കർണാടകയിൽ കോൺഗ്രസ് എംഎൽഎ കാവി ഷാളണിഞ്ഞ് ആർഎസ്എസ് ജാഥയിൽ
ജാഥയിൽ പങ്കെടുക്കാനെത്തിയ എംഎൽഎ മന്ദാർ ഗൗഡയെ ആർഎസ്എസ് നേതാക്കൾ കാവി ഷാളണിയിച്ച് സ്വീകരിച്ചു

കർണാടക: കർണാടകയിൽ ആർഎസ്എസ് ജാഥയിൽ പങ്കെടുത്ത് കോൺഗ്രസ് എംഎൽഎ. ജാഥയിൽ പങ്കെടുക്കാനെത്തിയ എംഎൽഎ മന്ദാർ ഗൗഡയെ ആർഎസ്എസ് നേതാക്കൾ കാവി ഷാളണിയിച്ച് സ്വീകരിച്ചു. മടിക്കേരിയിൽ ആർഎസ്എസ് സംഘടിപ്പിച്ച ഹിന്ദുരക്ഷാ സംഗമം എന്ന പരിപാടിയിലാണ് എംഎൽഎ പങ്കെടുത്തത്.
ജാഥയിൽ പങ്കെടുത്ത എംഎൽഎയുടെ വിഡിയോ പുറത്തുവന്നതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. എംഎൽഎയുടെ നടപടിയെ കോൺഗ്രസ് സംസ്ഥാന നേതൃത്വം അപലപിച്ചു. വിഷയം പരിശോധിച്ച് എംഎൽഎക്കെതിരെ നടപടി സ്വീകരിക്കുമെന്നും എന്നാൽ വിഷയം കർണാടക കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഇതുവരെയും വന്നിട്ടില്ലെന്നും വിവരങ്ങളുണ്ട്.
ആർഎസ്എസിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന നേതൃത്വമാണ് കർണാടകയിലെ കോൺഗ്രസിനുള്ളത്. എന്നാൽ ആർഎസ്എസ് അനുഭാവം സ്വീകരിച്ച് പാർട്ടിയെ വെട്ടിലാക്കുന്നതും ഇതേ കർണാടകയിലെ നേതാക്കളാണ്. ഈ വിഷയത്തിൽ ഇതുവരെ മന്ദാര്‍ഗൗഡയുടെ ഭാഗത്ത് നിന്ന് വിശദീകരണം വന്നിട്ടില്ല.
നേരത്തെ ആഭ്യന്തരമന്ത്രി ജി.പരമേശ്വര ആർഎസ്എസിന്റെ വിദ്യാർഥി വിഭാഗമായ എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവാദമുയർന്നിരുന്നു. അന്ന് സ്വന്തം മണ്ഡലത്തിലൂടെ യാത്ര ചെയ്യുമ്പോൾ കണ്ട ഒരു പരിപാടിയിൽ കയറിചെല്ലുകയായിരുന്നുവെന്നും ഏതാണ് പരിപാടി എന്ന് അറിയാതെയാണ് പങ്കെടുത്തതെന്നുമാണ് അദ്ദേഹം വിശദീകരിച്ചു.
Adjust Story Font
16

