'ബീഡിയും ബിഹാറും': കോൺഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റില്‍ വിവാദം, മാപ്പ് പറയണമെന്ന് തേജസ്വി യാദവ്
'ബീഡിയും ബിഹാറും 'ബി'യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല' എന്ന സമൂഹമാധ്യമ പോസ്റ്റാണ് വിവാദമായത്

ന്യൂഡല്‍ഹി: ബിഹാറിനെ ബീഡിയോട് ഉപമിച്ച കോൺഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ വിമര്‍ശനം. പോസ്റ്റ് തെറ്റാണെന്നും യോജിക്കുന്നില്ലെന്നും ആർജെഡി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് വ്യക്തമാക്കി.
"ഞാൻ അത്തരമൊരു പോസ്റ്റ് കണ്ടിട്ടില്ല, പക്ഷേ അത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ അത് അങ്ങേയറ്റം നിർഭാഗ്യകരമാണ്, മാപ്പ് പറയണം, ഇത്തരത്തിലുള്ള പരാമർശങ്ങൾ ആരും നടത്തരുത്''- തേജസ്വി യാദവ് പറഞ്ഞു.
'ബീഡിയും ബിഹാറും 'ബി'യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല' എന്ന പോസ്റ്റാണ് വിവാദമായത്. പിന്നാലെ പോസ്റ്റ് കോൺഗ്രസ് ഡിലീറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്കിനെതിരായ വിമർശനം വളച്ചൊടിക്കപ്പെട്ടെന്നും, ആരെയങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു കേരള ഘടകത്തിന്റെ വിശദീകരണം.
ജിഎസ്ടി പരിഷ്കരണത്തിൽ ബീഡിക്കും, ബീഡിയുടെ ഇലയ്ക്കും ജിഎസ്ടി കുറച്ചതിനെ പരിഹസിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. കോൺഗ്രസിന്റെ ബിഹാർ വിരുദ്ധ മനസ് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റിനെതിരെ ബിജെപി രംഗത്ത് എത്തി. ബിഹാറിനെ മുഴുവന്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് രാജ്യസഭാ എംപി സയ്യിദ് നസീർ ഹുസൈനും പോസ്റ്റിനെ വിമർശിച്ച് രംഗത്ത് എത്തി. ഒരു സംസ്ഥാനത്തെയോ അവിടുത്തെ താമസക്കാരെയോ ഇത്തരം കാര്യങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16

