സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നവർ ശ്രദ്ധിക്കുക, ലക്ഷങ്ങൾ നഷ്ടപ്പെട്ടേക്കാം; ഡൽഹിയിൽ ഒരാൾ പിടിയിൽ
പ്രമുഖ കാർ വിൽപ്പന സൈറ്റുകളിലെ പ്രതിനിധിയാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നതെന്ന് പൊലീസ് പറയുന്നു

- Published:
3 May 2026 9:18 AM IST

ന്യൂഡല്‍ഹി: ഡിജിറ്റൽ അറസ്റ്റ്, ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾ തുടങ്ങി നിരവധി സൈബർ തട്ടിപ്പുകള്‍ രാജ്യത്തുടനീളം വ്യാപകമായ രീതിയില്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് സാധാരണക്കാരെ ലക്ഷ്യമിട്ട് പുതിയൊരു തട്ടിപ്പ് രീതി കൂടി സജീവമാകുന്നത്. ഉപയോഗിച്ച കാറുകൾ കുറഞ്ഞ വിലയ്ക്ക് ഓൺലൈനിൽ തിരയുന്നവരെ ലക്ഷ്യം വെച്ചാണ് ഈ പുതിയ തട്ടിപ്പ് അരങ്ങേറുന്നത്.
വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകളുടെ പേര് ദുരുപയോഗം ചെയ്ത് ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റുന്ന ഈ സംഘങ്ങൾ, നിമിഷനേരം കൊണ്ടാണ് ലക്ഷക്കണക്കിന് രൂപ കവരുന്നത്. ഇത്തരത്തിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി പണം തട്ടിയ ഒരു സംഘത്തെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കാനുണ്ടെന്ന് വ്യാജ പരസ്യം നൽകി ലക്ഷങ്ങൾ തട്ടുന്ന 32-കാരനായ അമൻ സേത്തിയാണ് പിടിയിലായത്.
പ്രമുഖ കാർ വിൽപ്പന സൈറ്റുകളിലെ പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഇരകളെ സമീപിക്കുന്നത്. കാറിന്റെ ചിത്രങ്ങളും രേഖകളും കാണിച്ച് വിശ്വാസത്തിലെടുത്ത ശേഷം, ബുക്കിംഗ് ചാർജ് ഇനത്തിൽ രണ്ട് ലക്ഷം രൂപ ഇയാൾ പരാതിക്കാരനിൽ നിന്ന് കൈക്കലാക്കി. പണം ലഭിച്ചതോടെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പരാതിയെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു.
അന്വേഷണത്തിനിടയിൽ, തട്ടിപ്പ് നടത്തിയ പണം എസ്ബിഐയിലെ അക്കൗണ്ടിലേക്കാണ് പോയതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ബാങ്കിലെ കെവൈസി രേഖകൾ, അക്കൗണ്ട് ഇടപാടുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ വിശദമായി പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അറസ്റ്റ് ഒഴിവാക്കാനായി പ്രതി ഒളിവിൽ പോവുകയും താമസിച്ചിരുന്ന സ്ഥലം മാറുകയും ചെയ്തു. എന്നാൽ ഇയാളെ നിരന്തരമായി നിരീക്ഷിച്ചും കൃത്യമായ വിവരങ്ങൾ ശേഖരിച്ചും പൊലീസ് സംഘം പ്രതിയുടെ നീക്കങ്ങൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാൻ പ്രതി ശ്രമിച്ചെങ്കിലും തെളിവുകൾ ഇയാളുടെ കുറ്റം സ്ഥിരീകരിച്ചു. നഗരത്തിലെ മറ്റൊരു പൊലീസ് സ്റ്റേഷനിലും സമാനമായ രീതിയിലുള്ള തട്ടിപ്പ് കേസ് ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഓൺലൈൻ വഴി സെക്കൻഡ് ഹാൻഡ് കാറുകൾ തിരയുന്നവരെയാണ് പ്രതി പ്രധാനമായും ലക്ഷ്യം വെച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രമുഖ കമ്പനികളുടെ ജീവനക്കാരനാണെന്ന് ചമഞ്ഞ് വ്യാജ വിവരങ്ങൾ നൽകി ഇയാൾ ആളുകളുടെ വിശ്വാസം നേടിയെടുക്കും. തുടർന്ന് തന്റെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് മുൻകൂർ പണം ആവശ്യപ്പെടും. പണം ലഭിച്ചു കഴിഞ്ഞാൽ മറുപടി നൽകാൻ കാലതാമസം വരുത്തുകയും പിന്നീട് അപ്രത്യക്ഷനാവുകയുമാണ് ഇയാളുടെ രീതി.
കൃത്യത്തിനായി ഉപയോഗിച്ച രണ്ട് ഡെബിറ്റ് കാർഡുകളും രണ്ട് മൊബൈൽ ഫോണുകളും രണ്ട് സിം കാർഡുകളും കണ്ടെടുത്തു. തട്ടിപ്പിലൂടെ കൈക്കലാക്കിയ മുഴുവൻ പണവും കണ്ടെത്താനും, കൂടുതൽ സഹായികൾ ഉണ്ടോ എന്ന് തിരിച്ചറിയാനും, നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഓൺലൈൻ വിൽപനക്കാരുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. വിൽപ്പനക്കാരുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും കൃത്യമായ പരിശോധനകൾ നടത്താതെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നത് ഒഴിവാക്കണമെന്നും പൊലീസ് പറയുന്നു.
Adjust Story Font
16
