Quantcast

രാഹുലിന്റെ നിലപാടും; ശിവകുമാറിന്റെ മുന്നിലെ 'അദാനി പ്രതിസന്ധി'യും

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ ബംഗലൂരു ടണൽ പദ്ധതിക്ക് 17,698 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയും ബംഗലൂരു വികസന മന്ത്രിയുമായിരുന്ന കാലം മുതൽ ഈ പദ്ധതിക്കായി ശക്തമായി വാദിച്ചിരുന്നു

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-06-01 10:51:10

Published:

1 Jun 2026 3:52 PM IST

രാഹുലിന്റെ നിലപാടും; ശിവകുമാറിന്റെ മുന്നിലെ അദാനി പ്രതിസന്ധിയും
X

ബംഗലുരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ ബുധനാഴ്ച ചുമതലേൽക്കാനിരിക്കെ മുന്നിലുള്ള പ്രധാന വെല്ലുവിളി അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ളതാവും. രാഹുൽ ഗാന്ധി നിരന്തരം അദാനി ഗ്രൂപ്പിനെതിരെ ആക്രമിക്കുമ്പോൾ ഡി.കെ ശിവകുമാറിന്റെ സ്വപ്‌നപദ്ധതിയായ 17 കിലോ മീറ്റർ ഭൂഗർഭടണൽ പദ്ധതിയുടെ ടെൻഡറിൽ ഏറ്റവും ചെറിയ തുക രേഖപ്പെടുത്തിയിരിക്കുന്നത് അദാനി എൻ്റർപ്രൈസാണ്.

മോദി സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിരന്തരം ഉന്നയിക്കുന്ന 'ക്രോണി ക്യാപിറ്റലിസം' ആരോപണങ്ങളുടെ കുന്തമുന അദാനി ഗ്രൂപ്പിന് നേരെയാണെന്നിരിക്കെ, ഡി.കെ. ശിവകുമാർ പദ്ധതി നടത്തിപ്പിന് അദാനി ഗ്രൂപ്പിന് അനുമതി നൽകിയാൽ കോൺഗ്രസിന് ദേശീയതലത്തിൽ വലിയ രാഷ്ട്രീയ തലവേദനയാകും സൃഷ്ടിക്കുക.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ ബംഗലൂരു ടണൽ പദ്ധതിക്ക് 17,698 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയും ബംഗലൂരു വികസന മന്ത്രിയുമായിരുന്ന കാലം മുതൽ ഈ പദ്ധതിക്കായി ശക്തമായി വാദിച്ചിരുന്നു.

നിലവിൽ അദാനി എന്റർപ്രൈസസ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെൻഡർ ഉറപ്പിച്ചെങ്കിലും, ഈ തുക സംസ്ഥാന സർക്കാർ കണക്കാക്കിയ പരിധിയേക്കാൾ കൂടുതലായതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ അടുത്ത കാബിനറ്റ് യോഗത്തിന്റെ അനുമതി ആവശ്യമാണ്. നിലവിൽ പ്രൊജക്റ്റ് സൈറ്റിൽ മണ്ണ് പരിശോധനയും സർവേയും അദാനി ഗ്രൂപ്പ് ആരംഭിച്ചതായും ആദ്യഘട്ട അനുമതിക്കായി ഫയൽ ശിവകുമാറിന്റെ പരിഗണനയിലാണെന്നുമാണ് ' ദി ഇക്കണോമിക് ടൈംസ് 'റിപ്പോർട്ട് ചെയ്യുന്നത്.

ടെൻഡർ അംഗീകരിച്ചാൽ, ദേശീയതലത്തിൽ അദാനിയെ ആക്രമിക്കുകയും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനിക്ക് പദ്ധതി നടത്തിപ്പ് നൽകുകയും ചെയ്യുന്ന കോൺഗ്രസ് നിലപാട് പ്രതിപക്ഷം ആയുധമാക്കും. എന്നാൽ, ടെൻഡർ നിരസിച്ചാൽ, ബംഗലുരുവിന്റെ വികസന നായകനെന്ന ഡി.കെയുടെ പ്രതിച്ഛായയ്ക്കും ഈ വൻകിട പദ്ധതിക്കും അത് തിരിച്ചടിയാകും.

TAGS :

Next Story