ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചത് അപലപനീയം: സിപിഎം
അപൂർവ സാഹചര്യത്തിൽ ഒഴികെ ജാമ്യം അനുവദിക്കലാണ് സ്വാഭാവിക നീതിയെന്ന ചട്ടത്തിന്റെ ലംഘനവും നീതി നിർവഹണത്തെ അപഹസിക്കുന്നതുമാണ് ഡൽഹി ഹൈക്കോടതി വിധിയെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു

ന്യൂഡൽഹി: അഞ്ച് വർഷമായി വിചാരണ കൂടാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ്, ശർജീൽ ഇമാം അടക്കമുള്ളവർക്ക് ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിയെ സിപിഎം പോളിറ്റ്ബ്യൂറോ അപലപിച്ചു. 2020ലെ ഡൽഹി കലാപത്തിന് പിന്നിൽ 'ഗൂഢാലോചന' ആരോപിച്ച് കർശനമായ യുഎപിഎ ചുമത്തിയാണ് ഇവരെ ജയിലിൽ അടച്ചിരിക്കുന്നത്.
അഞ്ച് വർഷത്തിനിടെ അഞ്ചാം തവണയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളുന്നത്. ഇത്രയും കാലമായിട്ടും ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അപൂർവ സാഹചര്യത്തിൽ ഒഴികെ ജാമ്യം അനുവദിക്കലാണ് സ്വാഭാവിക നീതിയെന്ന ചട്ടത്തിന്റെ ലംഘനവും നീതി നിർവഹണത്തെ അപഹസിക്കുന്നതുമാണ് ഡൽഹി കോടതി വിധി.
ഡൽഹി കലാപത്തിന് തിരികൊളുത്തിയ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കളായ കപിൽ മിശ്രയും അനുരാഗ് ഠാക്കൂറും സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് തെളിവൊന്നും ഹാജരാക്കാതെ ഈ യുവാക്കളെ കൽത്തുറുങ്കിൽ പാർപ്പിച്ചിരിക്കുന്നത്. മലേഗാവ് സ്‌ഫോടനക്കേസിൽ പ്രഗ്യ സിങ്, കേണൽ പ്രസാദ് പുരോഹിത് എന്നിവർ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയക്കുകയും ചെയ്തു. അപ്പോഴും ഉമർ ഖാലിദ് അടക്കമുള്ളവർ ജയിലിൽ തുടരുകയാണെന്ന് പിബി പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16

