അസുഖബാധിതയായതില്‍ നിരാശ; ഭാര്യയെ അനസ്‌തേഷ്യ മരുന്ന് നല്‍കി കൊലപ്പെടുത്തിയ ഡോക്ടര്‍ പിടിയില്‍
ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്

Photo: Special Arrangement
ബംഗളൂരു: ചികിത്സയുടെ മറവില്‍ അമിത ഡോസില്‍ അനസ്‌തേഷ്യ മരുന്ന് നല്‍കി ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടര്‍ പിടിയില്‍. ഉഡുപ്പി മണിപ്പാല്‍ സ്വദേശിയും സര്‍ജനുമായ ഡോ. മഹേന്ദ്ര റെഡ്ഡിക്ക് (31)യാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ത്വക്ക് രോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡി (28) ആണ് കൊല്ലപ്പെട്ടത്.
കൃതികക്ക് ദീര്‍ഘകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും വിവാഹത്തിനു മുമ്പ് ഭാര്യവീട്ടുകാര്‍ ഇത് വെളിപ്പെടുത്താത്തതില്‍ മഹേന്ദ്ര അസ്വസ്ഥനായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഏപ്രില്‍ 23നാണ് കൃതികയെ സ്വന്തം വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഗ്യാസ്ട്രബിള്‍ സംബന്ധമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കൃതികക്ക് മഹേന്ദ്ര റെഡ്ഡി മരുന്നുകള്‍ നല്‍കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് മുന്‍പ് നല്‍കുന്ന അനസ്‌തേഷ്യ മരുന്ന് മഹേന്ദ്ര അമിത അളവില്‍ നല്‍കി. വിശ്രമം ആവശ്യമാണെന്നു പറഞ്ഞ് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്നു രാത്രി തന്നെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി മറ്റൊരു ഡോസ് കൂടി നല്‍കി. കുത്തിവെപ്പ് നല്‍കിയ സ്ഥലത്ത് വേദനയുണ്ടെന്ന് കൃതിക പറഞ്ഞെങ്കിലും മഹേന്ദ്ര ആശ്വസിപ്പിച്ചു. വീണ്ടും മരുന്നു നല്‍കി. പിറ്റേന്നു രാവിലെ കൃതികയെ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാര്യയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത് എന്ന് പ്രതി ആശുപത്രി അധികൃതരോടും പൊലീസിനോടും അപേക്ഷിച്ചതോടെയാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. ഭാര്യാപിതാവിനെക്കൊണ്ട് ഈ ആവശ്യം മഹേന്ദ്ര റെഡ്ഡി ഉന്നയിപ്പിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടവുമായി അധികൃതര്‍ മുന്നോട്ട് പോയതോടെയാണ് കൊലപാതകക്കുറ്റത്തിന് കാരണമായ തെളിവുകള്‍ ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഡോ. മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Adjust Story Font
16

