ബിഹാറിൽ നോമ്പുകാരിയായ യുവതിയെ മദ്യവും മൂത്രവും കുടിപ്പിച്ച് മർദിച്ചുകൊന്ന കേസ്; ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്
ഗുരുതരമായി പരിക്കേറ്റ റോഷൻ ഖാത്തൂനെയും ഭർത്താവിനെയും സ്റ്റേഷനിൽ കൊണ്ടുപോയ പൊലീസ് വിട്ടയക്കണമെങ്കിൽ 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ആറ് മണിക്കൂറോളം കഴിഞ്ഞ് 4,000 രൂപ നൽകിയ ശേഷമാണ് ഇവരെ വിട്ടയച്ചത്

- Published:
29 March 2026 2:54 PM IST

പട്‌ന: ബിഹാറിലെ മധുബനി ജില്ലയിൽ നോമ്പുകാരിയായ യുവതിയെ മർദിച്ചുകൊന്ന കേസിൽ പ്രതികളെ പിടികൂടാതെ പൊലീസ്. ഫെബ്രുവരി 25ന് ആണ് റോഷൻ ഖാത്തൂൻ എന്ന യുവതിയെ ഇരുപതോളം വരുന്ന ആൾക്കൂട്ടം മർദിച്ചത്. നോമ്പുകാരിയായ ഇവർ ഒരു പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് സംസാരിക്കാൻ ഗ്രാമത്തലവനെ കാണാൻ പോകുമ്പോഴായിരുന്നു ആളുകൾ സംഘം ചേർന്ന് മർദിച്ചത്.
ക്രൂരമർദനത്തെ തുടർന്ന് അവശയായി വെള്ളം ചോദിച്ചപ്പോൾ മദ്യവും മൂത്രവും ചേർത്ത് കുടിപ്പിക്കുകയായിരുന്നു എന്ന് റോഷൻ ഖാത്തൂന്റെ കുടുംബം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖാത്തൂൻ മാർച്ച് ഒന്നിനാണ് മരിച്ചത്. അതിന് ശേഷം പുറത്തുവന്ന കാര്യങ്ങളാണ് കൂടുതൽ ഞെട്ടലുണ്ടാക്കുന്നത്.
ഒരു വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം. എന്നാൽ ഇത് കൃത്യമായ ആസൂത്രണത്തോടെ നടന്ന ആക്രമണമാണെന്ന് ബന്ധുക്കൾ അന്ന് തന്നെ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് പിന്നീട് പൊലീസിന്റെയും മറ്റു അധികാരികളുടെയും പ്രതികരണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ റോഷൻ ഖാത്തൂന് അടിയന്തര മെഡിക്കൽ സഹായം ഉറപ്പാക്കുന്നതിന് പകരം ഇവരെയും ഭർത്താവിനെയും സ്റ്റേഷനിൽ കൊണ്ടുപോയ പൊലീസ് വിട്ടയക്കണമെങ്കിൽ 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ആറ് മണിക്കൂറോളം കഴിഞ്ഞ് 4,000 രൂപ നൽകിയ ശേഷമാണ് ഇവരെ വിട്ടയച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ 19 പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഒരു മാസം പിന്നിട്ടിട്ടും ഒരാളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബിജെപി-ജെഡിയു നേതാക്കളാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് റോഷൻ ഖാത്തൂന്റെ ബന്ധുക്കൾ ആരോപിച്ചു. ആഴ്ചകൾ കഴിഞ്ഞിട്ടും ഖാത്തൂന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഒരു സ്ത്രീ ക്രൂരമായ മർദനത്തിനിരയായി കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രാഥമിക നിയമനടപടികൾ പോലും ഉണ്ടായിട്ടില്ല എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
Adjust Story Font
16
