Quantcast

'ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ ജനവിധിയെ മാനിക്കണം'; കെ.സി വേണുഗോപാലിനെതിരെ ഖാർഗെയുടെ വസതിക്ക് മുൻപിൽ ഫ്ലക്സ്

ചോറ് കഴിക്കുന്ന മലയാളിയെന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 May 2026 3:36 PM IST

ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ ജനവിധിയെ മാനിക്കണം; കെ.സി വേണുഗോപാലിനെതിരെ ഖാർഗെയുടെ വസതിക്ക് മുൻപിൽ ഫ്ലക്സ്
X

ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമാകുന്നതിനിടെ കെ.സി വേണുഗോപാലിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുൻപിൽ ഫ്ലക്സ് ബോർഡ്. അൽപ്പമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെ. സി മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് പിന്‍മാറണമെന്നും നയിച്ചവൻ തന്നെ നയിക്കട്ടെയെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്ലക്സ്.

ചോറ് കഴിക്കുന്ന മലയാളിയെന്ന പേരിൽ കണ്ണൂർ സ്വദേശിയായ ശ്രീജയ് ആണ് ഫ്ലക്സ് സ്ഥാപിച്ചത്. താനൊരു കോൺഗ്രസ് അനുഭാവിയല്ലെന്നും ജനങ്ങൾ വോട്ട് ചെയ്തത് വി.ഡി സതീശന് വേണ്ടിയാണെന്നും ശ്രീജയ് പ്രതികരിച്ചു. എംഎൽഎമാർ കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നത് അടുത്ത തവണയും സീറ്റ് കിട്ടാൻ വേണ്ടിയാണെന്നും ശ്രീജയ് കൂട്ടിച്ചേർത്തു. അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്‍റെ ഭാഗമായുള്ള നിർണായക ചർച്ചകൾക്കായി വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ഹൈക്കമാൻഡ്.

അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ രേഖയുടെ ചിത്രം ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി ചർച്ചയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കെ.സി വേണുഗോപാലിനെ പിന്തുണക്കുന്നുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട രേഖകളിലുള്ളത്. ടി.സിദ്ദിഖ്, സന്ദീപ് വാര്യർ എന്നിവരുടെ പിന്തുണയും കെ.സിക്കാണെന്നാണ് വിവരം. സണ്ണി ജോസഫ് ഉൾപ്പെടെ കോൺഗ്രസിന്‍റെ 63 എംഎൽഎമാരിൽ 47 പേർ കൂടിക്കാഴ്ചയിൽ കെ.സി വേണുഗോപാലിന്‍റെ പേര് നിർദേശിച്ചതായും പാർട്ടി വൃത്തങ്ങളെ പ്രതിപാദിച്ച് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും ഹൈക്കമാൻഡ് തീരുമാനത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തതെന്നുമായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. എല്ലാവരെയും വിളിച്ച് സമന്വയത്തിൽ എത്തിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നും രാഹുൽ ഗാന്ധിയുമായും ഖാർഗെയുമായും നിരീക്ഷകർ സംസാരിക്കുമെന്നും സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു. എത്രയും വേഗം പ്രഖ്യാപനമുണ്ടാകുമെന്നും ആവശ്യമെങ്കിൽ ഡൽഹിയിലേക്ക് ക്ഷണിക്കുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് എത്രയും വേഗം ഡൽഹിയിലെത്തണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും ഹൈക്കാൻഡ് വിളിപ്പിച്ചിരിക്കുന്നത്.

TAGS :

Next Story