Quantcast

വർധിക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ; ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊല്ലപ്പെട്ടത് നാല് മുസ്‌ലിംകൾ

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി നാല് പേരാണ് മുസ്‌ലിം വിരുദ്ധ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-03-09 11:42:42.0

Published:

9 March 2026 4:56 PM IST

വർധിക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ; ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊല്ലപ്പെട്ടത് നാല് മുസ്‌ലിംകൾ
X

ന്യൂഡൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം സമുദായത്തിന് നേരെ ആസൂത്രിതമായ അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചുവരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി നാല് പേരാണ് മുസ്‌ലിം വിരുദ്ധ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഈ സംഭവങ്ങൾ രാജ്യത്തെ ന്യൂനപക്ഷ വേട്ടയുടെയും വർധിച്ചുവരുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെയും തെളിവുകളാണ്.

ബിഹാറിലെ മധുബനിയിൽ റോഷൻ ഖാത്തൂൻ എന്ന മുസ്‌ലിം സ്ത്രീ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ടതാണ് ഇതിൽ ആദ്യത്തെ സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് ഒരു സംഘം ആളുകൾ 65കാരിയായ റോഷൻ ഖാത്തൂനെ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ദൃക്‌സാക്ഷി വിവരങ്ങൾ അനുസരിച്ച്, ആക്രമണം നടന്ന സമയത്ത് റോഷൻ ഖാത്തൂൺ റമദാൻ വ്രതം അനുഷ്ഠിക്കുകയായിരുന്നു. ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടപ്പോൾ മദ്യവും മൂത്രവും കലർത്തി കുടിക്കാൻ നിർബന്ധിച്ചതായും ആരോപണമുണ്ട്.

റോഷൻ ഖാത്തൂൻ

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ജന്മദിനാഘോഷത്തിനിടെ 13 വയസുകാരനായ മുസ്‌ലിം ബാലനെ വെടിവെച്ചു കൊന്നതാണ് മറ്റൊരു സംഭവം. പിറന്നാൾ ആഘോഷത്തിനായി ഉനൈസ് എന്ന് പേരുള്ള ബാലനെ സരോജിനി നഗറിലെ വസതിയിൽ നിന്ന് സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടുപോയതായും ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത ഒരാൾ തന്റെ പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്തതായും ലഖ്‌നൗ പോലീസ് കമ്മീഷണർ പറഞ്ഞു. മാരകമായി പരിക്കേറ്റ ഉനൈസ് മരണപ്പെട്ടു. മുൻകാല തർക്കത്തിന്റെ പേരിൽ സുഹൃത്തുക്കൾ മനപ്പൂർവം വെടിവെച്ചതാണെന്ന് ഉനൈസിന്റെ കുടുംബം ആരോപിച്ചു. നോമ്പുകാരനായ ഉനൈസിനെ സുഹൃത്തുക്കൾ നിർബന്ധിച്ചു കൂട്ടികൊണ്ടുപോയതാണെന്നും അവർ പറഞ്ഞു.

ഉനൈസ്

മറ്റൊരു സംഭവത്തിൽ, രാജസ്ഥാനിലെ ചിത്തോർഗഢ് ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. ഹരിയാന സ്വദേശിയായ ആമിർ ഖാൻ എന്ന യുവാവിനെ ഗോരക്ഷകർ എന്ന് അവകാശപ്പെടുന്ന സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. ഡൽഹിയിലെ ആസാദ്പൂർ മണ്ഡിയിലേക്ക് പഴങ്ങൾ കൊണ്ടുപോകാൻ പുലർച്ചെ 4 മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ആമിർ. ഒരു പതിറ്റാണ്ടോളമായി പിക്കപ്പ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന ആമിർ, കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം കൂടിയായിരുന്നു.

ആമിർ ഖാൻ

ബിഹാറിൽ മുസ്‌ലിം വിരുദ്ധ അധിക്ഷേപങ്ങളെ ചോദ്യം ചെയ്ത വൃദ്ധനെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്നതാണ് നാലാമത്തെ സംഭവം. 65കാരനായ അബ്ദുൽ സലാം എന്നയാളാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. തന്റെ വിശ്വാസത്തെയും സമുദായത്തെയും മോശമായി ചിത്രീകരിക്കുന്നത് തടയാൻ ശ്രമിച്ചതാണ് അദേഹത്തിന് ജീവൻ നഷ്ടമാകാൻ കാരണമായത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന ഈ കൊലപാതകങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആസൂത്രിത അക്രമങ്ങളാണെന്ന വിമർശനം മനുഷ്യാവകാശ സംഘടനകൾ ഉയർത്തുന്നു.

അബ്ദുൽ സലാം



TAGS :

Next Story