Quantcast

'തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഡിഎംകെ, കോൺഗ്രസ് രഹസ്യ ധാരണ'; ബംഗാൾ ഉദ്യോഗസ്ഥരെ തമിഴ്നാട്ടിലേക്ക് മാറ്റുന്നതിൽ ഗൂഢാലോചനയെന്ന് മമത ബാനർജി

കോൺഗ്രസിന് വോട്ട് ചെയ്യുന്നതിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും രംഗത്തുവന്നു

MediaOne Logo
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഡിഎംകെ, കോൺഗ്രസ് രഹസ്യ ധാരണ; ബംഗാൾ ഉദ്യോഗസ്ഥരെ തമിഴ്നാട്ടിലേക്ക് മാറ്റുന്നതിൽ ഗൂഢാലോചനയെന്ന് മമത ബാനർജി
X

കൊൽക്കത്ത: ഡിഎംകെക്കും കോൺഗ്രസിനും എതിരെ ഗുരുതര ആരോപണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കോൺഗ്രസും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി രഹസ്യ ധാരണയിലാണെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ബംഗാളിലെ മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക് മാറ്റുന്നത് ഇതിന്റെ ഭാഗമാണെന്ന് മമത ആരോപിച്ചു.

ഉദ്യോഗസ്ഥരെ സ്വന്തം സംസ്ഥാനത്ത് നിലനിർത്തുന്നതിന് പകരം തമിഴ്നാട്ടിലേക്ക് അയക്കുന്നതിന് പിന്നിൽ ഡിഎംകെ - കോൺഗ്രസ് - തെരഞ്ഞെടുപ്പ് സഖ്യമാണെന്ന് മമത നദിയയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചു. ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ വോട്ടർമാരെ ഒഴിവാക്കാൻ ബിജെപി നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക പരിശോധന നടത്തുകയാണ്. ഇതിനെതിരെ ജനങ്ങൾ വോട്ടിലൂടെ പ്രതികാരം ചെയ്യണം. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കൊൽക്കത്തയെ ലക്ഷ്യം വെക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു. ബംഗാളിനെ ഭീഷണിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് അവർ കൂട്ടിച്ചേർത്തു.

കോൺഗ്രസിന് വോട്ട് ചെയ്യുന്നതിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും രംഗത്തുവന്നു. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കാനെന്ന് അഭിഷേക് ബാനർജി പറഞ്ഞു. മുർഷിദാബാദിലെ ജലംഗിയിൽ നടന്ന റാലിയിലാണ് വിമർശനം.ബംഗാളിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാനും അതുവഴി ബിജെപിയെ ശക്തിപ്പെടുത്താനും മാത്രമേ സഹായിക്കൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബി.ജെ.പി മൂന്ന് ഏജന്റുമാരെയാണ് ബംഗാളിൽ വിന്യസിച്ചിരിക്കുന്നതെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ തലവൻ ഗ്യാനേഷ് കുമാർ, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, ഐഎസ്എഫ് നേതാവ് ഹുമയൂൺ കബീർ എന്നിവരാണ് ബിജെപി ഏജന്റുമാർ എന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story