'തരംതാഴ്ന്ന രാഷ്ട്രീയം'; വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ്
വിഴിഞ്ഞത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നുവെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിനെതിരെ കോൺഗ്രസ്. വിഴിഞ്ഞത്ത് ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നുവെന്നും വേദിയിൽവെച്ചുതന്നെ മുഖ്യമന്ത്രി മോദിക്ക് ചുട്ട മറുപടി നൽകണമായിരുന്നുവെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ പ്രധാനമന്ത്രിക്ക് തിരക്ക് രാഹുൽഗാന്ധിയുടെ ഉറക്കം കെടുത്തലാണ്. പാകിസ്ഥാൻ്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ പാർട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നത്. എംപിയും, എംഎൽഎയും പങ്കെടുത്തതും പാർട്ടിയുടെ അറിവോടെയാണ്. അദാനിയെ എതിർക്കുന്ന രാഹുലിനെ വിമർശിക്കാതെ മോദിക്കാവുമോയെന്നും കെ.സി വേണുഗോപാൽ ചോദിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം ഒറ്റകെട്ടായി നിൽക്കുമ്പോഴും പ്രധാനമന്ത്രി തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നുവെന്നും ഇത് കണ്ട് ശത്രുക്കൾ ചിരിക്കുന്നുണ്ടാകണമെന്നും പവൻ ഖേര എക്സിൽ കുറിച്ചു.
Adjust Story Font
16

