച ചൗധരി, ഈ സമുദായത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ടവർക്ക് സംവരണം നൽകരുതെന്നും നിർദ്ദേശിച്ചു. സാമ്പത്തിക സഹായിത്തനപ്പുറം പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് സാമൂഹിക പ്രാതിനിധ്യവും ഉറപ്പാക്കുന്ന സംവരണത്തിനെതിരെയാണ് സുധീർ നിലകൊണ്ടത്.

'നിങ്ങൾ ചിന്തിക്കൂ, ഈ കുടുംബത്തിന് തങ്ങൾ ദരിദ്രരാണെന്ന് പറയാൻ അവകാശമുണ്ടോ? ഈ കുടുംബത്തിന് സംവരണം ലഭിക്കേണ്ടതുണ്ടോ? ഈ സംരക്ഷണത്തിന്റെ ഗുണം ഈ സോറൻ കുടുംബത്തിന് ലഭിക്കേണ്ടതുണ്ടോ? ആദിവാസികൾക്ക് നൽകുന്ന ആനുകൂല്യം ഇവർക്ക് നൽകേണ്ടതുണ്ടോ? നിലവിലുള്ള പട്ടികജാതി-പട്ടികവർഗ നിയമത്തിന്റെ പരിരക്ഷയോടെ ഇവരെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടോ? കാരണം അവർ രാജ്യത്തെ ഏറ്റവും സമ്പന്ന കുടുംബങ്ങളെക്കാൾ കൂടുതൽ പണം സമ്പാദിച്ചിട്ടുണ്ട്. അദ്ദേഹം ആദിവാസിയല്ല, പടുകൂറ്റൻ ബംഗ്ലാവിലെ താമസക്കാരനാണ്' സുധീർ പറഞ്ഞു. തന്റെ അറസ്റ്റിനെത്തുടർന്ന് സോറൻ എസ്സി / എസ്ടി ആക്ട് പ്രകാരം ഇഡിക്കെതിരെ കേസ് ഫയൽ ചെയ്തതായും ചൗധരി ചൂണ്ടിക്കാട്ടി.

സുധീർ ചൗധരിയുടെ അപകീർത്തികരമായ പരാമർശത്തിനെതിരെ എസ്സി/എസ്ടി ആക്ട് പ്രകാരം ഒരു ഗോത്രവർഗ സംഘമാണ് പൊലീസിൽ പരാതി നൽകിയത്. സോറനെയും എസ്സി/എസ്ടി വിഭാഗങ്ങളെയും കുറിച്ച് ചൗധരിയുടെ പരാമർശം ചൂണ്ടിക്കാട്ടി റാഞ്ചിയിലെ ആദിവാസി സേന പരാതി നൽകി.

അതേസമയം, സുധീർ ചൗധരിക്കെതിരെ രൂക്ഷ പ്രതികരണമാണ് എക്‌സടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. ആദിവാസികൾക്ക് നല്ല കാറിലും വിമാനത്തിലും സഞ്ചരിക്കാൻ പറ്റില്ലേയെന്ന് ഒരാൾ ചോദിച്ചു. ആദിവാസിക്ക് ധനം സമ്പാദിക്കാനും നല്ല ജീവിതം നയിക്കാനും പറ്റില്ലേയെന്നും ചോദിച്ചു. സുധീർ ചൗധരിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സിൽ കാമ്പയിനും നടക്കുന്നുണ്ട്.

ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെടും മുമ്പ് സോറൻ ഇ.ഡി. ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിലെത്തി രാജി സമർപ്പിച്ചിരുന്നു. നിലവിലെ ഗതാഗത മന്ത്രി ചംപൈ സോറാനാണ് പുതിയ മുഖ്യമന്ത്രി. കേസിൽ ഇ.ഡി. ഹേമന്ദ് സോറനെ ബുധനാഴ്ച രാവിലെമുതൽ ചോദ്യംചെയ്തുവരികയായിരുന്നു. അതിനിടെ, ഭരണകക്ഷി എം.എൽ.എമാർക്കൊപ്പം രാജ്ഭവനിലെത്തി ചംപൈ സോറൻ ഗവർണറെ കണ്ടു. നേരത്തെ, ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

Case filed against Aaj Tak anchor Sudhir Choudhary for his controversial remarks related to the arrest of Jharkhand Chief Minister Hemant Soren by the Enforcement Directorate

TAGS :

Next Story