Quantcast

മുഖ്യമന്ത്രി സ്ഥാനം കിട്ടുമോ?; കാലം മറുപടി നൽകുമെന്ന് ഡി. ശിവകുമാർ

പാർട്ടി എന്ത് പറഞ്ഞാലും കേൾക്കുമെന്നും കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡി.കെ പറഞ്ഞു.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-02-07 09:24:17.0

Published:

7 Feb 2026 2:28 PM IST

മുഖ്യമന്ത്രി സ്ഥാനം കിട്ടുമോ?; കാലം മറുപടി നൽകുമെന്ന് ഡി. ശിവകുമാർ
X

​ബം​ഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കലിനെ ചൊല്ലിയുള്ള തർക്കങ്ങൾ നിലനിൽക്കവെ വീണ്ടും മനസ് തുറന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. എല്ലാത്തിനും കാലം മറുപടി നൽകുമെന്ന് ശിവകുമാർ പറഞ്ഞു. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം അണികൾക്കിടയിൽ ശക്തമായിരിക്കെയാണ് പ്രതികരണം.

പാർട്ടി എന്ത് പറഞ്ഞാലും കേൾക്കേണ്ടിവരുമെന്നും കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡി.കെ പറഞ്ഞു. 'ജനങ്ങൾക്ക് സ്വപ്നങ്ങളുണ്ട്. എംഎൽഎമാർക്ക് സ്വപ്നങ്ങളുണ്ട്. നിങ്ങൾ മാധ്യമപ്രവർത്തകർക്ക് പോലും സ്വപ്നങ്ങളുണ്ട്. എന്തായാലും, പാർട്ടി പറയുന്നത് കേൾക്കും'- അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റിനുശേഷം അധികാരം പങ്കിടുമോ എന്ന ചോദിച്ചപ്പോൾ, 'കാലം ഉത്തരം നൽകും' എന്നായിരുന്നു ശിവകുമാറിന്റെ മറുപടി.‌

ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന് ദലിത് സംഘടനകൾ ആ​ഗ്രഹം പ്രകടിപ്പിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട്, 'ഓരോരുത്തരുടേയും അണികൾക്ക് അവരുടേതായ ആ​ഗ്രഹങ്ങളുണ്ടാവും, അതിനെക്കുറിച്ചൊന്നും ഞാൻ പറയുന്നില്ല. അതിൽ തെറ്റുമില്ല'- എന്നായിരുന്നു പ്രതികരണം.

കർണാടകയിൽ നേതൃതർക്കം വീണ്ടും ഉയർന്നുവന്നിട്ടുണ്ടെങ്കിലും, നേതൃമാറ്റത്തിനുള്ള ആവശ്യങ്ങൾ കോൺഗ്രസ് കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും തന്റെ പിതാവ് അഞ്ച് വർഷം മുഖ്യമന്ത്രിയായി തുടരുമെന്നും സിദ്ധരാമയ്യയുടെ മകനും കോൺഗ്രസ് എം‌എൽ‌സിയുമായ യതീന്ദ്ര സിദ്ധരാമയ്യ വ്യക്തമാക്കി.

തന്റെ ഭാവി സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു കസേര മാറ്റം സംബന്ധിച്ച് നേരത്തെ ഡി.കെ ശിവകുമാർ പ്രതികരിച്ചത്. താൻ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നല്ല വരുന്നത്, എന്നിട്ടും ഈ നിലയിലേക്ക് വളർന്നു. പാർട്ടി തന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്ന് ഉറപ്പുണ്ട്. രാഷ്ട്രീയത്തിൽ തനിക്ക് നിരവധി തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.

കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും ചർച്ചകൾക്കായി ന്യൂഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. എപ്പോഴാണോ ആവശ്യം അപ്പോഴായിരിക്കും ഇരുവരെയും വിളിപ്പിക്കുകയെന്നാണ് ഖാർഗെ പറഞ്ഞത്.

TAGS :

Next Story