എഎപി എംപി അശോക് മിത്തലിന്റെ വസതിയിലും എൽ.പി.യു കാമ്പസിലും ഇഡി റെയ്ഡ്; അന്വേഷണം ഫെമ ലംഘനത്തിൽ
രാഘവ് ചദ്ദയ്ക്ക് പകരം രാജ്യസഭയിലെ എഎപി ഡെപ്യൂട്ടി ലീഡറായി അശോക് കുമാർ മിത്തലിനെ നിയോഗിച്ച് ദിവസങ്ങൾക്കുള്ളിലാണ് നടപടി

ചണ്ഡീഗഡ്:പഞ്ചാബിലെ ഫഗ്‌വാരയിലുള്ള പ്രശസ്തമായ ലൗവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. സർവകലാശാല ഉടമയും ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയുമായ അശോക് കുമാർ മിത്തലിന്റെ വസതിയിലും സ്ഥാപനങ്ങളിലുമാണ് ഒരേസമയം പരിശോധന നടന്നത്. രാഘവ് ചദ്ദയ്ക്ക് പകരം രാജ്യസഭയിലെ എഎപി ഡെപ്യൂട്ടി ലീഡറായി അശോക് കുമാർ മിത്തലിനെ നിയോഗിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ നടപടി.
വിദേശ നാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ബുധനാഴ്ച രാവിലെ റെയ്ഡ് ആരംഭിച്ചത്. ഇഡിയുടെ ജലന്ധർ, ചണ്ഡീഗഡ് ടീമുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. സർവകലാശാല കാമ്പസിന് പുറമെ മിത്തലിന്റെ ഉടമസ്ഥതയിലുള്ള സ്വീറ്റ് ഷോപ്പുകൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഉദ്യോഗസ്ഥർ എത്തിയതായാണ് റിപ്പോർട്ട്.
രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തി. വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ തയാറെടുപ്പാണ് ഇതെന്നും ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്ന രീതിയാണ് പ്രധാനമന്ത്രി മോദി പിന്തുടരുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിമർശിച്ചു. പരിശോധനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇഡി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Adjust Story Font
16

