ഗ്യാസ് സിലിണ്ടർ ബുക്കിങ് ചതിച്ചു!; ഭാര്യയെ കൊന്ന കേസില്‍ നാല് വർഷം ഒളിവിലായിരുന്ന മുൻ ആർമി ക്യാപ്റ്റൻ കുടുങ്ങിയത് ഇങ്ങനെ...
മുൻ സൈനിക ഉദ്യോഗസ്ഥനായതിനാൽ അതീവ ജാഗ്രതയോടെയാണ് ഇയാൾ ഒളിത്താവളങ്ങൾ മാറ്റിയിരുന്നതെന്ന് പൊലീസ് പറയുന്നു

- Published:
31 March 2026 1:08 PM IST

ചണ്ഡീഗഢ്: ചണ്ഡീഗഢിലെ പഞ്ചകുളയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുൻ ആർമി ക്യാപ്റ്റൻ സന്ദീപ് തോമര്‍ നാലു വര്‍ഷത്തിന് ശേഷം പിടിയില്‍. കഴിഞ്ഞ ശനിയാഴ്ച മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിൽ നിന്നാണ് ഇയാളെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്.ഒളവിലിരിക്കെ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്കിങ് ചെയ്തതിന് പിന്നാലെയാണ് ഇയാളെ പൊലീസ് വീണ്ടും പിടികൂടിയത്.
2013-ലാണ് ഭാര്യ ശ്വേത സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ തോമർ ശിക്ഷിക്കപ്പെട്ടത്. വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസത്തിന് ശേഷം പഞ്ചാബിലെ അബോഹർ കന്റോൺമെന്റിലാണ് സംഭവം. ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് അയാൾ അവകാശപ്പെട്ടെങ്കിലും, ഫോറൻസിക് അന്വേഷണത്തിലാണ് ശ്വാസം മുട്ടിയാണ് മരണമെന്ന് കണ്ടെത്തിയത്. 2014-ൽ പ്രാദേശിക കോടതി സന്ദീപ് തോമറിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും തുടർന്ന് സൈന്യത്തിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. അഞ്ച് വർഷം ഫിറോസ്പൂർ ജയിലിൽ കഴിഞ്ഞ ശേഷം, അപ്പീൽ പരിഗണനയിലിരിക്കെ 2019-ൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. 2022 സെപ്റ്റംബറിൽ ഹൈക്കോടതി ജീവപര്യന്തം തടവ് ശരിവച്ചതിന് പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
സൈനിക പശ്ചാത്തലമുള്ള വ്യക്തിയായതിനാൽ അതീവ ജാഗ്രതയോടെയാണ് ഇയാൾ ഒളിത്താവളങ്ങൾ മാറ്റിയിരുന്നത്. പൊലീസ് ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. പ്രതിയെ കണ്ടെത്താൻ പൊലീസ് ഇയാളുടെ പഴയ രേഖകളും ഫോൺ കോളുകളും നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു എൽ.പി.ജി കണക്ഷനിൽ നിന്ന് സിലിണ്ടർ റീഫിൽ ചെയ്യാൻ ബുക്കിംഗ് ഓർഡർ വന്നത് ശ്രദ്ധയിൽപ്പെട്ടത്.ബുക്കിംഗ് വിവരങ്ങൾ പിന്തുടർന്ന പൊലീസ്, സിലിണ്ടർ ഡെലിവറി ചെയ്യേണ്ട വിലാസം കണ്ടെത്തി.സിവിൽ വേഷത്തിൽ ഗ്യാസ് ഏജൻസി ജീവനക്കാരായി വേഷം മാറിയ പൊലീസ് സംഘം ആ വിലാസത്തിലെത്തി.
അവിടെ വെച്ച് സുനിൽ കുമാറിനെ തിരിച്ചറിയുകയും സാഹസികമായി പിടികൂടുകയുമായിരുന്നു. നാല് വർഷത്തോളം ഇയാൾ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സിറക്പൂരിൽ റിയൽ എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്തിരുന്ന ഇയാൾ പിന്നീട് ഒഡീഷയിലേക്കും പിന്നീട് ബംഗളൂരുവിലേക്കും മാറി. ഒടുവിൽ മധ്യപ്രദേശിലെ പാണ്ഡുർണയിലേക്കും മാറി. അവിടെ ഒരു ജ്യൂസ് ഫാക്ടറിയിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയില്‍ അയാള്‍ രണ്ടാമതും വിവാഹം കഴിച്ചിരുന്നു.
മുൻ സൈനിക ഉദ്യോഗസ്ഥനായതിനാൽ ഇയാൾക്ക് ഒളിവിൽ കഴിയാനുള്ള തന്ത്രങ്ങൾ അറിയാമായിരുന്നു. എന്നാൽ ചെറിയ അശ്രദ്ധ ഒടുവിൽ ഇയാളെ കുടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Adjust Story Font
16
