ആശുപത്രി നിർമാണക്കേസ്; ആംആദ്മി നേതാവ് സൗരഭ് ഭരദ്വാജിന്റെ വസതിയിൽ ഇഡി റെയ്ഡ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് റെയ്‌ഡെന്ന് ആം ആദ്മി നേതാവ് മനീഷ് സിസോദിയ പറഞ്ഞു

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും എംഎൽഎയുമായ സൗരഭ് ഭരദ്വാജിന്റെ വസതിയിൽ ഇഡി റെയ്ഡ്. ഭരദ്വാജ് ആരോഗ്യമന്ത്രിയായിരിക്കെ ഡൽഹിയിൽ നടന്ന ആശുപത്രി നിർമ്മാണ അഴിമതിയുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ഡൽഹിയിലെ വസതി അടക്കമുള്ള 12 ഇടങ്ങളിൽ ഫെഡറൽ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കി.
നിലവിൽ ഗ്രേറ്റർ കൈലാഷ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭരദ്വാജ് ഡൽഹി സർക്കാരിൽ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഡൽഹി ജൽ ബോർഡിന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ആം ആദ്മി പാർട്ടിയുടെ ഡൽഹി യൂണിറ്റിന്റെ തലവനാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡൽഹി സർക്കാരിനു കീഴിലുള്ള വിവിധ ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും ഉണ്ടെന്ന് ഡൽഹി ബിജെപി ആരോപിച്ചതിനെ തുടർന്നാണ് ആന്റി കറപ്ഷൻ ബ്യൂറോ പരാതി നൽകിയത്. 'പദ്ധതി ബജറ്റുകളിൽ വ്യവസ്ഥാപിതമായ കൃത്രിമത്വം, പൊതു ഫണ്ട് ദുരുപയോഗം, സ്വകാര്യ കരാറുകാരുമായുള്ള ഒത്തുകളി' തുടങ്ങിയ ആരോപണങ്ങളാണ് എസിബിയുടെ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.
2018-19 കാലയളവിൽ 5,590 കോടി രൂപയുടെ 24 ആശുപത്രി പദ്ധതികൾക്ക് അനുമതി നൽകിയതായി ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ ഇതിൽ മിക്ക പദ്ധതികളും പൂർത്തിയായിട്ടില്ല. ചെലവിലുണ്ടായ ഗണ്യമായ വർധനവാണ് കാരണമായി പറയുന്നത്.
അതുപോലെ, 6,800 കിടക്കകളുള്ള ഏഴ് പ്രീ-എഞ്ചിനീയറിംഗ് സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന 1,125 കോടി രൂപയുടെ ഐസിയു ആശുപത്രി പദ്ധതി 50ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ആറ് മാസത്തെ പൂർത്തീകരണ സമയപരിധി നിശ്ചയിച്ചിരുന്ന പദ്ധതി ഏകദേശം മൂന്ന് വർഷം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. ഏകദേശം 800 കോടി രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ടെന്നും എസിബിയുടെ പരാതിയിൽ പറയുന്നു.
അന്വേഷണത്തിനിടെ ശേഖരിച്ച വിവരങ്ങളുടെയും, ഡൽഹി സർക്കാരിന്റെ (ജിഎൻസിടിഡി) ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികളിലെ വൻതോതിലുള്ള അഴിമതി, അന്യായമായ ചെലവ് വർധനവ്, അനധികൃത നിർമ്മാണങ്ങൾ, ഫണ്ട് ദുരുപയോഗം എന്നിവ സംബന്ധിച്ച എഫ്ഐആറിൽ അടങ്ങിയിരിക്കുന്ന ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ഭരദ്വാജിന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിനെതിരെ ആം ആദ്മി പാർട്ടി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് റെയ്‌ഡെന്നും തീർത്തും രാഷ്ട്രീയ പ്രേരിതമാണ് നടപടിയെന്നും ആം ആദ്മി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. അന്വേഷണ ഏജൻസി ആദ്യം കേസ് ഫയൽ ചെയ്യുമ്പോൾ ഭരദ്വാജ് ഡൽഹി സർക്കാരിൽ ഒരു മന്ത്രിയായി പോലും സേവനമനുഷ്ഠിച്ചിരുന്നില്ല എന്ന് സിസോദിയ ചൂണ്ടിക്കാട്ടി.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആം ആദ്മി നേതാക്കളെ തകർക്കാൻ കള്ളക്കേസുകൾ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി മുൻ ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിന്റെ കേസും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിസോദിയയുടെ ആരോപണങ്ങളെ പിന്തുണച്ച് ആം ആദ്മി നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷിയും രംഗത്ത് വന്നു. സത്യേന്ദർ ജെയിനിനെതിരെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്താതെയാണ് അദ്ദേഹത്തെ മൂന്ന് വർഷം ജയിലിലടച്ചതെന്ന് ആരോപിച്ചു. അന്വേഷണ ഏജൻസികൾ ഇപ്പോൾ കേസിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷമായി ആം ആദ്മി പാർട്ടി ഡൽഹിയെ കൊള്ളയടിച്ചുവെന്ന് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ ആരോപിച്ചു. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഭരണത്തിനു കീഴിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ബിജെപിയുടെ ദീർഘകാല ആരോപണങ്ങൾ സാധൂകരിക്കുന്നതാണ് ഇഡി റെയ്‌ഡെന്നും അദ്ദേഹം അവകാശപ്പെട്ടു.
Adjust Story Font
16

