'വിജയിക്ക് ഒപ്പമുള്ള രാഹുൽ ഗാന്ധിയുടെ റീൽ ബ്ലോക്ക് ചെയ്ത് ഇൻസ്റ്റഗ്രാം'; കേന്ദ്ര നിർദേശപ്രകാരമെന്ന് കോൺഗ്രസ് ആരോപണം
ആരോപണം കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നിഷേധിച്ചു

- Updated:
2026-05-11 12:20:58.0

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ റീലും ചിത്രങ്ങളും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. ഐടി മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് കോൺഗ്രസ് ആരോപണം. വിജയിക്കൊപ്പമുള്ള തന്റെ റീൽ എന്തിനാണ് കേന്ദ്ര ഇൻഫർമേഷൻ മന്ത്രാലയം ബ്ലോക്ക് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മോദി എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത് എന്നും രാഹുൽ ചോദിച്ചു.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഈ നടപടിയിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിന്റെ ആഭ്യന്തര സംവിധാനത്തിലുണ്ടായ പിഴവ് മൂലം പോസ്റ്റ് തെറ്റായി ഫ്‌ളാഗ് ചെയ്യപ്പെട്ടതാണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇപ്പോൾ പോസ്റ്റുകൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ പോസ്റ്റുകൾ നീക്കിയത് വിവാദമായപ്പോഴാണ് പുനഃസ്ഥാപിച്ചത് എന്ന്് രാഹുൽ ഗാന്ധി പറഞ്ഞു.
ഞായറാഴ്ച ചെന്നൈയിൽ നടന്ന വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എത്തിയിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. രാഹുൽ ഗാന്ധിയുടെ റീൽ ഒരു മണിക്കൂറിനുള്ളിൽ 12 ദശലക്ഷം ആളുകളാണ് കണ്ടത്. എന്നാൽ യാതൊരു കാരണവുമില്ലാതെ ഇൻസ്റ്റാഗ്രാം ഇത് തടഞ്ഞുവെന്നും, ഐടി മന്ത്രാലയത്തിന്റെ നിയമങ്ങളാണ് ഇതിന് പിന്നിലെന്നും രാഹുൽ ഗാന്ധിയുടെ സഹായി ശ്രീവത്സ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16
