Quantcast

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം ഒഴിയണം; നോട്ടീസ് നല്‍കി കേന്ദ്രം

48 വര്‍ഷമായി കോണ്‍ഗ്രസിൻ്റെ വിലാസമാണ് ഡല്‍ഹി 24 അക്ബര്‍ റോഡിലെ ഓഫീസ്

MediaOne Logo
Congress Gets Notice To Vacate Party Office
X

ന്യൂഡല്‍ഹി: ഡല്‍ഹി 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ദേശീയ ഓഫീസ് ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കി. പുതിയ ഓഫീസ് നിലവില്‍ വന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ശനിയാഴ്ചക്കുള്ളില്‍ ഓഫീസ് ഒഴിയണമെന്നാണ് നോട്ടീസില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് ഓഫീസും ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

48 വര്‍ഷമായി കോണ്‍ഗ്രസിന്റെ വിലാസമാണ് ഡല്‍ഹി 24 അക്ബര്‍ റോഡിലെ ഓഫീസ്. നോട്ടീസ് രാഷ്ട്രീയപ്രേരിതമാണെന്നും കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ഓഫീസിന് പുറമേ 5, റെയ്‌സീന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ഓഫിസും ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് ഐടിഒയിലെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനിലേക്ക് മാറിയിരുന്നു. ഇതോടൊപ്പം അക്ബര്‍ റോഡിലെ ഓഫീസിലും പ്രവര്‍ത്തനം തുടര്‍ന്നു. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഓഫീസുമായി നിരവധി നേതാക്കള്‍ക്കുള്ള ആത്മബന്ധം പരിഗണിച്ചാണ് ഇത് നിലനിര്‍ത്തിയിരിക്കുന്നത്.

രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്ബര്‍ റോഡിലെ കെട്ടിടത്തിന് വിപണി നിരക്കില്‍ വാടക നല്‍കുന്നുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കി.

TAGS :

Next Story