അസം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ ബോറ രാജി പിൻവലിച്ചു
പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയിയുമായുള്ള ചർച്ചക്ക് ശേഷമാണ് തീരുമാനം

- Updated:
2026-02-16 10:24:45.0

ദിസ്പൂർ: പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ച അസം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ ബോറ രാജി പിൻവലിച്ചു. പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയിയുമായുള്ള ചർച്ചക്ക് ശേഷമാണ് തീരുമാനം. ബോറ പരിചയസമ്പന്നനും മുതിർന്ന നേതാവുമാണെന്ന് റാക്കിബുൽ ഹുസൈൻ എംപി പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ബോറയോട് അഭ്യർഥിച്ചിട്ടുണ്ട്.
ഭൂപൻ ബോറ തിന്മയ്‌ക്കെതിരെ പോരാടുകയാണ് വ്യക്തിയാണെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മണിക്കൂറായി ഭൂപൻ കുമാർ ബോറയുമായി തങ്ങൾ ചർച്ചകൾ നടത്തി. അദ്ദേഹം ശക്തനായ കോൺഗ്രസ് നേതാവാണ്. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ, ഒരു സഹോദരൻ എന്ന നിലയിൽ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ഗൊഗോയ് പറഞ്ഞു. രാഹുൽ ഗാന്ധിയും ഭൂപൻ കുമാർ ബോറയുമായി സംസാരിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഭൂപൻ ബോറ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് രാജി സമർപ്പിച്ചത്. പാർട്ടി നേതൃത്വം തന്നെ അവഗണിക്കുന്നു എന്നതാണ് ബോറയുടെ പരാതി. എന്നാൽ എന്തുകൊണ്ടാണ് രാജി എന്നത് സംബന്ധിച്ച് കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഗൗരവ് ഗൊഗോയ് നയിച്ച മജുലിയിലെ കോൺഗ്രസ് റാലിയുമായി ബന്ധപ്പെട്ടാണ് ഭൂപൻ ബോറയുടെ പെട്ടെന്നുള്ള രാജിയെന്നാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബോറയുടെ രാജി കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. ഇത് മറികടക്കാനാണ് ഗൗരവ് ഗൊഗോയ് അടിയന്തര ചർച്ച നടത്തി രാജി പിൻവലിപ്പിച്ചത്. 2021- 2025 കാലയളവിലാണ് ബോറ അസം പിസിസി അധ്യക്ഷനായിരുന്നത്. രണ്ട് തവണ എംഎൽഎയും ആയിട്ടുണ്ട്.
Adjust Story Font
16
