രണ്ടാഴ്ചയോളം ചുമ; ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് പുറത്തെടുത്തത് എൽഇഡി ബൾബ്
ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം

അഹമ്മദാബാദ്: ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ എൽഇഡി ബൾബ് ഓപ്പറേഷനിലൂടെ പുറത്തെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. രണ്ടാഴ്ചത്തോളം ചുമ മാറാത്തത് കൊണ്ടാണ് മുഹമ്മദ് എന്ന് പേരുള്ള കുട്ടിയെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജുനഗഡിലെ ഒരു ശിശുരോഗ വിദഗ്ദ്ധനെയാണ് കുട്ടിയുടെ മാതാപിതാക്കൾ ആദ്യം സമീപിച്ചത്. അദ്ദേഹം തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശ്വാസനാളത്തില്‍ എല്‍ഇഡി ബള്‍ബ് കണ്ടെത്തിയത്. പിന്നീട് ബ്രോങ്കോസ്കോപ്പി നടത്തി കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് ബൾബ് നീക്കം ചെയ്തു.
കുട്ടി ആരോഗ്യവാനായിരിക്കുന്നു എന്നും ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. കുട്ടി കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. എൽഇഡി ബൾബ് വേർപെട്ട് അബദ്ധത്തിൽ ഇത് വിഴുങ്ങുകയായിരുന്നു. ഇത് ചുമയ്ക്കും അസ്വസ്ഥതകൾക്കും കാരണമാവുകയായിരുന്നു.
കുട്ടികളിൽ അസാധാരണമായ ലക്ഷണങ്ങൾ കാണിക്കുമ്പോൾ, പ്രത്യേകിച്ച് എന്തെങ്കിലും വിഴുങ്ങിയത് സംശയം തോന്നിയാല്‍ ഉടനടി വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Adjust Story Font
16

