Quantcast

ക്രോസ് വോട്ടിലൂടെ അട്ടിമറി വിജയം നേടുമെന്ന് ബിജെപി; രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന് ആശങ്ക

81 അംഗ നിയമസഭയിൽ രണ്ടംഗങ്ങളെയും ജയിപ്പിക്കാനുള്ള കൃത്യം 58 എംഎൽഎമാരാണ് ഇൻഡ്യ സഖ്യത്തിനുള്ളത്

MediaOne Logo

Web Desk

  • Published:

    18 Jun 2026 6:41 AM IST

ക്രോസ് വോട്ടിലൂടെ അട്ടിമറി വിജയം നേടുമെന്ന് ബിജെപി; രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന് ആശങ്ക
X

ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക. രണ്ട് രാജ്യസഭാ സീറ്റുകളിൽ ഒന്ന് ജെഎംഎമ്മും രണ്ടാമത്തെ സീറ്റിൽ കോൺഗ്രസും മത്സരിക്കുന്നു. ജയിക്കാനാവശ്യമായ വോട്ടില്ലെങ്കിലും ക്രോസ് വോട്ടിലൂടെ അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ ബിജെപിയും കളത്തിലിറക്കിയിട്ടുണ്ട്. ഒരാളെ അട്ടിമറിച്ചു വിജയം നേടാൻ കഴിയുമെന്ന ബിജെപിയുടെ അവകാശവാദം ഇൻഡ്യ സഖ്യത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. കർണാടകയിലെ എംഎൽസിയിലേക്കുള്ള വോട്ടെടുപ്പും ഇന്നാണ്.

ജെഎംഎമ്മിലെ ബൈദ്യ നാഥ് റാമും കോൺഗ്രസിലെ പ്രണവ് ത്സായുമാണ് ഇൻഡ്യ സഖ്യത്തിന്റെ രാജ്യസഭാ സ്ഥാനാർത്ഥികൾ. 28 വോട്ടാണ് ഓരോ സ്ഥാനാർഥിക്കും ജയിക്കാൻ വേണ്ടത്. 81 അംഗ നിയമസഭയിൽ രണ്ടംഗങ്ങളെയും ജയിപ്പിക്കാനുള്ള കൃത്യം 58 എംഎൽഎമാരാണ് ഇൻഡ്യ സഖ്യത്തിനുള്ളത്. ജെഎംഎം 34,കോൺഗ്രസ് 16,ആർജെഡി 4, സിപിഐ എംഎൽ 2 എന്നിങ്ങനെയാണ് കക്ഷി നില. ഒന്ന് പോലും പാഴാക്കാതെ വോട്ട് ചെയ്‌താൽ 2 രാജ്യസഭാ എംപിമാരെ ഇൻഡ്യ സഖ്യത്തിന് ലഭിക്കും. 24 എംഎൽഎമാരുള്ള എൻഡിഎ, വ്യവസായ പ്രമുഖനായ പരിമൾ നത്വാനിയെ സ്ഥാനാർഥിയാക്കി. റിലയൻസ് ഇന്ഡസ്ട്രീസിന്റെ കോർപറേറ്റ് അഫയേഴ്‌സ് ഡയറക്ട്ർ ആണ് എൻഡിഎ പിന്തുണയുള്ള ഈ സ്വതന്ത്ര സ്ഥാനാർഥി.

മുകേഷ് അംബാനിയുടെ വിശ്വസ്തനായ നത്വാനി, ക്രോസ് വോട്ടിങ്ങിലൂടെ ഇൻഡ്യ സഖ്യത്തിൽ നിന്നും നാല് വോട്ട് നേടുമെന്നും വിജയിക്കുമെന്നുമാണ് ബിജെപിയുടെ അവകാശവാദം. ഇങ്ങനെ സംഭവിച്ചാൽ ഇൻഡ്യസഖ്യത്തിന് വൻതിരിച്ചടിയാകും. അട്ടിമറി സാധ്യത ഇല്ലാതാക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിൽ മോക് പോളിംഗ് നടത്തിയ ശേഷമാണ് ഇൻഡ്യ സഖ്യ എംഎൽഎമാർ വോട്ട് ചെയ്യാൻ നിയമസഭയിൽ എത്തുന്നത്. ജാർഖണ്ഡ് കൂടാതെ അസം, ബിഹാർ, ഛത്തീസ്‌ഗഡ്‌, ഹരിയാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും രാജ്യസഭാ വോട്ടെടുപ്പ് നടക്കുന്നുണ്ട്. കർണാടക എംഎൽസി വോട്ടെടുപ്പിൽ വോട്ട് ചോരാതിരിക്കാൻ ജെഡിഎസ് സാമാജികരെ റിസോർട്ടിലേക്ക് ഇന്നലെ മാറ്റിരുന്നു

TAGS :

Next Story