'ഒരുതവണ നിസ്കരിച്ചില്ലെന്ന് കരുതി ഒന്നും സംഭവിക്കുന്നില്ല, വെടിവെച്ചിട് എല്ലാത്തിനേം'; ജുമുഅ പ്രാർത്ഥന തടസപ്പെടുത്താൻ ശ്രമവുമായി ഹിന്ദുത്വ തീവ്ര സംഘടനകൾ; യുപിയിൽ സംഘർഷം
ഹിന്ദു രക്ഷാദൾ, രാഷ്ട്രീയ ഹനുമാൻ ദൾ എന്നീ സംഘടനകൾ അടക്കം നിരവധി തീവ്രവിഭാഗങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദു മഹാസഭാ ലീഡർ റിയ കിന്നർ പ്രകടനത്തിന് നേതൃത്വം നൽകുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ

- Updated:
2026-06-06 13:22:50

ലഖ്നൗ: ഉത്തർപ്രദേശിലെ ഘോഡാ മേഖലയിൽ വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർത്ഥനകൾ തടസപ്പെടുത്താൻ നീക്കവുമായി ഹിന്ദു രക്ഷാദൾ പ്രവർത്തകർ. ഒരു ദിവസം നമസ്കരിച്ചില്ലെന്ന് കരുതി ഒന്നും സംഭവിക്കുകയില്ലെന്നും എല്ലാവരെയും വെടിവെച്ചുകൊല്ലണമെന്നും ആക്രോശിച്ചുകൊണ്ട് ഹിന്ദു രക്ഷാദൾ പ്രവർത്തകരോടൊപ്പം മറ്റ് ഹിന്ദുത്വ ഗ്രൂപ്പുകളും പള്ളിക്ക് പുറത്ത് തടിച്ചുകൂടിയതോടെ പ്രദേശം ഏറെ നേരം സംഘർഷഭീതിയിലാവുകയായിരുന്നു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹമുണ്ടായിരുന്നിട്ട് പോലും അക്രമികൾ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
'എല്ലാത്തിനെയും വെടിവെച്ചിട്' എന്നതടക്കം പ്രകോപനപരമായ മുദ്രാവാക്യങ്ങളും ശബ്ദങ്ങളുമുയർത്തിയാണ് ഹിന്ദു രക്ഷാദൾ പ്രവർത്തകർ പ്രദേശത്ത് തടിച്ചുകൂടിയത്. സംഘർഷത്തിന്‍റേതായി പ്രചരിക്കുന്ന വിഡിയോ ഇതിനോടകം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
നിരവധി പൊലീസുകാർ പ്രദേശത്തുണ്ടായിട്ടും വിഷയത്തിൽ ഇടപെട്ടില്ലെന്നും ഇവരെ യാതൊരു വിധത്തിലും ഗൗനിക്കാതെ രക്ഷാദൾ പ്രവർത്തകർ അക്രമം തുടർന്നെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വീണ്ടും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഡിസിപി ധവാൽ ജയ്സ്വാളിന്‍റെ നേതൃത്വത്തിൽ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദു രക്ഷാദൾ, രാഷ്ട്രീയ ഹനുമാൻ ദൾ എന്നീ സംഘടനകൾ അടക്കം നിരവധി തീവ്രവിഭാഗങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദു മഹാസഭാ ലീഡർ റിയ കിന്നർ പ്രകടനത്തിന് നേതൃത്വം നൽകുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. അക്രമകാരണം ഇതുവരെയും വ്യക്തമല്ല.
'ഇന്നിവിടെ നമസ്കരിക്കാൻ ഞങ്ങൾ ഇവരെ അനുവദിക്കില്ല. ഒരു ദിവസം നമസ്കരിച്ചില്ലെന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല'. റിയ കിന്നർ പറഞ്ഞു. ഘോഡാ ഏരിയയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ഹിന്ദു രക്ഷാദൾ സംസ്ഥാന പ്രസിഡന്‍റ് ലളിത് ശർമ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. സാമുദായിക ഐക്യം തകർക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും ആക്രോശങ്ങളുമായി മുന്നിൽ നിന്ന് നയിക്കുന്നുണ്ടായിരുന്നു അവർ. മുസ്‌ലിംകളെ ജുമുഅ പ്രാർത്ഥനയിൽ നിന്ന് തടയണമെന്നും ഹിന്ദുത്വ സംഘടനകളുടെ ശക്തി അതുവഴി വർധിപ്പിക്കാമെന്നും ഇയാൾ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഉത്തരാഖണ്ഡിൽ താൻ ഇതുപോലെ പ്രാർത്ഥന തടസപ്പെടുത്തിയിട്ടുണ്ടെന്നും 'മുല്ല' എന്ന മുസ്‌ലിംകളുടെ പ്രയോഗം തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും അത് ഏതുവിധേനെയും നേരിടണമെന്നും ഇയാൾ ആജ്ഞാപിച്ചിരുന്നു. ഹിന്ദുത്വ തീവ്രസംഘടനാ നേതാവിന്‍റെ വിദ്വേഷ പരാമർശത്തിൽ വ്യത്യസ്ത മത-സാമുദായിക സംഘടനയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
അടുത്തിടെ ഈ പ്രദേശത്തുണ്ടായ സൂര്യ പ്രതാപ് ചൗഹാൻ എന്ന 17-കാരന്റെ കൊലപാതകത്തെത്തുടർന്നാണ് മേഖലയിൽ വർഗീയ സംഘർഷം പുകയുന്നത്. കൊലപാതകത്തിൽ പ്രതിയാക്കപ്പെട്ട അസദ് എന്ന വ്യക്തിയെ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു. തുടർന്ന് ഇയാളുടെ വീട് പൊളിക്കാനുള്ള നോട്ടീസും അധികൃതർ നൽകി. മൂന്ന് മദ്രസകൾക്കും അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.
Adjust Story Font
16
