'136 എംഎൽഎമാരും എനിക്കൊപ്പം'; മുഖ്യമന്ത്രി സ്ഥാന തർക്കത്തിനിടെ അവകാശവാദവുമായി ഡി.കെ ശിവകുമാർ
ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം അണികൾക്കിടയിൽ ശക്തമായിരിക്കെയാണ് പുതിയ പ്രതികരണം.

- Updated:
2026-02-10 14:41:35.0

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കൽ സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കവെ വലിയ അവകാശവാദവുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സംസ്ഥാനത്തെ 136 കോൺഗ്രസ് എംഎൽഎമാരും തനിക്കൊപ്പമാണെന്ന് ഡി.കെ അവകാശപ്പെട്ടു. ഇഖ്ബാൽ ഹുസൈൻ എംഎൽഎയടക്കമുള്ള വിശ്വസ്തരുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഡി.കെ ശിവകുമാറിന്റെ മറുപടി.
80-90 എംഎൽഎമാർ ഡി.കെയെ അടുത്ത മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു ഇഖ്ബാൽ ഹുസൈന്റെ പ്രതികരണം. കസേര മാറ്റത്തെക്കുറിച്ച് കോൺഗ്രസ് ദേശീയനേതൃത്വം ഇതുവരെ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ഡി.കെ ശിവകുമാർ പരോക്ഷമായി ഒളിയമ്പെയ്തിരിക്കുന്നത്. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം അണികൾക്കിടയിൽ ശക്തമായിരിക്കെയാണ് പുതിയ പ്രതികരണം.
രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം നൽകാമെന്നാണ് സർക്കാർ രൂപീകരണ വേളയിൽ ഡി.കെ ശിവകുമാറിന് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയ വാഗ്ദാനമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ രണ്ടര വർഷം പൂർത്തിയായിട്ടും ഇതുസംബന്ധിച്ച് യാതൊരു ഉറപ്പും ലഭിക്കാത്ത സാഹചര്യത്തിൽ തന്റെ അതൃപ്തിയും നീരസവും പലപ്പോഴായി അദ്ദേഹം പരസ്യമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ പ്രതികരണം.
എല്ലാത്തിനും കാലം മറുപടി നൽകുമെന്നായിരുന്നു കഴിഞ്ഞദിവസം ശിവകുമാർ പ്രതികരിച്ചത്. പാർട്ടി എന്ത് പറഞ്ഞാലും കേൾക്കേണ്ടിവരുമെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡി.കെ പറഞ്ഞിരുന്നു. 'ജനങ്ങൾക്ക് സ്വപ്നങ്ങളുണ്ട്. എംഎൽഎമാർക്ക് സ്വപ്നങ്ങളുണ്ട്. നിങ്ങൾ മാധ്യമപ്രവർത്തകർക്ക് പോലും സ്വപ്നങ്ങളുണ്ട്. എന്തായാലും, പാർട്ടി പറയുന്നത് കേൾക്കും'- അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റിനുശേഷം അധികാരം പങ്കിടുമോ എന്ന ചോദിച്ചപ്പോൾ, 'കാലം ഉത്തരം നൽകും' എന്നായിരുന്നു ശിവകുമാറിന്റെ മറുപടി.
തന്റെ ഭാവി സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു കസേര മാറ്റം സംബന്ധിച്ച് മുമ്പ് ഡി.കെ ശിവകുമാർ പ്രതികരിച്ചത്. രാഷ്ട്രീയത്തിൽ തനിക്ക് നിരവധി തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ നേതൃമാറ്റത്തിനുള്ള ആവശ്യങ്ങൾ കോൺഗ്രസ് കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും തന്റെ പിതാവ് അഞ്ച് വർഷം മുഖ്യമന്ത്രിയായി തുടരുമെന്നുമാണ് സിദ്ധരാമയ്യയുടെ മകനും കോൺഗ്രസ് എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന അഭ്യൂഹങ്ങൾ തള്ളി നേരത്തെ സിദ്ധരാമയ്യ തന്നെ രംഗത്തെത്തിയിരുന്നു. ഹൈക്കമാൻഡാണ് പാർട്ടി. ഹൈക്കമാൻഡ് തീരുമാനം ഞങ്ങൾ പാലിക്കും. ഇപ്പോൾ ഞാനാണ് മുഖ്യമന്ത്രി. ഇനിയങ്ങോട്ടും ഞാൻ തന്നെയായിരിക്കും മുഖ്യമന്ത്രി- എന്നാണ് കഴിഞ്ഞ ഡിസംബറിൽ സിദ്ധരാമയ്യ പറഞ്ഞത്. രണ്ടര വർഷത്തിനുശേഷവും അധികാരം പങ്കിടുന്നത് സംബന്ധിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ഒരു കരാറും ഉണ്ടായിട്ടില്ലെന്നും അടുത്ത രണ്ടരവർഷം കൂടി താൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.
നവംബർ 20നാണ് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ രണ്ടര വർഷം കാലാവധി പൂർത്തിയാക്കിയത്. അന്നു മുതൽ, സിദ്ധരാമയ്യയ്ക്ക് പകരം ശിവകുമാർ മുഖ്യമന്ത്രിയാകുമോ എന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ചർച്ചകളും ശക്തമായി. എന്നാൽ, തീരുമാനം അനിശ്ചിതമായി നീളുകയാണ്. ആവശ്യമുള്ളപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും ചർച്ചകൾക്കായി ന്യൂഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അറിയിച്ചത്.
Adjust Story Font
16

