മുഖ്യമന്ത്രി സിദ്ധരാമയ്യ ഇറങ്ങിയത് മന്ത്രിക്ക് നിശ്ചയിച്ച ഹെലിപാഡിൽ; കർണാടകയിൽ സുരക്ഷാ വീഴ്ച
മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും ഹെലികോപ്റ്ററുകൾ ഇറങ്ങുന്നതിനായി റായ്ച്ചൂർ റോഡിലെ ശ്രീനിവാസ് ലേഔട്ടിൽ ഹെലിപാഡ് സജ്ജമാക്കിയിരുന്നു

- Published:
9 Feb 2026 12:33 PM IST

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ചരിച്ച ഹെലികോപ്ടർ താഴെയിറക്കിയതിൽ വൻ സുരക്ഷാവീഴ്ച. ഞായറാഴ്ച വൈകീട്ട് റായ്ച്ചൂര്‍ ജില്ലയിലെ ലിങ്കസുഗുറിലായിരുന്നു സംഭവം. നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്ന് മാറി മറ്റൊരിടത്ത് പൈലറ്റ് ഹെലികോപ്ടർ ലാൻഡ് ചെയ്യുകയായിരുന്നു.ഇത് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പത്തിന് വഴിവെച്ചു.
ഒരു വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രി ലിങ്കസുഗുറിലെത്തിയത്. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും ഹെലികോപ്റ്ററുകൾ ഇറങ്ങുന്നതിനായി റായ്ച്ചൂർ റോഡിലെ ശ്രീനിവാസ് ലേഔട്ടിൽ ഹെലിപാഡ് സജ്ജമാക്കിയിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനായി ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ പൊലീസ് സൂപ്രണ്ടും നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സിദ്ധരാമയ്യയുടെ ഹെലികോപ്റ്റർ ഇറങ്ങിയത് കൽബുർഗി റോഡിലെ എംഎൽഎ മനപ്പ വജ്ജലിന്റെ ഹെലിപാഡിലും.
മന്ത്രി സതീഷ് ജാർക്കിഹോളിയിറങ്ങേണ്ടിയിരുന്ന ഹെലിപാഡായിരുന്നു ഇവിടെ. മന്ത്രിയെ കൊണ്ടുപോകാനായി ഒരു വാഹനവും അകമ്പടി സേവിക്കാനുള്ള മറ്റൊരു വാഹനവും ഇവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. പൈലറ്റിനെ വന്ന പിഴവാണ് ഹെലിപാഡ് മാറിപ്പോയതെന്നാണ് വിവരം. സംഭവം അറിഞ്ഞ ഡെപ്യൂട്ടി കമ്മീഷണറും എസ്പിയും സിദ്ധരാമയ്യ ഇറങ്ങിയ ഹെലിപാഡിലേക്ക് കുതിച്ചെത്തിയെങ്കിലും മുഖ്യമന്ത്രി അപ്പോഴേക്കും അവിടെനിന്നും പോയിരുന്നു. ഹെലിപാഡ് മാറിയതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം സിദ്ധരാമയ്യയുടെ ഹെലികോപ്ടര്‍ നിശ്ചയിച്ച സ്ഥലത്ത് തന്നെ ഇറങ്ങി. മന്ത്രി ജാർക്കിഹോളിയുടെ ഹെലികോപ്ടറാകട്ടെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് തവണ ആകാശത്ത് വട്ടംചുറ്റിയ ശേഷം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങാനിരുന്ന സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. അവിടെ ഇറങ്ങുകയും ചെയ്തു.
Adjust Story Font
16
