Quantcast

ടിഎംസി എംപി അഭിഷേക് ബാനർജിക്ക് നേരെ മുട്ടയും വടിയും എറിഞ്ഞ് പ്രതിഷേധക്കാർ; രക്ഷപ്പെടുത്തിയത് ഹെൽമറ്റ് ധരിപ്പിച്ച്

ആക്രമണം ബിജെപി സ്‌പോൺസർ ചെയ്തതാണെന്ന് അഭിഷേക് ബാനർജി ആരോപിച്ചു

MediaOne Logo
ടിഎംസി എംപി അഭിഷേക് ബാനർജിക്ക് നേരെ മുട്ടയും വടിയും എറിഞ്ഞ് പ്രതിഷേധക്കാർ; രക്ഷപ്പെടുത്തിയത് ഹെൽമറ്റ് ധരിപ്പിച്ച്
X

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്കെതിരെ ആക്രമണം. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിൽ ഇരകളായവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ശനിയാഴ്ച സോനാർപൂരിലെത്തിയപ്പോഴാണ് അഭിഷേക് ബാനർജി ആക്രമിക്കപ്പെട്ടത്. അഭിഷേക് ബാനർജിക്ക് നേരെ പ്രതിഷേധക്കാർ മുട്ടകളും കല്ലുകളും എറിയുകയും, ബിജെപി പ്രവർത്തകർ അദ്ദേഹത്തിന് നേരെ 'ചോർ ചോർ' (കള്ളൻ കള്ളൻ) എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി ആരോപണമുണ്ട്. അക്രമത്തെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഹെൽമറ്റ് ധരിപ്പിച്ചാണ് ടിഎംസി നേതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

അഭിഷേക് ബാനർജിയെ ബിജെപി പ്രവർത്തകർ ആക്രമിക്കുകയും മർദിക്കുകയും ചെയ്തതായി ടിഎംസി ആരോപിച്ചു. പ്രദേശത്ത് സംഘർഷം രൂക്ഷമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും വലയം തീർത്ത് സംരക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ബാനർജി, ഈ ആക്രമണം ബിജെപി സ്‌പോൺസർ ചെയ്തതാണെന്ന് ആരോപിച്ചു. ''ഇതെല്ലാം ബിജെപി ആസൂത്രണം ചെയ്തതാണ്. അവർ എന്താണ് ചെയ്തതെന്ന് നോക്കൂ. ഇതാണ് അവരുടെ ജനാധിപത്യം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം പോലും തികഞ്ഞിട്ടില്ല, എന്നാൽ ഇവിടെ ഒരിടത്തും പൊലീസിനെ കാണാനില്ല''- അദ്ദേഹം പറഞ്ഞു. അക്രമികൾ തങ്ങളെ കൊല്ലാനാണ് ലക്ഷ്യമിട്ടതെന്നും സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ബാനർജി അവകാശപ്പെട്ടു. ''അവർ എന്നെ കൊല്ലാൻ ആഗ്രഹിച്ചു. സംഭവം മുഴുവൻ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഞങ്ങൾ ഇത് തീർച്ചയായും ഹൈക്കോടതിയെയും ഗവർണറെയും അറിയിക്കും. ഞാൻ തീർച്ചയായും കോടതിയെ സമീപിക്കും''- അഭിഷേക് വ്യക്തമാക്കി.

തലനാരിഴക്കാണ് താൻ ഗുരുതരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് തന്റെ തല രക്ഷപ്പെട്ടത്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അവർ തന്റെ വസ്ത്രങ്ങൾ കീറുകയും കണ്ണട തകർക്കുകയും ചെയ്തു. സംഭവസ്ഥലത്ത് പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും ടിഎംസി എംപി ആരോപിച്ചു. തങ്ങളുടെ സന്ദർശനത്തെക്കുറിച്ച് അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നതായി അഭിഷേക് ബാനർജി പറഞ്ഞു. അക്രമം ഉണ്ടായപ്പോൾ തങ്ങൾ പൊലീസിനെ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തില്ലെന്ന് അഭിഷേക് ആരോപിച്ചു.

TAGS :

Next Story