Quantcast

ആശുപത്രിയില്‍ തീപിടിത്തം: ഡോക്ടര്‍ക്കും രണ്ടു മക്കള്‍ക്കും ദാരുണാന്ത്യം

എല്ലാവരും ഉറങ്ങുന്ന സമയത്താണ് കെട്ടിടത്തില്‍ തീപടര്‍ന്നത്.

MediaOne Logo

Web Desk

  • Published:

    25 Sep 2022 7:53 AM GMT

ആശുപത്രിയില്‍ തീപിടിത്തം: ഡോക്ടര്‍ക്കും രണ്ടു മക്കള്‍ക്കും ദാരുണാന്ത്യം
X

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഡോക്ടറും രണ്ട് മക്കളും മരിച്ചു. ചിറ്റൂരിലെ കാര്‍ത്തികേയ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡോ.രവിശങ്കര്‍ റെഡ്ഡിക്കും രണ്ട് മക്കള്‍ക്കുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ഡോക്ടറുടെ ഭാര്യയെയും അമ്മയെയും രക്ഷിക്കാന്‍ കഴിഞ്ഞു.

ഡോക്ടറും 9 വയസുള്ള പെണ്‍‌കുട്ടിയും 14 വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. കാർത്തികേയ ആശുപത്രി കെട്ടിടത്തിലാണ് ഡോ.രവിശങ്കര്‍ റെഡ്ഡിയും കുടുംബവും താമസിച്ചിരുന്നത്. എല്ലാവരും ഉറങ്ങുന്ന സമയത്താണ് കെട്ടിടത്തില്‍ തീപടര്‍ന്നത്. ഡോ.റെഡ്ഡി രണ്ടാം നിലയിലായിരുന്നു. തീ ആളിപ്പടരുന്നതുകണ്ട് ഗോവണിയിറങ്ങുന്നതിനിടെ ശരീരത്തില്‍ തീ പടര്‍ന്നതാവാമെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വാതിൽ തകർത്താണ് കുട്ടികളെ പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റി. എന്നാല്‍ കാർബൺ മോണോക്‌സൈഡ് വാതകം അമിതമായി ശ്വാസകോശത്തില്‍ എത്തിയതിനാല്‍ ജീവൻ രക്ഷിക്കാനായില്ല. മുറിയില്‍ നിറയെ വീട്ടുപകരണങ്ങള്‍ ഉണ്ടായിരുന്നു. പുക പുറത്തുവരാൻ മതിയായ വാതിലുകളും ജനലുകളും ഇല്ലായിരുന്നു. അതിനാൽ തീപിടിച്ചപ്പോള്‍ ഗ്യാസ് ചേമ്പറിന് സമാനമായ അവസ്ഥയുണ്ടായെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡോക്ടറുടെ ഭാര്യ ഡോ.അനന്തലക്ഷ്മിയും അമ്മ രാമസുബമ്മയും അഗ്നിബാധയിൽ നിന്ന് രക്ഷപ്പെട്ടു. മൂന്ന് നിലയുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. 5 വർഷം പഴക്കമുണ്ട് കെട്ടിടത്തിന്. താഴത്തെ നിലയിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. മുകളിലത്തെ രണ്ടു നിലകളിലായാണ് ഡോക്ടറുടെ കുടുംബം താമസിച്ചിരുന്നത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

TAGS :

Next Story